പിങ്ക് പൊലീസ് 127

Wednesday 26 December 2018 11:38 AM IST
novel

ഫോൺ കിടക്കയിലേക്ക് ആഞ്ഞ് എറിഞ്ഞു സ്പാനർ മൂസ.
വിക്രമനും സാദിഖും സന്ദേഹത്തോടെ അയാളെ നോക്കി.
''എന്തുപറ്റി അണ്ണാ?'


''ഇനി എന്തു പറ്റാൻ?' മൂസയുടെ പല്ലുകൾ ഞെരിഞ്ഞു. ആ കഴുതേടെ മോൻ നോബിളിനെ വിട്ടുകളഞ്ഞു.'
വിക്രമനും സാദിഖും പരസ്പരം നോക്കി.
''ഇനി എന്തു ചെയ്യും?'


മൂസ എഴുന്നേറ്റു.
തലേന്നു രാത്രിയിൽ കഴിച്ചതിന്റെ ബാക്കിയിരുന്ന മദ്യം എടുത്ത് കുപ്പിയോടെ വായിലേക്കു കമിഴ്ത്തി.
രണ്ടു കവിൾ അകത്താക്കിയിട്ട് പുറം കൈകൊണ്ട് ചുണ്ടു തുടച്ചു.


''നോക്ക്.'
അയാൾ വിക്രമനോടും സാദിഖിനോടും പറഞ്ഞു:
''തൽക്കാലം ഇക്കാര്യം രാഹുൽ അറിയണ്ടാ. അവൻ ഇവിടെ നിന്ന് നാട്ടിൽ മടങ്ങിയെത്തും മുൻപ് നമ്മൾ നോബിളിനെ വീണ്ടും പൊക്കിയിരിക്കും.'
ഇരുവരും തലയാട്ടി.


ആ സമയത്ത് മെഡിക്കൽ കോളേജിലെ പേവാർഡിൽ ഉറങ്ങാതെ കിടക്കുകയായിരുന്നു രാഹുൽ.
തൊട്ടടുത്ത കിടക്കയിൽ അമ്മയും ഉറങ്ങിയിട്ടില്ലെന്ന് അവനറിയാം.
ഇടയ്ക്കിടെ ഉയരുന്ന ദീർഘനിശ്വാസങ്ങൾ അതിന്റെ തെളിവാണ്.
രാഹുൽ മനസ്സിൽ പല കണക്കുകളും കൂട്ടുകയും കിഴിക്കുകയും ചെയ്തു.


അച്ഛന് അടുത്ത കാലത്തൊന്നും ഹോസ്പിറ്റൽ വിടാൻ കഴിയുമെന്ന് തോന്നുന്നില്ല.
ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോൾ അച്ഛന്റെ ചീഫ് മിനിസ്റ്റർ പദവി.
അത് പാടില്ല.


പുതിയ തന്ത്രം മെനയണം.


കേരളത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്തത്... കസേരയിൽ ഇരിക്കാൻ കഴിഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി കസേര അച്ഛനുതന്നെ കിട്ടണം.
നേരം ശരിക്കു പുലരും മുൻപ് രാഹുൽ അതിനു വേണ്ട ചില തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു...


രാവിലെ അവൻ വെന്റിലേറ്ററിൽ കിടക്കുന്ന രാജസേനനെ കണ്ടു.


എഴുന്നേറ്റു നടക്കാൻ കഴിഞ്ഞില്ലെങ്കിലും രാജസേനനും രക്ഷപ്പെടും എന്ന കാര്യത്തിൽ ഡോക്ടർമാർ ഉറപ്പുനൽകി.
രാഹുലിന് അത് ആശ്വാസമായിരുന്നു...
പത്തുമണിക്ക് അവൻ ചീഫ് മിനിസ്റ്ററെ വിളിച്ചു

.
രണ്ടുമണിക്ക് ഓഫീസിൽ വച്ച് കാണാമെന്ന് വേലായുധൻ മാസ്റ്റർ ഉറപ്പുനൽകി.


വിഴിഞ്ഞത്ത് ലോഡ്ജിൽ മരിച്ച നിലയിൽ ജോൺ തോമസിനെ കണ്ടെത്തിയ കാര്യം അപ്പോഴേക്കും ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു.
രാഹുലിന്റെ ഉള്ളിൽ സംശയം ഉടലെടുത്തു.


ജോൺ തോമസ് തിരുവനന്തപുരത്ത് വന്നെങ്കിൽ അത് ചീഫ് മിനിസ്റ്ററെ കാണാനാണെന്ന് ഉറപ്പ്. ഇവിടെ വച്ചുതന്നെ അയാൾ മരിക്കണമെങ്കിൽ അതിനർത്ഥം സൂയിസൈഡ് അല്ലെന്നു തന്നെയാണ് പ്രഥമദൃഷ്ട്യാ അങ്ങനെ തോന്നിപ്പിക്കുന്ന മർഡർ ആയിക്കൂടേ?


അതാണു സത്യമെങ്കിൽ ഒരാൾക്കു നേരെയാണ് സംശയത്തിന്റെ വിരൽ ചൂണ്ടപ്പെടുന്നത്.
സി.എം. വേലായുധൻ മാസ്റ്റർ!


എന്തും ചെയ്യാനും ചെയ്യിക്കാനും കരളുറപ്പുള്ള ആളാണ് മാസ്റ്ററെന്ന് രാഹുലിന് അറിയാം...
ഒരു സിഗററ്റിനു തീ കൊളുത്തിക്കൊണ്ട് അവൻ മുറിയിലൂടെ അങ്ങിങ്ങ് നടന്നു.


സാവത്രി ഐ.സി.യുവിനു പുറത്തായിരുന്നു.
പൊടുന്നനെ നടത്തം നിർത്തി രാഹുൽ, പിന്നെ പെട്ടെന്ന് ഫോൺ എടുത്ത് അവൻ സ്പാനർ മൂസയെ വിളിച്ചു.
''മൂസാ... ഈ തലസ്ഥാനത്തുള്ള ക്വട്ടേഷൻ ടീമുകളെയൊക്കെ തനിക്ക് അറിയാമല്ലോ. അല്ലേ?'


''അറിയാം. എന്താ സാബ്?
എനിക്കറിയാത്ത ടീം ഉണ്ടെങ്കിൽ പോലും അറിയാൻ വേറെ മാർഗ്ഗമുണ്ട്.' മൂസ പറഞ്ഞു.


''എങ്കിൽ ഉടൻ അറിയണം. വെഞ്ഞാറമൂട്ടിൽ വച്ച് അച്ഛനു സംഭവിച്ചത് വെറും ആക്സിഡന്റാണോ അതോ ഒരു ക്വട്ടേഷൻ വർക്കാണോയെന്ന്.'
''എന്താ സാർ ഇപ്പഴിങ്ങനെ ഒരു സംശയം?'


മൂസയുടെ സ്വരത്തിൽ ജിജ്ഞാസ.
''അങ്ങനെ ഒരു തോന്നൽ. സത്യം അറിഞ്ഞില്ലെങ്കിൽ എന്നും ഒരു കരടായി അത് മനസ്സിൽ കിടക്കും.'


''ഞാൻ ഉടനെ അന്വേഷിക്കാം സാർ...'
കാൾ മുറിഞ്ഞു.


ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രാഹുലിന്റെ ഫോണിലേക്ക് സ്പാനർ മൂസയുടെ വിളി വന്നു.


''സാർ.. സാറിന്റെ സംശയം ശരിയാണ്. വട്ടപ്പാറക്കാരനായ ഒരാളുടേതാണ് ടിപ്പർ. മിനിഞ്ഞാന്ന് വൈകിട്ടാണ് ആ ലോറി അയാൾ വിറ്റത്. വാങ്ങിയത് തിരുവനന്തപുരത്തെ ഒരു ഒറ്റയാൾ പോരാളി. കൊടും ക്രിമിനൽ...'
''ആരാ അവൻ?' രാഹുലിന്റെ ഹൃദയതാളം മുറുകി. (തുടരും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE