ആർത്തവം മൂലം പെൺകുട്ടികൾ പഠനം നിറുത്തുന്ന ഗ്രാമവും പാഡ് മെഷീനും,​ ഓസ്കാർ‌ നേടിയ ചിത്രം പിറന്നത് ഇങ്ങനെ

Monday 25 February 2019 11:42 PM IST
oscar-

മികച്ച ഹ്രസ്വചിത്രത്തിനുള്ള ഓസ്കാർ നേടിയ 'പീരീഡ് എൻഡ് ഓഫ് സെന്റൻസ്' പറഞ്ഞത് ഒരു ഇന്ത്യൻ ഗ്രാമത്തിലെ സ്ത്രീകളുടെ ദുരിതങ്ങളുടെയും ആർത്തവ ശുചിത്വത്തിന് വേണ്ടി അവർ നടത്തുന്ന പോരാട്ടത്തിന്റെയും കഥ. ഇറാനിയൻ സംവിധായികയായ റയ്ക സെഹ്റ്റച്ബച്ചയുടെ ഡോക്യുമെന്ററിക്ക് കരുത്തായി ഒപ്പം നിന്നതും ഒരുകൂട്ടം വനിതകൾ തന്നെയാണ്.

അനൗദ്യോഗിക കണക്ക് അനുസരിച്ച് 23 ശതമാനം പെൺകുട്ടികൾ ആർത്തവം കാരണം സ്‌കൂൾ പഠനം അവസാനിപ്പിക്കുന്ന യു.പിയിലെ ഹാപുർ എന്ന ഗ്രാമത്തിൽ ഒരു കൂട്ടം സ്ത്രീകൾ സാമ്പത്തിക സ്വാശ്രയത്വവും ശുചിത്വവും ലക്ഷ്യമിട്ട് ചെലവ് കുറഞ്ഞ ഒരു സാനിറ്ററി പാഡ് നിർമിക്കുന്ന യന്ത്രം ഉണ്ടാക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. സാനിറ്ററി പാഡുകളെ കുറിച്ച് ചോദിക്കുമ്പോൾ നാണിച്ചു തല കുമ്പിടുന്ന രണ്ട് പെൺകുട്ടികളിലാണ് ഇരുപത്തിയാറ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രം ആരംഭിക്കുന്നത്. അത് എന്താണെന്ന് അറിയാം. പക്ഷേ, പറയാൻ നാണമാണെന്ന് ഗ്രാമത്തിലെ മറ്റൊരു സ്ത്രീ. അവർ ആർത്തവം സമ്മാനിക്കുന്ന വേദനയും ആർത്തവത്തെക്കുറിചുള്ള അജ്ഞതയമെല്ലാം മറയില്ലാതെ തന്നെ പങ്കുവയ്ക്കുന്നു.

ലൊസാഞ്ചലസിൽ ഓക്‌വുഡ് സ്കൂളിലെ ഒരുകൂട്ടം വിദ്യാർത്ഥികളും അദ്ധ്യാപിക മെലീസ ബെർട്ടനും ചേർന്നു രൂപം കൊടുത്ത സംഘടനയായ ദ് പാഡ് പ്രോജക്റ്റാണ് ഡോക്യുമെന്ററിക്കു പിന്നിൽ. പീരിയഡിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗൂനീത് മോംഗ.

മെലിസയുടെ നേതൃത്വത്തിൽ ഓക്‌വുഡ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിലാണ് കത്തികേരയിൽ ഒരു പാഡ് നിർമാണ യന്ത്രം സ്ഥാപിക്കുന്നത്. ഇനിമേൽ ഒരു പെൺകുട്ടി പോലും ആർത്തവം കാരണം പഠനം നിര്‍ത്തരുത് എന്നതായിരുന്നു ഈ സംരംഭം വഴി ലക്ഷ്യമിട്ടതെന്ന് മെലിസ പറയുന്നു. ജനങ്ങളില്‍ നിന്ന് നടന്ന് പിരിവെടുത്താണ് മെലിസയും കുട്ടികളും യന്ത്രത്തിനുവേണ്ട പണം സ്വരൂപിച്ചത്. അടുത്ത ലക്ഷ്യം ആർത്തവം ശാപവും പാപവും വൃത്തിഹീനവുമാണെന്ന് തലമുറകളായി ധരിച്ചുവച്ച സ്ത്രീകളെ ബോധവത്കരിക്കുകയായിരുന്നു. ആർത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളെല്ലാം തിരുത്തപ്പെട്ടതോടെ അതൊരു നിശബ്ദ വിപ്ലവമായി.

ഗ്രാമത്തിൽ തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് പാഡ് നിർമിക്കുന്നതും. കുറഞ്ഞ ചെലവിൽ നിർമിക്കപ്പെടുന്ന പാഡുകൾ നൂറുകണക്കിനു സ്ത്രീകൾക്ക് ആശ്രയവുമാകുന്നു. ഈ പാഡ് നിർമാണം വഴി മാത്രം രണ്ടായിരം രൂപ വരെ ഉണ്ടാക്കുന്ന സ്ത്രീകളുണ്ട്. തുടക്കകാലത്ത് പലരും നാണക്കേട് കൊണ്ട് തങ്ങൾ പാഡുകൾ ഉണ്ടാക്കുന്ന കാര്യം വീട്ടിൽ പോലും പറഞ്ഞിരുന്നില്ല. എന്നാല്‍, പിന്നീട് ഇതു മാത്രമായി പലരുടെയും ജീവിതവൃത്തി. കോളേജ് അദ്ധ്യാപികയാവാൻ പഠിക്കുന്ന രാഖിയും ഡോക്ടറാവാൻ ലക്ഷ്യമിടുന്ന ആർഷിയുമെല്ലാം ഇന്ന് തങ്ങളുടെ പഠനത്തിന് പണം കണ്ടെത്തുന്നത് ഈ പാഡ് നിർമാണം വഴിയാണ് പാഡ്‍മാൻ കഥാപാത്രമാക്കിയ അരുണാചലം മുരുഗാനന്ദന്റെ യഥാർത്ഥജീവിതവും ഡോക്യുമെന്ററി പരാമർശിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE