ഡിസംബറിൽ പോകാം പെെൻവാലിയിലേക്ക്...

Saturday 22 December 2018 3:56 PM IST
pine-valley

പൈൻവാലിയിലേക്കുള്ള യാത്രയ്‌ക്ക് ഒരു പ്രത്യേകതയുണ്ട്. ഇവിടേയ്‌ക്ക് യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് കുളിർമയുള്ള പൈൻവാലിക്കൂട്ടത്തിന്റെ കാറ്റാണ്, അത് ചുട്ടുപൊള്ളുന്ന കൊടും വേനലിനെ കാറ്റിൽ പറത്തും. വാഗമണ്ണിലെത്തിയവരാരും പൈൻവാലി കാണാതെ മടങ്ങിയിട്ടുണ്ടാവില്ല. വാഗമണ്ണിൽ നിന്നും അരമണിക്കൂർ മാത്രം യാത്ര ചെയ്‌താൽ പൈൻവാലിയിലെത്താം. വഴിയോരത്ത് ഇരുഭാഗങ്ങളിലായി കളിക്കോപ്പുകളും മറ്റും വിൽക്കുന്ന വിൽപനക്കാരുണ്ട് ഇവിടെ അവർ ഇടുങ്ങിയ നടപാതകളുടെ ഇരുവശവും കയ്യടക്കിയിരിക്കുന്നു.

വിവിധ നിറഭേദങ്ങളിലുള്ള തൊപ്പികൾ, പാവകൾ, മിഠായികൾ, ഉപ്പിലിട്ട ആഹാര പദാർത്ഥങ്ങൾ ഇങ്ങനെ പോകുന്നു കടയിലെ വിൽപ്പന സാധനങ്ങൾ. കൂറ്റൻ ഭരണികളിലെ ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയും, ചാമ്പക്കയുമൊക്കെ യാത്രക്കാരെ ആകർഷിക്കും. ചോക്ലേറ്റുകളുടെ ഒരു നിര തന്നയാണ് തൊട്ടപ്പുറത്തുള്ളതും. തമിഴ് ചുവയുള്ള വർത്തമാനമാനങ്ങളാണ് കടക്കാരുടേത്. യാത്രക്കാരെ ഇവയൊക്കെ വാങ്ങാൻ മാടി വിളിക്കുകയാണ് വിൽപനക്കാർ. എത്ര മാടി വിളിച്ചിട്ടും കാര്യമില്ല, പിടി തരില്ല എന്ന രീതിലാണ് ചില സഞ്ചാരികളുടെ നടപ്പ്.

കുന്നിൻ ചെരിവിൽ വ്യാപിച്ച് കിടക്കുകയാണ് പൈൻവാലിക്കൂട്ടം. വാനോളം ഉയരത്തിൽ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ഇടവിട്ട് നിൽക്കുന്ന പൈൻ മരങ്ങൾ. വാഗമണ്ണിലേതുപ്പോലെ തണുപ്പ് കൂടുതലാണ് ഇവിടെയും. സിനിമയിലെ ചില പാട്ടുസീനുകളും പൈൻവാലിയിൽ ചിത്രീകരിച്ചിട്ടുണ്ട്. കാറ്റു വീശുമ്പോൾ പൈൻ മരങ്ങൾ ചൂളം വിളിക്കുന്നതുപോലെ തോന്നും. ഒരു നൊസ്റ്റാൾജിക് മൂഡ്. തണൽ വിരിച്ച പൈൻ മരങ്ങൾക്കിടയിലൂടെ സൂര്യരശ്‌മികൾ കാണാം. മരങ്ങൾ പരസ്‌പരം ചായുമ്പോൾ സൂര്യരശ്‌മികൾ മിന്നിത്തിളങ്ങുന്ന കാഴ്‌ച മനോഹരമാണ്.

പൈൻവാലിക്കൂട്ടത്തിലെത്തുന്നവർ ഫോട്ടോ എടുക്കുന്ന തിരക്കിലാണ് ഓരോരുത്തരും സിംഗിൾ ഫോട്ടോകളും പൈൻ മരത്തോട് ചാരിനിന്നുള്ളവ ഇങ്ങനെപോകുന്നു ഫോട്ടോ പോസുകൾ. നീണ്ടുപോകുന്ന ഈ 'പടംപിടുത്തങ്ങൾ' ഇവിടെ വന്നതിന്റെ സൂക്ഷിച്ച് വയ്‌ക്കാനാവുന്ന ഓർമ്മകളാണ് അവർക്ക് സമ്മാനിക്കുന്നത്.

ഇടയ്‌ക്ക് കടപുഴകി വീണ പൈൻ മരങ്ങളുമുണ്ട്. അവയും ഫോട്ടോ ലൊക്കേഷനുകളാക്കുകയാണ് സഞ്ചാരികൾ. തരിശുപോലുള്ള നിലത്ത് പൂഴിമണലുകൾക്കിടയിലൂടെ ഏറെ ദൂരം പൈൻ പൈൻ മരങ്ങളെ തൊട്ട് തൊട്ട് നടക്കാൻ സാധിക്കും. സമയം എത്രപെട്ടെന്നാണ് കടന്നുപോയത്, വൈകുന്നേരങ്ങലിലെ ചാറ്റൽമഴ ഇറ്റു വീഴാൻ തുടങ്ങി. ഒപ്പം ഊതിയ തണുപ്പും. കാമറകൾക്കപ്പുറം ഒപ്പിയെടുക്കാവുന്ന കാഴ്ചകൾക്കണ്ട് പൈൻ മരക്കൂട്ടങ്ങൾക്കിടയിലൂടെ ഇനി തിരിച്ച് നടക്കാം...

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE