ഇന്ത്യയിലെ രണ്ട് നഗരങ്ങളിൽ പബ്‌ജി നിരോധിച്ചു, രാജ്യവ്യാപക നിരോധനത്തിനും നീക്കമെന്ന് അഭ്യൂഹങ്ങൾ

Sunday 10 March 2019 1:17 PM IST
pubg-ban

ന്യൂഡൽഹി: യുവാക്കൾക്കിടയിൽ ഹരമായി മാറിയ ഓൺലൈൻ ഗെയിമായ പബ്‌ജി ഗുജറാത്തിലെ രണ്ട് നഗരങ്ങളിൽ നിരോധിച്ചു. സൂറത്ത്, രാജ്‌കോട്ട് തുടങ്ങിയ നഗരങ്ങളിലാണ് മാർച്ച് ഒമ്പത് മുതൽ ഏപ്രിൽ 30 വരെ ഗെയിമിന് നിരോധനം ഏർപ്പെടുത്തിയത്. ഈ കാലയളവിൽ ആരെങ്കിലും ഗെയിം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവർക്കെതിരെ കേന്ദ്രസർക്കാർ നിയമത്തിലെ സെക്‌ഷൻ 188 അനുസരിച്ച് നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. തങ്ങളുടെ കുട്ടികൾ മണിക്കൂറുകളോളം പബ്‌ജി കളിക്കുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകരാറിലാക്കുന്നുവെന്ന മാതാപിതാക്കളുടെ പരാതിയെത്തുടർന്നാണ് സൂറത്ത്, രാജ്‌കോട്ട് പൊലീസ് അധികൃതരുടെ നടപടി. ഗെയിം കളിക്കുന്നത് യുവക്കളുടെ സ്വഭാവ രൂപീകരണത്തെ അടക്കം സ്വാധീനിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ സംസ്ഥാനത്തെ സ്‌കൂളുകളിൽ പബ്‌ജി ഗെയിം കളിക്കുന്നത് ഗുജറാത്ത് സർക്കാർ നിരോധിച്ചിരുന്നു. പരീക്ഷാകാലത്ത് കുട്ടികൾ ഗെയിം കളിക്കുന്നത് അവരുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, കുട്ടികളുടെ ആരോഗ്യത്തെ മാരകമായി ബാധിക്കുന്ന ഗെയിമിന് രാജ്യവ്യാപക നിരോധം ഏർപ്പെടുത്തണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വേണ്ട നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് ഗുജറാത്ത് മന്ത്രി അപേക്ഷ നൽകുകയും ചെയ്‌തിട്ടുണ്ട്.

pubg-ban

നിരോധനമില്ലെങ്കിലും നിയന്ത്രണം വരും

അതേസമയം, ചൈനയുടെ മാതൃക പിന്തുടർന്ന് ഇന്ത്യയിലും ഗെയിം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നാണ് വിവരം. പബ്‌ജി ഡെവലപ്പേഴ്സ് തന്നെ ഇക്കാര്യത്തിൽ സൂചന നൽകിയിട്ടുണ്ട്. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഉള്ള മാതാപിതാക്കൾ ഇക്കാര്യത്തിൽ പറഞ്ഞ ആശങ്കകൾ തങ്ങൾ കണക്കിലെടുക്കുന്നു. ആരോഗ്യ പരമായ ഗെയിമിംഗ് സാഹചര്യം ഒരുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. മാതാപിതാക്കൾക്ക് ഗെയിമിനെ നിയന്ത്രിക്കാൻ കഴിയുന്ന പാരന്റൽ കൺട്രോൾ കൊണ്ടുവരാനാണ് ഡെവലപ്പേഴ്സ് ആലോചിക്കുന്നത്.

pubg-ban

എന്താണ് പബ്‌ജി

2018ൽ ആൻഡ്രോയിഡ് വെർഷനുകളിൽ റിലീസ് ചെയ്‌ത ദക്ഷിണ കൊറിയൻ മൊബൈൽ ഗെയിമാണ് പബ്‌ജി അഥവാ പ്ലെയർ അൺനോൻസ് ബാറ്റിൽ ഗ്രൗണ്ട്. നൂറോളം പേർക്ക് ഒരേ സമയം ഓൺലൈനായി കളിക്കാൻ കഴിയുന്ന വിധത്തിലാണ് ഗെയിം ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഒരു ദ്വീപിൽ കളിക്കാർ എല്ലാ പാരച്യൂട്ടിൽ ഇറങ്ങുകയും അവിടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് പരസ്പരം കൊല്ലുന്നതുമാണ് ഗെയിമിന്റെ പ്രവർത്തന രീതി. എല്ലാവരെയും കൊന്ന് അവസാനം ശേഷിക്കുന്ന ആളായിരിക്കും വിജയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE