പിങ്ക് പൊലീസ് 126

Monday 24 December 2018 12:03 PM IST
novel

കൽക്കിയുടെ പിന്നാലെ പുറത്തേക്കു നടക്കുന്നതിനിടയിൽ വിജയ തറയിൽ കിടന്നു ഞരങ്ങുന്ന ഗ്രിഗറിയെ പകയോടെ നോക്കി.
പിന്നെ ഷൂസണിഞ്ഞ കാൽകൊണ്ട് ഒറ്റത്തൊഴി.
അയാളുടെ വാരിയെല്ലുകൾക്ക് ഇടയിൽ...


''ആ...' അവ്യക്തമായ ഒരു വിലാപം ഗ്രിഗറിയുടെ വായിൽ നിന്നുയർന്നു.
വിജയ മറ്റ് മൂന്നുപേരെയും നോക്കി. കൽക്കി എന്തുകൊണ്ടാണ് അവരെ ആക്രമിച്ചത് എന്ന് അവൾക്കു മനസ്സിലായില്ല.
കൈകൊണ്ട് അടിച്ചാൽ ഇത്രയും പറ്റുമോ?


അവൾ മൂന്നു പേരുടെയും പോക്കറ്റുകൾ പരിശോധിച്ചു. തന്നിൽ നിന്നെടുത്ത പിസ്റ്റൾ കിട്ടി.
അത് പാന്റിന്റെ പോക്കറ്റിൽ തിരുകി.


കൽക്കി, നോബിൾ തോമസുമായി പുറത്തിറങ്ങിയിരുന്നു.
വിജയ ഓടി അയാൾക്ക് ഒപ്പമെത്തി.
''നിങ്ങളാരാ?'


''എന്തിനാ?' ഹെൽമറ്റിനുള്ളിൽ നിന്നു ശബ്ദം വന്നു. ''എന്നെ അറസ്റ്റുചെയ്യാനാണോ?'
''അയ്യോ. അല്ല....'


''എങ്കിൽ ചില കാര്യങ്ങൾ അറിയാതെ അങ്ങനെതന്നെ ഇരിക്കുന്നതാ നല്ലത്.'
അയാൾ പറഞ്ഞു.


വിജയയുടെ ആക്ടീവയ്ക്ക് അടുത്തുതന്നെ കൽക്കിയുടെ ബുള്ളറ്റ് ബൈക്ക് ഇരിപ്പുണ്ടായിരുന്നു.
മങ്ങിയ നാട്ടുവെളിച്ചത്തിൽ വിജയ അതിന്റെ നമ്പർ ശ്രദ്ധിച്ചു.


കൽക്കി അത് മനസ്സിലാക്കി:
''ഈ നമ്പർ ട്രെയിസു ചെയ്താലൊന്നും എന്നെ പിടിക്കാൻ പറ്റത്തില്ല കേട്ടോ... ഈ നമ്പർ നിങ്ങടെ ഡി.ജി.പിയുടെ മകന്റെ കാറിന്റെയാ.'
വിജയ ചമ്മിപ്പോയി.


കൽക്കി, നോബിളിനെ താഴെ നിർത്തി. ''നിനക്ക് ബൈക്കിന്റെ പിന്നിലിരുന്ന് എന്നെ പിടിച്ചോളാമോടാ?' അവനോടു തിരക്കി.
നോബിൾ മൂളി.


''അല്ലാ.. നിങ്ങൾ ഇവനെ കൊണ്ടുപോകുകയാണോ? എനിക്ക് ഇവനെ വേണം.'
വിജയ മുന്നോട്ടു നീങ്ങി.


''എന്തിന്? അങ്ങനെ വേണമായിരുന്നെങ്കിൽ നീ ഇവനെ രക്ഷിക്കണമായിരുന്നു. സ്വയം രക്ഷപ്പെടാൻ കഴിയാത്ത നിലയ്ക്ക് നിനക്ക് എന്തു ചെയ്യാനാവും. അല്ലേ?'
തന്റെ ആത്മാഭിമാനത്തിനു ക്ഷതം ഏറ്റതുപോലെ തോന്നി വിജയയ്ക്ക്.


കൽക്കി തുടർന്നു:
''ഒരുപാട് തല്ല് കിട്ടിയതല്ലേ?


എങ്ങനെയെങ്കിലും ഈ സ്‌കൂട്ടർ ഓടിച്ച് വീട് പറ്റാൻ നോക്ക്. എന്നിട്ട് കുഴമ്പു പുരട്ടി ചൂടുവെള്ളത്തിൽ ഒന്നു കുളിക്ക്.'
പറഞ്ഞിട്ട് കൽക്കി ബൈക്കിൽ കയറി. നോബിളിനെയും പിടിച്ചുകയറ്റി.


ബൈക്ക് സ്റ്റാർട്ടായി.
വിജയയ്ക്ക് തടയണമെന്നുണ്ടായിരുന്നു. പക്ഷേ കൽക്കിയോട് പിടിച്ചുനിൽക്കാൻ തനിക്കാവില്ലെന്ന ഉത്തമ ബോദ്ധ്യം അവൾക്കുണ്ടായിരുന്നു...
കാതുകളിൽ വെടിയൊച്ച നിറച്ച് ബുള്ളറ്റ് ബൈക്ക് പാഞ്ഞുപോയി.


വിജയ തന്റെ ആക്ടീവയിൽ കയറി.
നേരം പുലരുകയാണ്.


തിരുവനന്തപുരം മെഡിക്കൽ കോളേജിന് അടുത്തുള്ള ഒരു ലോഡ്ജിൽ ഉണ്ടായിരുന്നു സ്പാനർ മൂസയും സാദിഖും വിക്രമനും.
രാഹുലും സാവത്രിയും ഹോസ്പിറ്റലിൽത്തന്നെയാണ്.


രാജസേനന് ഒരു അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നു.
പൊടുന്നനെ സ്പാനർ മൂസയുടെ സെൽഫോൺ ശബ്ദിച്ചു. മൂസ ഞെട്ടിയുണർന്നു.


കണ്ണുകൾ തുറക്കാതെ തന്നെ തലയിണയ്ക്കരുകിൽ ഇരുന്ന ഫോൺ എടുത്ത് കാതോടു ചേർത്തു.
''പറഞ്ഞോ...'
''ഞാനാ....' അപ്പുറത്തുനിന്ന് പതറിയ ശബ്ദം കേട്ടു. ''ഗ്രിഗറി.'
''എന്താടാ?'


''നോബിളിനെ കൽക്കി രക്ഷപ്പെടുത്തി...'
''ങ്‌ഹേ?' നടുങ്ങിപ്പോയി മൂസ, അയാളുടെ ഉറക്കം മുറിഞ്ഞു.


മൂസ ചാടിയെഴുന്നേറ്റു.
''ആ പന്നിയെ കൊല്ലാമായിരുന്നില്ലേ നിനക്ക്? മറ്റുള്ളവന്മാർ അവിടെയില്ലായിരുന്നോടാ?'
അയാളുടെ അലർച്ച കേട്ട് സാദിഖും വികമനും ഞെട്ടിയുണർന്നു.


വിക്രമൻ മുറിയിലെ ലൈറ്റു തെളിച്ചു.
ചുരുങ്ങിയ വാക്കുകളിൽ ഗ്രിഗറി മൂസയോടു കാര്യം പറഞ്ഞു.


''ഓഹോ..' മൂസ ചീറി. ''ഒരു പെണ്ണിന്റെ ചൂരടിച്ചപ്പോൾ നീയൊക്കെ എല്ലാം മറന്നു.... വിലപിടിച്ച ഒരു നിധിയാണ് സൂക്ഷിക്കുന്നതെന്ന് എന്താടാ നീയൊന്നും ഓർക്കാത്തത്?'


ഗ്രിഗറിയുടെ മറുപടി കിട്ടിയില്ല.
മൂസ കൽപ്പിച്ചു.


''ഞാൻ തിരിച്ചെത്തും മുമ്പ് നോബിളിനെ തിരികെ കിട്ടിയിരിക്കണം. കൽക്കിയും വിജയയും മരിച്ചിരിക്കണം.' പറഞ്ഞിട്ട് അയാൾ കാൾ മുറിച്ചു. (തുടരും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE