വിധിയെന്ന രണ്ടക്ഷരം ജീവിതമെന്ന മൂന്നക്ഷരത്തെ കാട്ടി വിരട്ടിയപ്പോൾ വിജയിച്ചവൾ ഈ വിജയമ്മ 

Sunday 10 February 2019 4:43 PM IST
food-story

നാട്ടിൻപുറം നൻമകളാൽ സമൃദ്ധമെന്ന് കവിപാടിയെങ്കിലും നാട്ടിൻപുറത്ത് നാവിന് രുചിയുള്ള ആഹാരവും കിട്ടുമെന്ന് ചില ഹോട്ടലുകൾ തെളിയിക്കും. കുടിക്കാൻ മിനറൽ വാട്ടറോ, സൊറപറഞ്ഞിരുന്ന് കഴിക്കാൻ പറ്റിയ ആംബിയൻസൊന്നും നൽകാനായില്ലെങ്കിലും മനസിനും ശരീരത്തിനും സന്തോഷം പകരുന്ന രുചി പോക്കറ്റ് കാലിയാക്കാതെ നൽകുന്നതാണ് ഇത്തരം താവളങ്ങൾ. ഇവിടെ ആഹാരം പണം സമ്പാദിക്കുവാനുള്ള ബിസിനസായി കാണാതെ നിത്യചെലവിനുള്ള വഴിയായി കാണുന്ന വീട്ടമ്മമാരുടെ ഇടം കൂടിയാണ്. ജീവിതം ഏൽപ്പിച്ച ആഘാത്തതിന് മുന്നിൽ പകച്ച് നിൽക്കാതെ തിരുവനന്തപുരത്തെ പുളിയറക്കോണമെന്ന സ്ഥലത്ത് ഒരു ചെറിയ ഹോട്ടലിൽ രുചിവിളമ്പുന്ന വിജയമ്മയുടെ രുചിക്കൂട്ടുകളെകുറിച്ച് വിഷ്ണു എ.എസ്. ഫേസ്ബുക്കിലെഴുതിയ എഴുതിയ റിവ്യൂ മനസ് നിറഞ്ഞ് നമു്ക്ക് വായിക്കാം


വിജയമ്മയുടെ 'കിട്ടുണ്ണി സർക്കസ്'

കിട്ടുണ്ണി സർക്കസ് അതൊരു വടക്കൻ പ്രയോഗമാണ്. ചില സിനിമയിലും മറ്റും നമ്മൾ കണ്ടിട്ടില്ലേ ചില നാടോടികൾ ഒറ്റയ്ക്ക് ഒരിടത്തു തമ്പടിച്ചു താമസിക്കും , ഒറ്റയ്ക്ക് ഞാൺ കെട്ടും,ഒറ്റയ്ക്ക് തെരുകൂത്തുകൾ നടത്തും ഒടുവിൽ ഒറ്റയ്ക്ക് കാണികളിൽ നിന്നും നാണയത്തുട്ടുകൾ കൈപ്പറ്റും. അങ്ങനെ തുടക്കം മുതൽ ഒടുക്കം വരെ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നതിനെ വിശേഷിപ്പിക്കുന്നതാണ് 'കിട്ടുണ്ണി സർക്കസെന്ന' പദം...
അതുപോലൊരു സർക്കസ്സുകാരിയാണ് 'പുളിയറക്കോണം ഹോട്ടൽ വിജയയിലെ വിജയമ്മ.'

വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്നും പുളിയറക്കോണത്തോട്ടുള്ള വഴി ഉദ്ദേശം അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഇടതു വശത്തായി ഒരു സെന്റ്. ജോസഫ് ദൈവാലയം കാണാം. അതിന്റെ തൊട്ടടുത്താണ് ഹോട്ടൽ വിജയ എന്ന സംരംഭം.

പെട്ടെന്ന് കണ്ടാൽ ഒരു സ്റ്റേഷനറി കടപോലെ തോന്നും. വളരെ ചെറിയൊരു സെറ്റപ്പാണ്. കഷ്ടിച്ചു ഒരു പന്ത്രണ്ട് പേർക്ക് ഒരേ സമയം ഇരുന്നു കഴിക്കാം.

നല്ല നാടൻ ഊണാണ് ഇവിടുത്തെ ഹൈലൈറ്.
പതിവുപോലെ കേട്ടറിഞ്ഞതും ഞാനും ഹോട്ടൽ വിജയയിലെത്തി ഒരൂണ് പറഞ്ഞു.

വാഴയിലയില്ല !! പകരം സ്റ്റീൽ പ്ലേറ്റാണ്.

അതിലേക്ക് നല്ല തുമ്പപ്പൂ പോലത്തെ ജയ അരിച്ചോറും വീട്ടിലുണ്ടാക്കിയ മാങ്ങാ അച്ചാറും വാഴക്കൂമ്പ് തോരനും സലാഡും നല്ല കിണ്ണൻ അവിയലും.കൂടെ കൊഴിയാള പൊരിച്ചതും. ഒഴിക്കാനായി പരിപ്പും സാമ്പാറും രസവും പിന്നെ വീട്ടിൽ ഉറയൊഴിച്ചുണ്ടാക്കിയ നല്ല കട്ടതൈരും. ഭംഗിക്ക് പപ്പടവും.
സാധാരണ കപ്പകൂടി ഉള്ളതാണ്, ഞാൻ ചെന്നപ്പോഴേക്കും കപ്പ കഴിഞ്ഞിരുന്നു.
ചിക്കൻ വിഭവങ്ങൾ ഉണ്ടെന്നറിഞ്ഞു ഒരു ഹാഫ് ചിക്കൻ കറി കൂടെ പറഞ്ഞു.

എല്ലാം ഒന്നിനൊന്നു മെച്ചം. അക്ഷരം തെറ്റാതെ ഉറപ്പിച്ചു പറയാം ഇതൊക്കെയാണ് ഹോംലി ആഹാരമെന്ന്.

വാഴക്കൂമ്പ് തോരൻ ഒരു രക്ഷയില്ല. സാധാരണ തൊടുകറികൾ ഞാൻ രണ്ടാമത് വാങ്ങാറില്ല. പക്ഷേ ഇതൊരു രക്ഷയില്ല. കിടുക്കാച്ചി.
അവിയൽ പിന്നേം കിടുക്കാച്ചി.

പരിപ്പ് കറിയെന്നൊക്കെ പറഞ്ഞാൽ ചിലയിടത്തെ പോലെ നെയ്യാറ്റിൻകര ഒഴിച്ചാൽ കാസർഗോഡ് ഒഴുകിയെത്തുന്ന 'ഒളപ്പാസ്' കറിയല്ല. നല്ല കിടുക്കൻ പരിപ്പ് കറി. സാമ്പാറും സൂപ്പർ.

ചോറ് പകുത്ത്, പപ്പടം പൊട്ടിച്ചു, പരിപ്പൊഴിച്ചു വെരവി ആ സ്വയമ്പൻ മീൻ കഷ്ണം ഉള്ളിൽ വച്ചൊന്നു കഴിക്കണം, വീട്ടിലെ ഭക്ഷണം കഴിക്കും പോലെ തന്നെ. അത്രയ്ക്ക് ഹോംലി രുചി. കഴിച്ചുകഴിഞ്ഞപ്പോൾ ഒരു ബൂസ്റ്റിന്റെ കുപ്പിയിൽ അമ്മച്ചി വരുന്നു മോരുമായി. അൻപതു രൂപാ ഊണിന് ഇത്രയും കറികൾ. ബലേ ഭേഷ്...

വിജയമ്മയുടെ ഈ സ്ഥാപനത്തിൽ എനിക്കേറെ ഇഷ്ടപ്പെട്ടത് ഇവിടുത്തെ ചൂട് വെള്ളമാണ്. അടുപ്പിൽ തിളപ്പിച്ചതിന്റെ പുകച്ചുവയുള്ള വെള്ളം. വായിക്കുന്ന ചിലർക്ക് പുച്ഛിച്ചു തള്ളാം. പക്ഷേ റിഫൈൻഡ് വാട്ടറും ബിസ്‌ലേറിയും അക്വാഫിനയും തീൻ മേശയിൽ ഇടംപിടിപ്പോൾ പഴയ അമ്മമാർ കൊതുമ്പും ചൂട്ടും ഓലയ്ക്കാലും കൊണ്ട് തിളപ്പിച്ചിരുന്ന ആ പുകച്ചുവ ഒരുപക്ഷേ നിങ്ങൾക്ക് അന്യമായിരിക്കാം, പക്ഷേ ചില രുചികളും അരുചികളും ഒരു തിരിച്ചുപോക്കാണ്.

ചിക്കൻ കറി ശരാശരിയിൽ ഒതുങ്ങി നിന്നു. എണ്ണ കൂടുതൽ പോലെ തോന്നി.

ദിവസേന ഇരുപത് മുപ്പത് ഊണുകൾ മാത്രേ വിജയമ്മ ഉണ്ടാക്കാറുള്ളൂ. ഇപ്പോൾ അത്രയ്‌ക്കൊക്കെ ആൾക്കാരുള്ളൂ. നേരത്തേ വിളിച്ചു പറഞ്ഞാൽ നേരത്തേ ഊണ് പൊതി റെഡിയാക്കി തരും.

ഊണും കറികളുമെല്ലാം പുറത്തെ വിറകടുപ്പിലാണ് തയ്യാറാക്കുന്നത്. പെട്ടെന്നുള്ള തട്ടി കൂട്ടലുകൾക്കും മീൻ പൊരിക്കാനും ഉള്ളിലെ ഗ്യാസ് അടുപ്പും ഉപയോഗിക്കാറുണ്ട്.

വിലവിവരം...

ഊണ് + മീൻ: 70 രൂപ
ചിക്കൻ കറി(ഹാഫ്): 60 രൂപ

ജീവിതത്തിലും കിട്ടുണ്ണി സർക്കസ് കളിച്ചയാളാണ് വിജയമ്മ.
വിധിയെന്ന രണ്ടക്ഷരം ജീവിതമെന്ന മൂന്നക്ഷരത്തെ കാട്ടിക്കൊടുത്ത് വെല്ലുവിളിപ്പോൾ ഒറ്റമകളെയും ഒക്കെത്തെടുത്തു കൊണ്ട് തന്റെ പേരിനെ അന്വർഥമാക്കിയ സ്ത്രീ. പുളിയറക്കോണം ജംഗ്ഷനിൽ പച്ചക്കറി കച്ചവടം നടത്തിയും ചെറിയ രീതിയിൽ തട്ടുകട പോലെ നടത്തിയും മകളെ പഠിപ്പിച്ചു. ഇന്ന് ആ മകൾ ബി.എ നല്ല മാർക്കോടെ പാസ്സായി നിൽക്കുന്നു. അതും വിജയമ്മയുടെ കിരീടത്തിൽ പൊൻതൂവൽ.

പ്രായം ഇത്രയൊക്കെയായില്ലേ ഇനി ഈ ഓട്ടമൊക്കെ കുറച്ചൂടെയെന്ന എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ.. 'ആരുടെ മുൻപിലും തലകുനിക്കാൻ വയ്യ,ശീലിച്ചിട്ടുമില്ല. പോകുന്ന വരെ പോകട്ടെ പിന്നീട് നോക്കാം'.

ജീവിതത്തിൽ വിജയഭേരി മുഴക്കി നിൽക്കുന്ന വിജയമ്മേ നിങ്ങളെപ്പോലുള്ളവരെയാണ് ആ പേര് വിളിക്കേണ്ടത് #അൽഫെമിനിച്ചി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LOCAL
YOU MAY LIKE IN LOCAL