വേനലിൽ ഒന്ന് തണുക്കണോ?​ എങ്കിൽ പോവാം പാവങ്ങളുടെ ഊട്ടിയിലേക്ക്...

ആരതി എം.ആർ | Tuesday 12 March 2019 4:07 PM IST
yercaud

ഒറ്റയ്‌ക്ക് യാത്ര ചെയ്യാൻ തുടങ്ങിയിട്ട് അധികമായിട്ടില്ലായിരുന്നു. യാത്രകളുടെയും യാത്രക്കിടയിലെ അനുഭവങ്ങളുടെയും ഹരം അനുഭവിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. അങ്ങനെയിരിക്കെയാണ് പാവങ്ങളുടെ ഊട്ടി എന്ന് അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ ഒരു ഹിൽസ്റ്റേഷനെപ്പറ്റി അറിയുന്നത്. സേലം ജില്ലയിലാണ് യേർക്കാട് എന്ന മനോഹരമായ ഹിൽസ്‌റ്റേഷൻ.

കുമളിയിൽ നിന്നും തേനി, കമ്പം വഴിക്ക് ബസിലാണ് യാത്ര. ഏപ്രിൽ-മെയ് മാസത്തിന്റെ അതികഠിനമായ ചൂടിലും ജനാലക്കരികിലെ സീറ്റ് തന്നെ കരസ്ഥമാക്കി. പതിനെട്ട് മണിക്കൂർ യാത്ര. ഒട്ടും സുഖകരമല്ലാത്ത തീച്ചൂളയിൽ നിന്നുള്ളത് പോലത്തെ കാറ്റ്. ബസിന്റെ ജനലഴികൾ പോലും ചുട്ടുപഴുത്ത് ഇടക്കിടെ പൊള്ളിക്കുന്നു. ചില ഗ്രാമങ്ങൾ താണ്ടുമ്പോൾ ചൂട് കാറ്റിനൊപ്പം നാസാരന്ധ്രങ്ങളിലേക്ക് തുളച്ചു കയറുന്ന മാമ്പഴങ്ങളുടെ മണം. പൊടിപാറുന്ന റോഡിലൂടെ ബസ് ഒട്ടും തിരക്കില്ലാതെ ഓടുന്നു. എങ്ങനെയും സേലം എത്തിയാൽ മതിയെന്നായി. ഇടയിൽ പരിക്ഷീണിതയായി, അറിയാവുന്ന മുറി തമിഴിൽ സേലം എപ്പോ എത്തും എന്ന് ഞാൻ കണ്ടക്ടറോട് ചോദിച്ചുകൊണ്ടേയിരുന്നു.

yercaud

ഏകദേശം രാത്രി എട്ടുമണിയോടു കൂടി സേലം എത്തി. ബസ് സ്റ്റാൻഡിൽ കൂട്ടുകാരൻ കാത്ത് നിൽപുണ്ടായിരുന്നു. നേരെ അവന്റെ വീട്ടിലേക്കാണ് പോയത്. രാവിലത്തെ വെയിൽ എന്നെ ആകെ ക്ഷീണിതയാക്കിയിരുന്നു. കൂട്ടുകാരന്റെ വീട്ടിലെ അംഗങ്ങളെ ശരിക്കുമൊന്ന് പരിചയപ്പെടുന്നതിന് മുൻപെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

അതിരാവിലെ തന്നെ എഴുന്നേറ്റ് തയാറായി. ടുവീലറിലാണ് യാത്ര. മാമ്പഴത്തിന് പേര് കേട്ട സേലത്തിലെ വഴിയോരങ്ങളെല്ലാം മാമ്പഴ വില്പന തകൃതിയായി നടക്കുന്നുണ്ട്. കൂടാതെ പൂക്കച്ചവടക്കാരും നിരന്ന് ഇരിപ്പുണ്ട്. അരമണിക്കൂർ കൊണ്ട് തന്നെ യേർക്കാടിന്റെ അടിവാരത്തിൽ എത്തി. അടിവാരത്തിലെ കാഴ്ചകളാണ് ശരിക്കും എന്നെ തണുപ്പിച്ചത്.

കടുകും, ചോളവും, കരിമ്പും എല്ലാമുള്ള നെടുനീളൻ പാടങ്ങൾ, അതിന്റെ ഒത്ത നടുക്ക് പുല്ല് കൊണ്ട് മേഞ്ഞ വീട്. അതിർവരമ്പ് തീർക്കുന്ന പനകൾ. ഒട്ടനവധി പക്ഷിക്കൂട്ടങ്ങൾ ഇവിടെ കാണാനാകും. യേർക്കാടിന്റെ അടിവാരം നല്ലൊരു ബേർഡ് സൈറ്റിംഗ് സ്‌പോട്ട് ആണെന്ന് കൂട്ടുകാരൻ പറഞ്ഞു തന്നു. അവൻ അവന്റെ നാടിനെ വിവരിച്ചു കൊണ്ടേയിരുന്നു. എല്ലാം മനസ്സിലായ ഭാവത്തിൽ ഞാൻ മൂളികേട്ടുകൊണ്ട് ചുറ്റും കണ്ട് രസിച്ചു.

yercaud

ആദ്യം പാറക്കുമുകളിലുള്ള തലൈച്ചോലൈ എന്ന സ്ഥലത്തേക്കാണ് പോയത്. പാറക്ക് മുകളിൽ ഒരു അമ്പലമുണ്ട്. അവിടെ നിന്നാൽ സേലം നഗരം കാണാം. ഇനി കയറാൻ പോകുന്ന ഹെയർപിന്നുകളും. തെളിഞ്ഞ ആകാശം. ചുറ്റിലും മരങ്ങൾ. അമ്പലം. ഇവിടെ വന്നൊരു രാത്രി ചെലവഴിക്കണമെന്നു തോന്നി. നക്ഷത്രക്കൂട്ടങ്ങളെ നോക്കി പാറയുടെ മേൽ കിടക്കണം.

കുറച്ച് നേരം അവിടെ ചുറ്റിക്കണ്ടതിന് ശേഷം വീണ്ടും യാത്ര തുടർന്നു. 21 ഹെയർപിന്നുകളാണ് കയറേണ്ടത്. എല്ലായിടത്തും റോഡ് സുരക്ഷ ബോർഡുകളുണ്ട്. കൂടാതെ വനസംരക്ഷണത്തിനുള്ള ബോർഡുകളും. ഒരു കാപ്പിത്തോട്ടത്തിനുള്ളിലേക്ക് കടന്നതും ആകാശം ഇരുണ്ട് മൂടി. പൊടുന്നനെ ഭൂമിയിലേക്ക് മഴ പെയ്‌തിറങ്ങി. മഴ തുടങ്ങിയതും കൂട്ടുകാരൻ വണ്ടി ഒതുക്കി. പക്ഷേ വണ്ടി നിർത്തേണ്ട എന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഒരു മഴ നനഞ്ഞ് പ്രിയപ്പെട്ടവനൊപ്പമുളള യാത്ര ആരാണ് ആഗ്രഹിക്കാത്തത്?

കുറച്ച് നേരം മാത്രമേ മഴ തുടർന്നുള്ളൂ.. അപ്പോഴേക്കും 19ാമത്തെ ഹെയർപിൻ താണ്ടിയിരുന്നു. വയനാട്ടിലുള്ളതിനെ അപേക്ഷിച്ച് ചെറിയ ഹെയർപിന്നുകളാണ് ഇവിടുള്ളത്. വലിയ തിരക്കില്ല. വളരെ കുറച്ച് വിനോദസഞ്ചാരികൾ മാത്രമേ ഇവിടെ എത്താറുള്ളൂ.. പ്രത്യേകിച്ച് ഈ വേനലിൽ… കമിതാക്കളാണ് കൂടുതലും. പിന്നെ നാട്ടുകാരും. ഗവൺമെന്റ് ബസുകളും പ്രൈവറ്റ് ബസുകളും ഇവിടേക്ക് ഉണ്ട്.

yercaud

യേർക്കാടിന്റെ പ്രധാന ആകര്‍ഷണം ഇവിടുത്തെ പ്രകൃതിയാലുള്ള തടാകമാണ്. ബോട്ടിംഗ് സർവീസും, കുതിര സവാരിയും, ചിൽഡ്രൻസ് പാർക്കും പൂന്തോട്ടവും തീയേറ്ററുമെല്ലാം ഇവിടെയുണ്ട്. എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും കാണുന്ന ക്ലീഷേ കാഴ്ചകളും ഇവിടെയേറെയാണ്. ഒന്നര കിലോമീറ്ററിനുള്ളിൽ തന്നെ ഒരു റോസ് ഗാർഡനുണ്ട്. പല നിറത്തിലും വലിപ്പത്തിലുമുള്ള റോസാ പുഷ്പങ്ങളുടെ ശേഖരം തന്നെയാണ് ഇവിടെയുള്ളത്. തൈകളും ഇവിടെ ലഭ്യമാണ്.

തടാകത്തിന് മൂന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ പുതിയ കെട്ടിടങ്ങളുടെ പണികൾ നടക്കുന്നുണ്ട്. മിക്കവയും ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും പണികളാണ്. കുറച്ച് വർഷങ്ങള്‍ കൂടി കഴിഞ്ഞാൽ യേർക്കാട് ഒരു സമ്പൂർണ വിനോദസഞ്ചാരമേഖലയായി മാറും. പക്ഷെ പാവപ്പെട്ടവന്റെ ഊട്ടി എന്ന വിശേഷണം നഷ്ടമാകും. ഈ കാഴ്ചകളും. മഴ പെയ്ത് തീർന്നതിന്റെ തണുപ്പ് അന്തരീക്ഷത്തിൽ നിന്നും പതിയെ മാറാൻ തുടങ്ങി.

yercaud


പിന്നീട് പോയത് മറ്റൊരു സെർവൊരായൻ കോവിൽ അമ്പലത്തിലേക്കാണ്. ഒരു വലിയ ആൽമരത്തിനുള്ളിലെ ഗുഹയിലാണ് അമ്പലം. കുറച്ച് ബുദ്ധിമുട്ടിയാലേ ഇതിനുള്ളിൽ കയറാനാകൂ. എയർ കണ്ടീഷണർ ചെയ്തതു പോലെയാണ് അനുഭവപ്പെട്ടത്. അമ്പലത്തിനുളളിൽ ഫോട്ടോഗ്രഫി സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ എനിക്ക് അല്പം ദേഷ്യം വന്നു. അമ്പലത്തിന് പുറത്ത് ആട്ടുകാൽ സൂപ്പ് എന്ന് എഴുതിയ ബോർഡ് ഉണ്ടായിരുന്നു. മട്ടൺ സൂപ്പ് ആണെന്ന് കരുതി വാങ്ങിക്കുടിച്ചപ്പോഴാണ് അറിഞ്ഞത് അതൊരു തരം കിഴങ്ങാണ്. എന്നാൽ,​കണ്ടാൽ ആടിനെ കാലുപോലെയിരിക്കും. പക്ഷേ അതിന്റെ രുചി അസാധ്യമായിരുന്നു. വെയിലിന്റെ കാഠിന്യം പതിയെ കൂടി വന്നു.

ഇവിടെ കൂടുതലും വ്യൂപോയിന്റുകളാണ് ഉള്ളത്. ജെന്റ്‌സ് സീറ്റ്‌, ലേഡീസ് സീറ്റ്, ചിൽഡ്രൻ സീറ്റ്, എന്നൊക്കെയാണ് പ്രധാന വ്യൂപോയിന്റുകളുടെ പേര്. ഈ പേരുകളുടെ പിന്നിലെ കാരണമെന്തായിരിക്കുമെന്ന് ഞാൻ കുറെ നേരം ആലോചിച്ചു. കൂടെ വന്നയാൾ നാട്ടുകാരനാണമെങ്കിലും അതിനെപ്പറ്റി വല്യ പിടിയില്ലായിരുന്നു. മുള, കാപ്പി, തേയില, കുരുമുളക്, ഓറഞ്ച്, ബട്ടര്‍ ഫ്രൂട്ട് എന്നിവയാണ് ഇവിടുത്തെ പ്രധാന വിളകൾ. ഉള്ളിലേക്ക് പോയാൽ ആദിവാസി ഗ്രാമങ്ങൾ ഉണ്ട്.

yercaud

അവിടേക്ക് പോകാൻ എല്ലാവർക്കും അനുമതിയില്ല. വ്യൂപോയിന്റുകൾ എല്ലാം സമ്മാനിക്കുന്നത് ഒരേ കാഴ്ചയുടെ വിവിധ ആങ്കിളുകളാണ്. പിന്നെ കുറെ കുരങ്ങന്മാരും. പക്ഷേ കരടിയൂർ കുറച്ച് വ്യത്യസ്തമായിരുന്നു. അവിടെ നിന്നും നോക്കിയാൽ ദൂരെ ഒരു മരത്തിൽ വെള്ളിമൂങ്ങ ഇരിക്കുന്നത് പോലെ തോന്നും. കുറെ നേരത്തെ ക്യാമറലെൻസ് കൊണ്ടുള്ള പരീക്ഷണത്തിന് ശേഷമാണ് അത് വെള്ളിമൂങ്ങയല്ലെന്ന് മനസിലായത്. കരടിയൂരിൽ നിന്ന് കണ്ട സൂര്യാസ്തമയം ജീവിതത്തിലെ തന്നെ മനോഹരമായ കാഴ്ചയായി മാറി.


ഒരു പ്രത്യേക കാഴ്ചക്കായി ജെന്റ്‌സ് സീറ്റിലേക്ക് വീണ്ടും ഞങ്ങൾ പോയി. താഴെ മിന്നിത്തിളങ്ങുന്ന സേലം. എന്തൊരു ഭംഗിയായിരുന്നു. സിനിമകളിൽ മാത്രം കണ്ട് ശീലിച്ച കാഴ്ച. മൗല അലിയില്‍ നില്‍ക്കുന്നത് പോലെ ഒരു തോന്നൽ. ആ കാഴ്ച വേണ്ടുവോളം മനസ്സിൽ പതിച്ച് ഞങ്ങൾ തിരികെ സേലത്തിലേക്ക് യാത്ര തുടങ്ങി. ഇനി ഒരു സീസൺ കാലത്ത് വരാം എന്ന ഉറപ്പിൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE