ഈ വർഷം ദൈവത്തിന്റെ സ്വന്തം നാട് കാണാൻ എത്തിയത് 2 ലക്ഷം ഇംഗ്ലണ്ടുകാർ; ചരിത്രനേട്ടവുമായി കേരള ടൂറിസം

Sunday 17 February 2019 11:15 PM IST
kerala-tourism-

തിരുവനന്തപുരം: ഒരു വർഷം രണ്ടുലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഒരു രാജ്യത്തുനിന്ന്‌ സന്ദർശിക്കാനെത്തുകയെന്ന നേട്ടം സ്വന്തമാക്കി കേരളം. 2,​01,​ 258 സഞ്ചാരികളാണ്‌ ഇംഗ്ലണ്ടിൽ നിന്ന് 2018ൽ കേരളം സന്ദർശിക്കാനെത്തിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്‌ ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്‌.

മന്ത്രിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

ഈ ചിത്രം നിങ്ങൾക്കോർമായുണ്ടോ? കേരള ടൂറിസത്തിന്റെ അന്താരാഷ്ട്ര പ്രചരണാർത്ഥം ലണ്ടനിൽ നടത്തിയ ടൂറിസം പ്രൊമോഷൻ പരിപാടിയുടെ ഭാഗമായിട്ടുള്ള പ്രോജക്ടുകളിൽ ഒന്നായിരുന്നു ഇത്. ഈ ചിത്രം അന്ന് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയപ്പോൾ ഒരു വിഭാഗം ആളുകൾ വിമർശനങ്ങളുടെ കൂരമ്പുകളുമായി സർക്കാരിനും ടൂറിസം മന്ത്രി എന്ന നിലയിൽ എനിക്കുമെതിരെ അണി നിരന്നിരുന്നു. ടൂറിസം പ്രൊമോഷൻ എന്ന പേരിൽ കാശ് ധൂർത്ത് അടിക്കുന്നു, കാശ് പാഴാക്കുന്നു എന്നൊക്കെയായിരുന്നു വിമർശകരുടെ ആരോപണങ്ങൾ. അന്നവരുടെ പൊള്ളയായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതിന്റെയോ പ്രൊമോഷൻ പരിപാടികളിൽ നിന്ന് പിന്മാറേണ്ടത്തിന്റെയോ ആവശ്യമുണ്ടെന്ന് തോന്നാത്തതിനാൽ അവ അവഗണിക്കുകയായിരുന്നു.

അവർക്കുള്ള മറുപടി ഇന്ന് കാലം നൽകിയിരിക്കുകയാണ്. പ്രളയവും നിപ്പയും അനാവശ്യ ഹർത്തലുകളും ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ താണ്ടി കേരള ടൂറിസം സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും സർവകാല റെക്കോർഡ് നേടിയപ്പോൾ ഏത് രാജ്യത്ത് നിന്നായിരുന്നു ഏറ്റവും കൂടുതൽ സഞ്ചാരികൾ 2018ൽ കേരളത്തിൽ എത്തിയത് എന്നറിയണ്ടേ?

യുണൈറ്റഡ് കിങ്ഡം എന്ന ഇംഗ്ലണ്ടിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ സഞ്ചാരികൾ കേരളത്തിൽ എത്തിയത്. 201258 ബ്രിട്ടീഷുകാരാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് 2018 ൽ വിരുന്ന് വന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വിദേശ രാജ്യത്തു നിന്ന് രണ്ട് ലക്ഷത്തിലധികം ടൂറിസ്റ്റുകൾ ഒരു വർഷകാലയളവിൽ കേരളത്തിലേക്ക് വരുന്നത്.

ബഹു: കേരള മുഖ്യമന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ - "ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാവും വിമർശിക്കുന്നവരുണ്ടാവും. അവരാവഴിക്ക് പോവുക എന്നത് മാത്രമേയുള്ളൂ. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഞങ്ങളെ ബാധിക്കുന്ന കാര്യം ഈ നാടിന്റെ പ്രശ്നങ്ങളാണ്. ഈ നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചുമതലയേറ്റവരാണ് ഞങ്ങൾ. ആത്മധൈര്യത്തോടെ ഞങ്ങൾക്ക് പറയുവാൻ കഴിയും, ആ ചുമതല ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും."

കടകംപള്ളി സുരേന്ദ്രൻ,​ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE