നാല് വർഷത്തെ കഠിനാധ്വാനം, ഒടുവിൽ 47ആമത്തെ വയസിൽ സർക്കാർ ഉദ്യോഗം നേടി ശാന്തിലക്ഷ്‌മി

Sunday 10 March 2019 3:18 PM IST
shanthi-laxmi

കഠിനാധ്വാനത്തിന്റെ പര്യായമായി മാറുകയാണ് ഈ അമ്മയും മകളും. നാലുവർഷത്തെ പരിശ്രമത്തിനൊടുവിൽ അമ്മയും മകളും ഒരുപോലെ സർക്കാർ ജോലിയിലേക്ക്. തേനി സ്വദേശികളായ ശാന്തിലക്ഷ്മിയും മകൾ തേൻമൊഴിയുമാണ് തമിഴ്നാട് പി.എസ്.സി ലിസ്റ്റിൽ ഇടം നേടി സർക്കാർ ജോലിയിൽ നിയമനം നേടിയത്. 47ആം വയസിൽ തനിക്ക് ലഭിച്ച സർക്കാർ ജോലി ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് ശാന്തിലക്ഷ്മി കാണുന്നത്.

പതിനഞ്ചാം വയസിൽ വിവാഹിതയായ ശാന്തിലക്ഷ്മി പത്താം ക്ലാസ് ജയിച്ചതോടെ പഠിപ്പ് നിർത്തുകയും കൃഷിക്കാരനായ ഭർത്താവിനെ സഹായിച്ചും ജീവിക്കുകയായിരുന്നു. എന്നാൽ പഠിക്കണമെന്ന ആഗ്രഹം മാത്രം ശാന്തിലക്ഷ്മമിയെ വിട്ടുപോയിരുന്നില്ല. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം ഭർത്താവിനെ അറിയിച്ചപ്പോൾ അദ്ദേഹം പൂർണ സമ്മതം നൽകുകയും ചെയ്തു. ആറുമാസത്തിന് ശേഷം പ്ലസ് ടു പരീക്ഷയിലും ടൈപ്പ് റൈറ്റിംഗ് കോഴ്സിലും വിജയം നേടിയ ശാന്തിലക്ഷ്മി പഠനം തുടർന്ന ശാന്തിലക്ഷ്മി 2010ൽ തമിഴിൽ ബിരുദവും സ്വന്തമാക്കി.


ഇതിനിടെ ഭർത്താവിന്റെ മരണം ശാന്തിലക്ഷ്മിയെ പ്രാരാബ്ദങ്ങളുടെ ഇടയിലേക്ക് തള്ളിവിട്ടു. മൂന്ന് പെൺമക്കളുടെ ഉത്തരവാദിത്തവും ഏറ്റെ‌ടുത്ത് ഇവർ തളരാതെ ജീവിതം മുന്നോട്ട് കൊണ്ടുപോയി. 2012മുതൽ ഇവർ തമിഴ്നാട് പി.എസ്.സി പരീക്ഷകൾ എഴുതി തുടങ്ങി. നിരവധി റാങ്ക് ലിസ്റ്റു‌കളിൽ പേരുകൾ വന്നെങ്കിലും തസ്തികളിൽ ഒഴിവുകൾ കുറവായതിനാൽ ശാന്തിലക്ഷ്മിക്ക് ജോലി ലഭിച്ചില്ല.


പ്രതീക്ഷകൾ തുണയ്ക്കുമെന്ന ഉറപ്പോടെ അവർ വീണ്ടും പരീക്ഷകൾ എഴുതുന്നത് തുടർന്നു. ഒടുവിൽ 2015ൽ പ്രദേശത്തെ സൗജന്യ പി.എസ്.സി പരീക്ഷാ കേന്ദ്രത്തിൽ മകൾക്കൊപ്പം ചേർന്ന് വീണ്ടും പഠനം തുടർന്നു. പരിശ്രമത്തിന്റെ ഫലമെന്നോണം ശാന്തിലക്ഷ്മിയെ തേടിയെത്തിയത് ആരോഗ്യവകുപ്പിന് കീഴിലെ ഉദ്യോഗമായിരുന്നു. തമിഴ്നാട് ഹിന്ദു റിലീജിയസ് എൻഡോവ്മെന്റിന്റെ കീഴിലെ ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുകയാണ് മകൾ തേൻമൊഴി.


തേൻമൊഴിയുടെ ഒരു സഹോദരി ബി.എസ്.സി മാത്‌സ് വിദ്യാർത്ഥിയും ഇളയ സഹോദരി രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. പഠനകാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ശാന്തിലക്ഷ്മി തയ്യാറല്ല,​ മക്കൾക്ക് പഠനത്തിന് പൂർണപിന്തുണ നൽകുന്നുണ്ട് ശാന്തിലക്ഷ്മി. ജോലിയൊക്കെ ആയെങ്കിലും പഠനം അവസാനിപ്പിക്കാൻ ശാന്തിലക്ഷ്മി തയ്യാറായിട്ടില്ല.

ഇപ്പോൾ മകൾ തേൻമൊഴിയോടൊപ്പം മധുരൈ കാമരാജ് സർവ്വകലാശാലയിൽ നിന്ന് തമിഴിൽ ബിരുദാനന്തര ബിരുദം ചെയ്യുകയാണ് ശാന്തിലക്ഷ്മി. ഇതിന് ശേഷം എം.ഫിലും,​ പി.എച്ച്.ഡിയും എടുത്ത് ഒരു തമിഴ് അദ്ധ്യാപികയാവുകയാണ് തന്റെ ലക്ഷ്യമെന്ന് ശാന്തിലക്ഷ്മി പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE