ചേട്ടാ കുറച്ച് പഴംകഞ്ഞി എടുക്കട്ടേ...

Sunday 16 December 2018 5:16 PM IST
pazhamkanji

തിരുവനന്തപുരം: ഏത് കാലാവസ്ഥയിലും ഉച്ചയ്ക്ക് കഴിക്കാൻ പറ്റിയ ആഹാരം എന്താണെന്ന് ചോദിച്ചാൽ ഇവിടത്തെ ഫ്രീക്കൻമാർ മുതൽ തലമൂത്ത അണ്ണൻമാർ വരെ ഒരേ സ്വരത്തിൽ പറയും 'പഴംകഞ്ഞിയുടെ ടേസ്റ്റൊന്നും മറ്റൊന്നിനും കിട്ടൂല്ല സാറൻമാരെ". നമ്മള് തിരോന്തോരത്ത്കാർക്ക് ഇത് നല്ല പൊളപ്പൻ 'പഴിഞ്ഞി " ആണ്.
മൺചട്ടിയിൽ പഴംകഞ്ഞിയും തൈരും അച്ചാറും നല്ല കാന്താരി മുളകും ചേർത്ത് ഞെരടി കഴിച്ചാലുണ്ടല്ലോ....ആ സ്വാദൊന്നു വേറെ തന്നെയാ. പക്ഷേ, കാലം എത്ര മാറിയാലും പഴംകഞ്ഞിയെ മറക്കാനൊന്നും ഞങ്ങൾക്ക് ആവൂല്ല കേട്ടാ.

തലസ്ഥാനത്ത് കരമന കിള്ളിപ്പാലത്ത് കിള്ളിയാറിന്റെ കരയിലൂടെ ആറ്റുകാൽ ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിലെ 'മൂപ്പിലാൻസിൽ" വന്നാൽ മതി നല്ല സ്വയമ്പൻ തണുത്ത പഴിഞ്ഞി രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ നിങ്ങളെ കാത്ത് ഉണ്ടാകും.ജീവിതവഴിയിൽ കടബാദ്ധ്യത വന്ന് തലയിൽ കയറിയപ്പോഴാണ് വിജയകുമാരി ഒരു ചെറിയ ഹോട്ടൽ തുടങ്ങിയാലോ എന്ന് ആലോചിച്ചത്. എല്ലായിടത്തും ഹോട്ടലും തട്ടുകടയുമൊക്കെയുണ്ട്. ഒരു ചേയ്ഞ്ച് ഉണ്ടെങ്കിലേ കച്ചവടം പൊടിപൊടിക്കൂ എന്ന് വിജയകുമാരിക്ക് അറിയാമായിരുന്നു. മകൻ സതീഷും മരുമകൻ ശ്യാമും കൂടി ചേർന്നപ്പോഴാണ് ഈ പൊളപ്പൻ ഐഡിയ കിട്ടിയത്. അങ്ങനെയാണ് കടയിലെ വിഭവം പഴംകഞ്ഞിയായത്.

pazhamkanji

തലേനാൾ ഉണ്ടാക്കുന്ന കഞ്ഞി വിജയകുമാരി വിളമ്പി തുടങ്ങിയപ്പോൾ പഴംകഞ്ഞി പ്രിയരൊക്കെ കൂട്ടത്തോടെ എത്തിത്തുടങ്ങി. മൺകലത്തിൽ പഴംകഞ്ഞിയും മരിച്ചീനി വേവിച്ചതും അച്ചാറുമായാണ് വിളമ്പുന്നത്. കൂടെ കടിച്ച് തിന്നാൻ കാന്താരി മുളകും ഉണക്കമീനും. ചട്ടിക്കകത്തെ കഞ്ഞി കണ്ട് ചില ന്യൂ ജനറേഷൻ പിള്ളേർ 'ചേച്ചിയേ സ്പൂൺ ഉണ്ടോ" എന്നു ചോദിച്ചു. സ്പൂൺ കൊടുത്തു. സ്പൂണിൽ കോരി കഴിച്ചിട്ടങ്ങ് ശരിയാവുന്നില്ല. പിള്ളേര് ചുറ്റും നോക്കി ചേട്ടന്മാർ കൈകൊണ്ട് കഴിച്ചിട്ട് അവസാനം ചട്ടിയോടെ കമിഴ്ത്തി കുടിക്കുന്നു. പിള്ളേരും സ്പൂൺ കളഞ്ഞു.

കഞ്ഞി റെഡിയാക്കിയ ശേഷം അതിൽ തൈര് ഒഴിച്ച് മുളകും മല്ലിയിലയും ഇഞ്ചിയുമൊക്കെ ഇട്ടും വയ്ക്കും അടുത്ത ദിവസം അത് പഴംകഞ്ഞി. 'മൂപ്പിലാൻ" തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് മൂന്ന് വർഷത്തോളമാകുന്നു. രാവിലെ 11ന് തന്നെ വാങ്ങാൻ തിരക്കു തുടങ്ങും. 60 രൂപയാണ് ഒരു ചെറുകലം കഞ്ഞിയുടെ വില.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE