പിങ്ക് പൊലീസ് 136

Monday 07 January 2019 12:19 PM IST
novel

രാഹുലിന് അപ്പോഴും ആശങ്കയുണ്ടായിരുന്നു...
''മൂസ. നിങ്ങൾ തനിച്ച്...'


''തനിച്ചല്ലല്ലോ സാർ? എന്റെ കൂടെ വിക്രമനുമില്ലേ?'
വിക്രമൻ പേടിയോടെ മൂസയ്ക്കു നേരെ തിരിഞ്ഞു.


''അണ്ണാ എനിക്ക്...'
''നിനക്ക് വയ്യെന്ന് എനിക്കറിയാം. അവന്മാർ ഏഴോ എട്ടോ പേരെ ഉണ്ടെന്നല്ലേ നീ പറഞ്ഞത്? നീ ചുമ്മാ നിന്നാൽ മതിയെടാ. എന്നിട്ട് നോക്കിക്കോ നിന്റെ അണ്ണൻ ആരാണെന്ന്.'


പിന്നെ മൂസ രാഹുലിന്റെ നേർക്കു നോക്കി.
''സാറ് കൂടി വരുമോ. വണ്ടി സ്റ്റാർട്ടു ചെയ്ത് അതിൽത്തന്നെ ഇരുന്നാൽ മതി.'
രാഹുലിനു സമ്മതമായിരുന്നു.


അധികം സമയം കളയാതെ അവർ യാത്രയായി.
രാഹുൽ, സാവത്രിയുടെ അടുത്തുചെന്ന്, താൻ പുറത്തേക്കു പോകുകയാണെന്നും ഉടനെ മടങ്ങിയെത്തുമെന്നും അറിയിച്ചു.
തമ്പാനൂർ.


ഓവർബ്രിഡ്ജ് പിന്നിട്ട് അല്പം മുന്നോട്ടുനീങ്ങിയപ്പോൾ രാഹുൽ പാർക്കിംഗിന് അല്പം സ്ഥലം കിട്ടിയ ഭാഗത്ത് 'റെയ്ഞ്ച് ഓവർ' ഒതുക്കി.
''സാറ് ഇവിടെത്തന്നെ ഇരുന്നാൽ മതി. എന്റെ സിഗ്നൽ കിട്ടുമ്പോൾ പതുക്കെ മുന്നോട്ടു വരണം.'
പറഞ്ഞിട്ട് മൂസ ഇറങ്ങി.


പിന്നാലെ വിക്രമനും.
ഇരുവരും റോഡിന്റെ മറുഭാഗത്തെത്തി. ഫുട്പാത്തിലൂടെ കരുതലോടെ നീങ്ങി.


അല്പം കഴിഞ്ഞപ്പോൾ റെയിൽവേ മതിലിന്റെ സിമന്റ് ഗ്രില്ല് അടർന്നു പോയ ഒരു ഭാഗം കണ്ടു.
പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടാതെ ഇരുവരും അപ്പുറത്ത് മരങ്ങളുടെ നിഴലിലേക്കിറങ്ങി.


പ്ലാറ്റ്‌ഫോമിനു കുറച്ചകലെ നിന്നുകൊണ്ട് വിശാലമായ റെയിൽവേ സ്റ്റേഷന്റെ എല്ലാ ഭാഗത്തും ശ്രദ്ധിച്ചു.
ഇടയ്ക്കിടെ ലൈറ്റുകൾ തെളിഞ്ഞു നിന്നിരുന്നതിനാൽ അവ്യക്തമായി ആണെങ്കിലും എല്ലാം കാണാം.


അഞ്ചാറു ട്രാക്കുകൾക്ക് അപ്പുറത്തായി കുറച്ചകലെ ഏതാനും ഗുഡ്സ് ബോഗികൾ കിടക്കുന്നതു കണ്ടു...
''നമ്മുടെ കണക്കുകൂട്ടൽ ശരിയാണെങ്കിൽ അതിൽ ഏതെങ്കിലും ഒന്നിൽ കാണും സാദിഖ്.'


മൂസ പറഞ്ഞു.
വിക്രമനു നെഞ്ചിടിപ്പ് ഏറിത്തുടങ്ങി.
''വാടാ.'


മൂസ അയാളെയും വിളിച്ചുകൊണ്ട് പാളങ്ങൾ മുറിച്ചുകടന്നു. അധികം വെളിച്ചമില്ലാത്ത ഭാഗത്തു കൂടി.
പിന്നെ കോച്ചുകൾ കിടന്നിരുന്ന ട്രാക്കിലെത്തി.
''ഇനി സൂക്ഷിക്കണം.'


മൂസ, വിക്രമന്റെ കാതിൽ മന്ത്രിച്ചു.
അവർ മെല്ലെ കോച്ചുകളോട് അടുത്തു.


പൊടുന്നനെ മൂസ പാളങ്ങൾക്കു നടുവിലേക്ക് ഇരുന്നു...
പിന്നെ ഇരുന്നു നീങ്ങിയായിരുന്നു സഞ്ചാരം.
അവർ ആദ്യത്തെ കോച്ചിന് അടുത്തെത്തി.


അതിന്റെ ഉരുക്കു ചക്രങ്ങൾക്ക് ഇടയിലൂടെ മുന്നോട്ട്...
''അകത്തു നിന്ന് എന്തെങ്കിലും ശബ്ദം കേൾക്കുന്നുണ്ടോയെന്ന് ശ്രദ്ധിച്ചോണം.'


മൂസ, സ്വരം താഴ്ത്തി.
ആദ്യത്തേയും രണ്ടാമത്തെയും കോച്ചിനുള്ളിൽ നിന്ന് ഒരു ചലനം പോലും കേട്ടില്ല.
എന്നാൽ മൂന്നാമത്തേതിനുള്ളിൽ ആളനക്കം..


മൂസ, വിക്രമന്റെ തോളിൽ കൈവച്ചു.
ഇരുവരും കോച്ചിനടിയിൽ ശ്വാസം പോലും നിയന്ത്രിച്ചിരുന്ന് കാത് കൂർപ്പിച്ചു.


തുറന്നു കിടന്നിരുന്ന വാതിൽ വഴി നേരിയ തോതിൽ സംഭാഷണം കേട്ടു:
''അവന്മാർ വരും. നിന്റെ മുന്നിൽ വച്ചുതന്നെ അവന്മാരെ ഞാൻ കൊല്ലും സാദിഖേ.. എന്നിട്ടേ നിന്നെ തീർക്കൂ...'
മൂസയുടെ രക്തധമനികളിലൂടെ രക്തം തിളച്ചുപാഞ്ഞു.


''നീ ഇവിടിരിക്ക്.'
വിക്രമിനോടു പറഞ്ഞിട്ട് മൂസ അല്പം അകലേക്കു മാറി കുത്തിയിരുന്നുകൊണ്ട് സാദിഖിന്റെ ഫോണിലേക്കു കാൾ അയച്ചു.
പെട്ടെന്നുതന്നെ പഴവങ്ങാടി ചന്ദ്രൻ അതെടുത്തു.


''മിടുക്കൻ . ഇത്രയും വേഗത്തിൽ നീ എത്തി. അല്ലേ?'
''എത്തി.' മൂസ സ്വയം നിയന്ത്രിച്ചു.


''ബസ് സ്റ്റാന്റിലാണോ?'
''ഉം.'
''എങ്കിൽ ഇൻഡ്യൻ കോഫി ഹൗസിന്റെ അടുത്തേക്ക് മാറി നിക്ക്. എന്റെ ആളുകൾ വരും. ഒരാളുടെ കയ്യിൽ പച്ച കർച്ചീഫ് കെട്ടിയിട്ടുണ്ടാവും. അവർക്കൊപ്പം പോരുക...'


കാൾ മുറിഞ്ഞു.
മൂസ വീണ്ടും കോച്ചിന് അടിയിലെത്തി. (തുടരും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE