ഡിസംബറിന്റെ കുളിരും പിശറൻ മഴയും...മഞ്ഞിൽ കുളിച്ച് ആനയിറങ്കൽ

Monday 24 December 2018 4:11 PM IST

dam

രാജാക്കാട്: ഡിസംബറിന്റെ മഞ്ഞും കുളിരും പിശറൻ മഴയും.. കൈയെത്തുംദൂരത്ത് വികൃതി കാട്ടുന്ന കാട്ടാനക്കൂട്ടങ്ങൾ.. തേയിലച്ചെടികളാൽ ഹരിതാഭമായ മൊട്ടക്കുന്നുകളുടെ താഴ്വാരത്ത് നീലജലാശയം.. തടാകത്തിൽ ഓളപ്പരപ്പുകൾ ഉയർത്തിക്കൊണ്ട് കുതിച്ചുപായുന്ന സ്പീഡ് ബോട്ടുകൾ, ഒപ്പം പഴമയുടെ പ്രൗഢിവിളിച്ചോതി രാജ്യത്തെ ഏറ്റവും വലിയ എർത്ത് ഡാമും. ഇത് ആനയിറങ്കൽ. പന്നിയാർ പുഴയുടെ ഉദ്ഭവസ്ഥാനത്ത് പ്രകൃതിയും മനുഷ്യനും ചേർന്നൊരുക്കുന്ന വിസ്മയങ്ങളുടെ കേന്ദ്രം.

ആനയിറങ്കലിൽ എപ്പോഴും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് വേറിട്ട കാഴ്ചകളാണ്. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയോട് ചേർന്ന് ചിന്നക്കനാലിനും പൂപ്പാറ ടൗണിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ആനയിറങ്കൽ അണക്കെട്ടിന്റെ അനുബന്ധമായുള്ള 'എലിഫന്റ് അബോഡ് ബോട്ടിംഗ് സെന്റർ' ആണ് സഞ്ചാരികൾക്ക് വേറിട്ട കാഴ്ച്ചകളും അനുഭവങ്ങളും സമ്മാനിയ്ക്കുന്നത്. ഹൈവേയിൽ നിന്നും ഇരുനൂറ് മീറ്ററോളം ഇറങ്ങിച്ചെന്നാൽ കെ.എസ്.ഇ.ബി യുടെ ഹൈഡൽ ടൂറിസം വിഭാഗം മൂന്ന് വർഷം മുൻപ് ആരംഭിച്ച ഈ കേന്ദ്രത്തിലെത്താം. ഷോപ്പിങ്ങിനുള്ള മൂന്ന് കടകൾ, കഫറ്റീരിയ, ശൗചാലയങ്ങൾ, വാഹന പാർക്കിംഗ്, മനോഹരമായ ഉദ്യാനം എന്നിവയ്ക്കു പുറമെ ജലയാത്രയ്ക്കായി 5 പേർക്ക് വീതം കയറാവുന്ന 2സ്പീഡ് ബോട്ടുകൾ, 20പേർക്ക് കയറാവുന്ന പൊൻറ്റൂൺ ബോട്ട്, 2 പേർക്ക് വീതം കയറാവുന്ന 4 പെഡൽ ബോട്ടുകൾ, കുട്ടവഞ്ചികൾ, കയാക്കിംഗ് എന്നിവയും ഏർപ്പെടുത്തിയിരുന്നു. ഇടിമിന്നലിൽ നിന്നും സംരക്ഷണം നൽകുന്നതിനായി സ്ഥാപിച്ചിരിക്കുന്ന മിന്നൽ രക്ഷാടവർ ഈ കേന്ദ്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

വാ... കളർഫുൾ ആകാം

ലൈഫ് ജാക്കറ്റ് അണിഞ്ഞ് അൽപ്പം കളർഫുൾ ആകാൻ തയാറാണെങ്കിൽ 20 പേർക്ക് കയറാൻ കഴിയുന്ന ബോട്ടിൽ അര മണിക്കൂർകൊണ്ടും, 5 ഉം,7ഉം വീതം പേർക്ക് കയറാവുന്ന സ്പീഡ് ബോട്ടുകളിൽ 15 മിനിറ്റുകൊണ്ടും ജലാശയത്തിന്റെ വിദൂര ഭാഗങ്ങൾ കണ്ടുവരാം. 27ചതുരശ്ര കിലോമീറ്ററാണ് ജലനിരപ്പ് ഉയരുമ്പോൾ തടാക വിസ്തൃതി. വേനൽമഴ ധാരാളമായി ലഭിയ്ക്കുന്നതിനാൽ ഏപ്രിൽ മെയ് മാസങ്ങളിൽപ്പോലും നിറഞ്ഞുകിടക്കും.

വിസ്മയമായി മണ്ണ് ഡാം

ജലാശയത്തിന് അതിരിട്ടുകൊണ്ട് നിൽക്കുന്ന ആനയിറങ്കൽ ഡാം ആണ് ഇവിടുത്തെ പ്രധാന കാഴ്ച്ച. 1964 ൽ ബ്രിട്ടിഷ് സഹായത്തോടെ നിർമ്മിച്ചതാണ് ഡാം. ചെത്തിയെടുത്ത കൂറ്റൻ പാറക്കല്ലുകൾ ഇരുപുറങ്ങളിലും നിരയായി അടുക്കി സിമറ്റിനു പുറമെ സുർക്കി മിശ്രതം കൂടി ഉപയോഗിച്ചാണ് അണക്കെട്ട് കെട്ടിഉയർത്തിയിരിക്കുന്നത്.

മൂന്നാർ, ചിന്നക്കനാൽ,തേക്കടി,കുമളി, തമിഴ്‌നാട്ടിലെ വൈഗ, കൊഡൈക്കനാൽ എന്നിവടങ്ങളിലേയ്ക്കുള്ള സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ആനയിറങ്കൽ ഇന്ന് മാറിക്കഴിഞ്ഞു.

പേരിനു പിന്നിൽ

കുടിയേറ്റകലത്ത് ആനകളുടെ താവളമായിരുന്നതിനാലാണ് ഈ പ്രദേശത്തിന് 'ആനയിറങ്കൽ' എന്ന് പേരു ലഭിച്ചത്. ജനസാന്ദ്രത ഏറിയതോടെ ആനകളുടെ ആധിപത്യം തെല്ലൊന്നു കുറഞ്ഞിരുന്നു. എന്നാൽ സ്ഥലനാമം അന്വർത്ഥമാക്കും വിധം ഇപ്പോൾ മതികെട്ടാൻമലയിറങ്ങി തടാകതീരത്ത് ആനക്കൂട്ടമെത്തുന്നു.

സുരക്ഷിതമായ അകലത്തിൽ ബോട്ടിൽ ഇരുന്നുകൊണ്ട് ആനക്കൂട്ടത്തെ കൺകുളിർക്കെ കാണാം.

വേണം ഇനിയുമേറെ

1 പോളാറിസ് വിഭാഗത്തിൽപ്പെട്ട പ്രത്യേക വാഹനങ്ങളിൽ ഓഫ്റോഡ് അഡ്വഞ്ചർ സവാരിക്ക് സൗകര്യമൊരുക്കിയിരുന്നെങ്കിലും ഇപ്പോഴില്ല.ആവശ്യത്തിനു ട്രാക്കുകൾ നിർമ്മിച്ച് ഇത് പുനരാരംഭിയ്ക്കണം.

2 സഞ്ചാരികൾക്ക് താമസത്തിന് ചിന്നക്കനാൽ പൂപ്പാറ എന്നിവിടങ്ങളിൽ മാത്രമാണ് ഇപ്പോൾ സൗകര്യമുള്ളത്. കോട്ടേജുകൾ,ട്രീ ഹട്ടുകൾ എന്നിവ കേന്ദ്രത്തിൽതന്നെ നിർമ്മിച്ച് താമസ സൗകര്യമൊരുക്കണം.


3 ബോട്ട് ലാന്റിംഗിന് എതിർവശത്തെ ചെറു ദ്വീപിൽ നടപ്പാതകൾ,ഇരിപ്പിടങ്ങൾ എന്നിവ നിർമ്മിയ്ക്കുകയും,അവിടേയ്ക്ക് സന്ദർശകരെ എത്തിയ്ക്കുന്നതിനായി റോപ്പ് വേ സ്ഥാപിയ്ക്കുകയും വേണം.


4 പ്രധാന കേന്ദ്രത്തിനോട് ചേർന്ന് കുട്ടികൾക്കുള്ള പാർക്ക് സ്ഥാപിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE