പിങ്ക് പൊലീസ് 131

Monday 31 December 2018 11:27 AM IST
novel

രാഹുൽ മുറിവിട്ടിട്ടും അനങ്ങാതെ അങ്ങനെ തന്നെയിരുന്നു ചീഫ് മിനിസ്റ്റർ വേലായുധൻ മാസ്റ്റർ.
തനിക്കൊരു ജാരസന്തതിയുണ്ടെന്നും അവനുവേണ്ടിയാണ് താൻ കോഴഞ്ചേരി കോളേജിലെ വിദ്യാർത്ഥിയെ കൊല്ലിച്ചതുമെന്നുള്ള ആരോപണവും സമരവും വല്ല വിധേനയുമാണ് അവസാനിപ്പിച്ചത്.


അതും ചോദിച്ചതെല്ലാം വാരിക്കോരി പ്രതിപക്ഷത്തിന്റെ അണ്ണാക്കിലേക്ക് തള്ളിക്കൊടുത്തിട്ട്!
ആ നിലയ്ക്ക് ഈ സംഭവം കൂടി പുറത്തുവന്നാൽ...


ആ വീഡിയോ ക്ലിപ്പിംഗ് മീഡിയക്കാരുടെ കൈയിലെത്തിയാൽ അതോടെ തീർന്നു തന്റെ ഭാവിയും പ്രാമാണിത്തവും.
പെട്ടെന്ന് പി. എ. ശിവദാസൻ അകത്തേക്കു വന്നു. വീണ്ടും വീണ്ടും തിരിഞ്ഞു നോക്കിക്കൊണ്ടായിരുന്നു പ്രവേശനം.


''അവൻ ... ആ രാഹുലെന്താ മുറുകിയ മുഖത്തോടെ ഇറങ്ങിപ്പോയത്? ഞാൻ എന്തോ ചോദിച്ചിട്ടുപോലും മറുപടി പറഞ്ഞില്ല..'
സംശയത്തോടെ അയാൾ സി.എമ്മിനെ നോക്കി.


മാസ്റ്റർ മേശപ്പുറത്തേക്ക് ഇടം കൈ മുട്ടൂന്നി. മുഖം അതിലേക്കു ചാരി.


''ശിവദാസൻ ഇരിക്ക്. ഇന്നിനി വിസിറ്റേഴ്സിനെ കടത്തി വിടണ്ടെന്ന് സെക്യൂരിറ്റിയോട് പറഞ്ഞേക്ക്.'
ശിവദാസൻ അപ്രകാരം ചെയ്തിട്ട് ഇരുന്നു.


''ആകെ പ്രശ്നമാ ശിവദാസാ.' മാസ്റ്റർ പി.എയോട് കാര്യം ചുരുക്കിപ്പറഞ്ഞു.
നേരിയ വിളർച്ചയുണ്ടായി ശിവദാസനും.
''എന്നിട്ട് സാർ എന്തു തീരുമാനിച്ചു? അവന്റെ ഭീഷണിക്കു വഴങ്ങാനോ?'


സി.എമ്മിന്റെ ശബ്ദം പതറി:
''അല്ലെങ്കിൽ മിനിസ്റ്ററി താഴെപ്പോകും. ഞാനും താനുമൊക്കെ കുരുങ്ങും.'
ശിവദാസൻ ചിന്തിച്ചിരുന്നു. പിന്നെ തിരക്കി:


''രാഹുലിനെ കൈയോടെ പോലീസ് കസ്റ്റഡിയിൽ എടുത്താലോ? പിന്നീട് എന്തു വേണമെന്ന് നമുക്ക് തീരുമാനിക്കാം. ആക്കുളം കായലിൽ തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള ഒരു ശവം പൊങ്ങിയാൽ നമുക്ക് ഒന്നുമില്ല.


മാസ്റ്റർ 'പാടില്ല' എന്ന ഭാവത്തിൽ തലയാട്ടി.
''അവന്റെ കൈയിലിരിക്കുന്ന ആ ക്ലിപ്പിംഗ് അവന്റെ ആളുകളുടെ ഫോണിലേക്കു സെന്റ് ചെയ്തിട്ടുണ്ടാവും. അല്ലാതെ അവൻ മുഖ്യമന്ത്രിയുടെ മുന്നിൽ വന്ന് ഇങ്ങനെ സംസാരിക്കില്ല. അവന് എന്തെങ്കിലും പറ്റിയാൽ ആ സെക്കന്റിൽ നമ്മുടെ മാനം എയറിൽ പോകും.'


''ഛേ..' ശിവദാസന്റെ മുഷ്ടികൾ വല്ലാതെ മുറുകി.
ശേഷം പെട്ടെന്നു കിട്ടിയ ആശയം വ്യക്തമാക്കി:


''പഴവങ്ങാടി ചന്ദ്രനും നോബിൾ തോമസും അവന്റെ കസ്റ്റഡിയിൽ ഉള്ളതാണു പ്രശ്നം. നോബിളിന്റെ കാര്യം പോകട്ടെ എന്നു ചിന്തിച്ചാലും ചന്ദ്രൻ! അവൻ കൊല്ലപ്പെടണം. ആ കേസിൽ നമുക്ക് രാഹുലിനെ കുടുക്കാം. മരിച്ചുപോയവനെ മർദ്ദിച്ച് അവൻ നടത്തിയ നാടകമാണ് എല്ലാമെന്നു പറയാം..'
വേലായുധൻ മാസ്റ്ററുടെ മുഖത്ത് ഒരു തെളിച്ചമുണ്ടായി.


''പക്ഷേ ചന്ദ്രനെ കണ്ടെത്തെണ്ടേ നമ്മൾ?'
''അതു നമ്മൾ കണ്ടെത്തും. അതിന് രാഹുലിനോട് മയത്തിൽ കൂടുതൽ സമയം ആവശ്യപ്പെടണം. ഒരു രണ്ട് ദിവസം. അപ്പോൾ വ്യക്തമായ തീരുമാനം അറിയിക്കുമെന്ന് അവനെ ബോദ്ധ്യപ്പെടുത്തണം.'


ആ ആശയവും മാസ്റ്റർക്ക് ഇഷ്ടമായി.


''എങ്കിൽ ശിവദാസാ.. ഷാഡോ പോലീസിന് നിർദ്ദേശം നൽക്...


രാഹുലിന്റെ ഓരോ നീക്കവും വാച്ചു ചെയ്യാൻ അവന്റെ ഫോൺകാൾ ടാപ്പു ചെയ്യാനും സൈബർ വിങ്ങിനോടു പറ...'


സന്തോഷത്തോടെ ശിവദാസൻ എഴുന്നേറ്റു. ഒപ്പം കൂട്ടിച്ചേർത്തു:
''നമുക്ക് ഒന്നിനും കഴിഞ്ഞില്ലെങ്കിൽ മുൻ ആഭ്യന്തരമന്ത്രി രാജസേനൻ വെന്റിലേറ്ററിൽ നിന്ന് ജീവനോടെ പുറത്തുവരില്ല. ചത്തവനെ ചീഫ് മിനിസ്റ്റർ ആക്കേണ്ട കാര്യമില്ലല്ലോ..'


''മിടുക്കൻ! ശിവദാസാ. ഈ ബുദ്ധിക്ക് തനിക്ക് ഞാൻ തക്കതായ പ്രതിഫലം തരുന്നുണ്ട്.'


''ഒന്നും വേണ്ടായേ... എനിക്ക് സാറിന്റെ സ്‌നേഹം മാത്രം മതി.' ശിവദാസൻ ചിരിച്ചു. ഒപ്പം മാസ്റ്ററും.
ആ സമയം രാഹുൽ സ്പാനർ മൂസയ്ക്ക് അരികിലെത്തിയിരുന്നു.


വിക്രമനും സാദിഖും ചന്ദ്രനുമായി തമിഴ്നാടിനു പോയിരുന്നു.
ഇവിടെ നിന്നാൽ അപകടമാണെന്ന് രാഹുലിന് അറിയാമായിരുന്നു. (തുടരും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE