കണ്ണൂരിന്റെ മൂന്നാർ, പ്രകൃതി സൗന്ദര്യം ആവാഹിച്ച വശ്യ സുന്ദരി

Thursday 31 January 2019 3:24 PM IST
paithalmala

ആരെയും വിസ്‌മയിക്കുന്ന കാഴ്‌ചകളാണ് പെെതൽമലയിലേത്. ആകാശത്തെ ചുംബിക്കുന്ന മലനിരകൾ, കോടമഞ്ഞ്, തണുത്ത ഇളം കാറ്റ്, ആകാശത്തെ തൊട്ടുരുമ്മി പറക്കുന്ന പറവകൾ, ചാറ്റൽ മഴ. എല്ലാംകൊണ്ടും അതി സുന്ദരിയാണിവൾ. ഇടുങ്ങിയ വഴികളിലൂടെ കൂർത്തകല്ലുകളും ചെറുകാടുകളും താണ്ടിവേണം പെെതൽമലയിലെത്താൻ. കേരള-കർണാടക അതിർത്തിയിലായി കണ്ണൂർ ജില്ലയിലാണ് പൈതൽ മല. മലബാറിന്റെ മൂന്നാറെന്നും പൈതൽമല അറിയപ്പെടുന്നു. ഇരുട്ടുമൂടിയ ഇടുങ്ങിയ വഴികളിലൂടെ പൈതൽമല കയറാം. രണ്ട് കിലോമീറ്ററോളം കാട്ടിലൂടെ നടക്കണം. ആകാശത്തെ മറച്ചുപിടിച്ച കാട്. ചീവീടുകളുടെ ശബ്‌ദം, കടപുഴകി വീണ മരങ്ങൾ, ചിലപ്പോൾ വന്യ മൃഗങ്ങളെയും കാണാം.

paithalamal

ഇടുങ്ങിയ വഴിയിൽ കഷ്ടിച്ച് ഒരാൾക്ക് മാത്രമേ നടക്കാൻ സാധിക്കൂ. നല്ല തണുപ്പായതുകൊണ്ടുതന്നെ അട്ടകളുടെ കടിയും ഏറ്റേക്കാം. ഈ വഴികൾ താണ്ടി പൈതൽമലയ്‌ക്കകത്തെത്തുമ്പോൾ കാഴ്ചയുടെ മറ്റൊരു ലോകമാണ് ഇവിടെ തുറക്കപ്പെടുന്നത്. നടന്നുവന്ന ക്ഷീണം അപ്പോൾത്തന്നെ ഇല്ലാതാകും. മറ്റേതോ ലോകം കാഴ്‌ചക്കാരന്റെ മുന്നിൽ തുറന്നിട്ട അനുഭൂതി. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയ്‌ക്കുമുകളിൽ ചിത്രം വരച്ചതുപോലെയാണ് സൂര്യന്റെ നിൽപ്പ്. തണുത്ത കാറ്റിൽ കിടു കിടാ വിറച്ചുകൊണ്ട് മുന്നോട്ടേക്ക് നടന്നുനീങ്ങുമ്പോൾ ഒരു കുളമാണ്. തൊട്ടടുത്തുതന്നെ വിശാലമായ പുൽമേടുകളും. കുറച്ചു കൂടി നടന്നാൽ ആത്മഹത്യാ മുനമ്പ്. സൂര്യന്റെ ചൂടുപോലും പൈതൽ മലയെ തളർത്തുന്നില്ല. മലയ്‌ക്ക് നടുവിൽക്കൂടി ഒരു കൊച്ചരുവി ഒഴുകുന്നുണ്ട്. കാഴ്‌ചക്കാർക്ക് ഏറെ കാഴ്ച്ചാനുഭൂതി ഉളവാക്കുന്നതാണിത്. ചരിത്രാവശേഷിപ്പുകൾ കൂടിയുണ്ടിവിടെ.

paithalmala

പഴകിയ ക്ഷേത്രത്തിന്റെ കെട്ടിടാവശിഷ്ടങ്ങളും മണിക്കിണറും ചരിത്ര സൂക്ഷിപ്പുകളാണ്. കാമറക്കണ്ണ്കൊണ്ട് മാത്രം ഒപ്പിയെടുക്കാനാകില്ല പൈതൽമലയിലെ കാ‌ഴ്‌ചകൾ. വെകുന്നേരത്തെ സൂര്യാസ്‌തമയവും മറ്റൊരു കാഴ്ചയാണ്. ഇരുട്ടാകുന്നതറിയില്ല ഇവിടെ. ഇടുങ്ങിയ വഴിയിൽക്കൂടിത്തന്നെ തിരിച്ചിറങ്ങാം. പുറത്തു നിന്നു നോക്കുമ്പോൾ ആനയുടെ രൂപ സാദൃശ്യമുണ്ട് പൈതൽമലയ്‌ക്ക്. മലയുടെ ശരിയായ പേര് വൈതൽമലയെന്നാണെന്നും പിന്നീടത് പൈതൽമലയായി മാറിയതാണെന്നും പറയപ്പെടുന്നു. പൈതൽമലയിലെ കാഴ്ചകൾക്കുപുറമെ രണ്ട് കിലോമീറ്ററിനുള്ളിൽ പാലക്കയം തട്ടും ജാനകിപ്പാറ വെള്ളച്ചാട്ടവുമുണ്ട്. അവിടെയും പ്രകൃതി സൗന്ദര്യത്തിന്റെ മറ്റൊരു പകിട്ട്. ഒരിക്കൽകൂടി പെെതൽമലയിലേക്ക് വരണമെന്ന് മന്ത്രിച്ചുകൊണ്ടാണ് ഓ‌രോ യാത്രക്കാരനും ഇവിടുന്ന് മടങ്ങുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE