കളക്ടർ ദമ്പതികൾ കാഴ്ച കാണാനെത്തിയ ഈ സ്ഥലം എവിടെയാണെന്നറിയാമോ ?

Wednesday 12 December 2018 3:34 PM IST
tourism

കൊല്ലം: സാമ്പ്രാണിക്കോടിയിലെ പുതിയ തുരുത്ത് കാണാൻ കളക്ടർ ദമ്പതികളെത്തി. കൊല്ലം കളക്ടർ ഡോ.എസ്.കാർത്തികേയനും ഭാര്യയും തിരുവനന്തപുരം കളക്ടറുമായ ഡോ.കെ.വാസുകിയുമാണ് മക്കൾ സയൂരിക്കും സമരനുമൊപ്പം കായൽ സൗന്ദര്യം ആസ്വദിച്ച് പുതിയ തുരുത്തിലെത്തിയത്. ഉച്ചവെയിലിൽ ബോട്ടിൽ തുരുത്തിലിറങ്ങിയ കുടുംബം ഏറെനേരം അവിടെ ചെലവഴിച്ചു.

അഞ്ചിനം കണ്ടൽച്ചെടികളും മറ്റ് കാഴ്ചകളും കണ്ടു. മുട്ടിന് താഴെ എത്തിനിൽക്കുന്ന വെള്ളത്തിൽ കളിച്ചാണ് കുട്ടികൾ ഉല്ലസിച്ചത്. സമീപത്തെ തുരുത്തുകളിലേക്കും ബോട്ട് യാത്ര നടത്തിയ ശേഷം ടൂറിസം വകുപ്പിന്റെ കീഴിലുള്ള സാമ്പ്രാണിക്കോടിയിലെ കായൽതീരം റസ്റ്റോറന്റിൽ നിന്ന് ലഘുഭക്ഷണവും കഴിച്ചാണ് കളക്ടറും കുടുംബവും മടങ്ങിയത്.


ഈ മാസം 7ന് ' കായൽ സൗന്ദര്യത്തിന് മാറ്റ് കൂട്ടി സാമ്പ്രാണിക്കോടി തുരുത്ത്' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് പുതിയ തുരുത്തിന്റെ വിശേഷങ്ങൾ പുറം ലോകമറിഞ്ഞത്. പ്രാക്കുളം സാമ്പ്രാണിക്കോടിയിൽ നിന്ന് 200 മീറ്റർ മാറി കായലിന് നടുവിലാണ് പുതിയ തുരുത്ത്. ജലപാതയൊരുക്കിയപ്പോൾ നീക്കം ചെയ്ത ചെളി കൂട്ടിയിട്ടതിനൊപ്പം മണൽ അടിഞ്ഞുചേർന്നാണ് തുരുത്ത് രൂപപ്പെട്ടത്. ഇവിടെ കണ്ടൽച്ചെടികൾ വളർന്നതോടെ സൗന്ദര്യമേറി.

സാമ്പ്രാണിക്കോടി തുരുത്തിന് പുതിയ പദ്ധതികൾ

കായൽ ടൂറിസത്തിന് വലിയ സാദ്ധ്യതകളുള്ള സാമ്പ്രാണിക്കോടി തുരുത്തിന് കളക്ടറുടെ സന്ദർശനം കൂടുതൽ ഗുണപ്രദമായി. തുരുത്തിന് നാല്ചുറ്റും വേലി കെട്ടി സംരക്ഷണമൊരുക്കും. സഞ്ചാരികൾക്കായി സൗകര്യങ്ങളൊരുക്കും. ഇതിനുള്ള സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്താൻ കൂടിയായിരുന്നു കളക്ടറുടെ സന്ദർശനം. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടായിരുന്നു.പുതിയ തുരുത്തിലെത്താൻ സ്പീഡ് ബോട്ടും വള്ളങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE