മോദിയുടെ ഹെയർ സ്‌റ്റൈലിസ്‌റ്റിന്റെ മാസശമ്പളം 15 ലക്ഷം രൂപ! 2018ൽ പ്രചരിച്ച വ്യാജ വാർത്തകൾ

എസ്.എം.അസ്‌ലം | Sunday 30 December 2018 7:46 PM IST
narendra-modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് 15 ലക്ഷംരൂപ മാസശമ്പളം പറ്റുന്ന വിദേശ ഹെയർ സ്‌റ്റൈലിസ്റ്റ് ഉണ്ട്, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പൊതുവേദിയിൽ സ്ത്രീയെ കടന്ന് പിടിച്ചു, ശബരിമലയിലെത്തിയ അയ്യപ്പനെ പൊലീസുകാരൻ ബൂട്ടിട്ട് ചവിട്ടുന്നു, പ്രളയം കാരണം സംസ്ഥാനത്ത് ഇനി പെട്രോൾ കിട്ടില്ല... കേരളത്തിലെ വാട്സ്ആപ്പ് വാർത്താ ബിരുദ ധാരികൾ 2018ൽ പടച്ചുവിട്ട വ്യാജ വാർത്തകളിൽ ചിലത് മാത്രമാണിത്. വാർത്തയുടെ ഉറവിടമോ ക്രെഡിബിലിറ്റിയോ നോക്കാതെ കിട്ടിയ വാർത്തകളെല്ലാം ഷെയർ ചെയ്‌തപ്പോൾ ചിലരെയെങ്കിലും പറ്റിക്കാൻ കഴിഞ്ഞുവെങ്കിലും സത്യത്തെ മൂടിവയ്‌ക്കാൻ കഴിഞ്ഞില്ലെന്നത് തന്നെയാണ് നേര്. ഇത്തരത്തിൽ പോയ വർഷത്തിൽ കേരളം ചർച്ച ചെയ്‌ത വ്യാജ വാർത്തകൾ ഏതൊക്കെയാണെന്ന് നോക്കാം...

1. മോദിയുടെ ഹെയർസ്‌റ്റൈലിസ്‌റ്റ്

ഗൂഗിളിന്റെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ്. പ്രധാനമന്ത്രിക്ക് 15 ലക്ഷംരൂപ മാസ ശമ്പളം പറ്റുന്ന ഒരു ഹെയർ സ്‌റ്റൈലിസ്‌റ്റ് ഉണ്ടെന്നതായിരുന്നു ഇത്തരത്തിൽ ഏറ്റവും കൂടുതൽ പ്രചരിച്ച വാർത്ത. എന്നാൽ ഈ ചിത്രം ലണ്ടനിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തിൽ മോദിയുടെ മെഴുക് പ്രതിമ സ്ഥാപിക്കുന്നതിന് വേണ്ടി നടത്തിയ അളവെടുപ്പിന്റേതായിരുന്നു. മോദി അസദുദ്ദീൻ ഒവൈസിയുട കാൽ തൊട്ട് വന്ദിച്ചുവെന്ന പേരിൽ പ്രചരിച്ച ചിത്രവും പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു.

2.രാഹുൽ ഗാന്ധിയുടെ അതിക്രമം

വ്യാജവാർത്തക്കാരുടെ രണ്ടാമത്തെ ഇര കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ്. പൊതുവേദിയിൽ വച്ച് രാഹുൽ ഒരു സ്ത്രീയെ അപമാനിച്ചുവെന്നാണ് ഒരു വിഭാഗം പേർ വാർത്തകൾ പ്രചരിപ്പിച്ചത്. എന്നാൽ ജൻആന്തോളൻ റാലിയിൽ പങ്കെടുക്കുന്ന ചിത്രമായിരുന്നു ഇതെന്ന് പിന്നീട് തെളിഞ്ഞു.

സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രളയവുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ കേരളത്തിൽ പ്രചരിച്ചത്. ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഏറെ പണിപ്പെടേണ്ടി വന്നതും നമ്മൾ കണ്ടതാണ്. ഇത്തരത്തിൽ പ്രളയകാലത്തെ ചില വ്യാജ വാർത്തകളാണ് ഇനി

3.ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാനത്തെ പെട്രോൾ തീർന്ന് പോകും

പ്രളയത്തെ തുടർന്ന് വൈകുന്നേരത്തോടെ ഇന്ധനം തീർന്ന് പോകുമെന്നും എല്ലാവരും ആവശ്യത്തിന് ഇന്ധനം നിറയ്‌ക്കണമെന്നുമായിരുന്നു സന്ദേശം. കേട്ടവർ കേൾക്കാത്തവർ പെട്രോൾ പമ്പുകളിലേക്കോടി,​ അപ്രതീക്ഷിതമായി കൂടുതൽ ആളെത്തിയതോടെ മിക്ക പെട്രോൾ പമ്പിലും സ്‌റ്റോക്ക് തീർന്നു. വാഹനത്തിൽ ഫുൾ ടാങ്ക് അടിച്ചതിനൊപ്പം കന്നാസുകളിൽ കൂടി ആളുകൾ പെട്രോൾ നിറച്ചത് സ്ഥിതി ഗുരുതരമാക്കി. പ്രചാരണം തെറ്റാണെന്ന് മാദ്ധ്യമങ്ങൾ വഴി അധികൃതർ അറിയിച്ചെങ്കിലും ആളുകൾ അടങ്ങിയില്ല. ഒടുവിൽ അനധികൃതമായി പെട്രോൾ വാങ്ങിക്കൂട്ടുന്നവരെ അറസ്‌റ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങൾ കെട്ടടങ്ങിയത്.

4. വൈദ്യുതി ഓഫാക്കും, ദിവസങ്ങളോളം കേരളം ഇരുട്ടിലാകും

പ്രളയം മൂലം റിസർവോയറുകൾ തകർന്നതിനാൽ അറിയിപ്പുണ്ടാകാതെ കേരളത്തിലെ മുഴുവൻ സ്ഥലത്തെയും വൈദ്യുത ബന്ധം വിച്ഛേദിക്കുമെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഇത് ജനങ്ങളെ തെല്ലൊന്നുമല്ല പരിഭ്രാന്തിയിലാക്കിയത്. തുടർന്ന് വൈദ്യുത മന്ത്രി എം.എം.മണി വാർത്താ സമ്മേളനം വിളിച്ച് ഇക്കാര്യം തെറ്റാണെന്ന് അറിയിക്കുകയായിരുന്നു.

5.മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നു

കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നത് മൂലമാണെന്ന പ്രചാരണം സംസ്ഥാനത്ത് മുഴുവൻ പ്രചരിച്ചു. ചില രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്‌തു. എന്നാൽ ഇത് തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കേരളത്തിലെ മറ്റ് ചില വ്യാജ വാർത്തകൾ

6.വാട്സ്ആപ്പ് ഹർത്താൽ

ജമ്മുകാശ്‌മീരിലെ കത്വയിൽ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പെൺകുട്ടിക്ക് നീതിനൽകണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പിലൂടെ ഷെയർ ചെയ്യപ്പെട്ട ഒരു സന്ദേശത്തിന് പിറകെ കേരളത്തിൽ ഒരു ഹർത്താൽ നടന്നു. നാഥനില്ലാത്ത ഈ ഹർത്താലിൽ സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ അക്രമമുണ്ടായി. ഹർത്താലിന് ആഹ്വാനം ചെയ്‌തവരെയും അക്രമമുണ്ടാക്കിയവരെയും പിന്നാലെ പൊലീസ് അറസ്‌റ്റ് ചെയ്യുകയുണ്ടായി. ഇരുചേരികളിൽ നിൽക്കുന്ന രണ്ട് തീവ്രസംഘടനകളുടെ പ്രവർത്തകരായിരുന്നു ഇതിലേറെയും.

7.അയ്യപ്പനെ ബൂട്ടിട്ട് ചവിട്ടുന്ന പൊലീസുകാരൻ

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിഷയം കത്തിനിൽക്കുന്നതിനിടയിൽ പ്രചരിച്ച ഒരു ചിത്രം ദേശീയതലത്തിൽ അടക്കം വൻ വിവാദങ്ങൾക്ക് കാരണമായി. അയ്യപ്പഭക്തനെ പൊലീസുകാരൻ ബൂട്ടിട്ട് ചവിട്ടുന്ന രീതിയിലുള്ളതായിരുന്നു ചിത്രം. എന്നാൽ ഇതിനെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ആർ.എസ്.എസ് പ്രവർത്തകനായ രാജേഷ്.ആർ.കുറുപ്പിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ഇതിന് പിന്നാലെ ബി.ജെ.പി ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പോലും ഈ ചിത്രം ഉപയോഗിച്ചുവെന്നത് സംഭവത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.

8.അയ്യപ്പജ്യോതിയിൽ ഋഷിരാജ് സിംഗ്

ശബരിമല കർമസമിതി കഴിഞ്ഞ ദിവസം നടത്തിയ അയ്യപ്പജ്യോതിയിൽ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന വാർത്തയും വലിയ തോതിൽ പ്രചരിക്കപ്പെട്ടു. ഇതിന് പിന്നാലെ ഋഷിരാജ് സിംഗിന്റെ പരാതിയിൽ ബി.ജെ.പി നേതാവായ തിരുവല്ല സ്വദേശി ജയനെ പൊലീസ് പിടികൂടി. തൃശൂർ കൊരട്ടി സ്വദേശിയായ നേവിയിലെ റിട്ട. ഉദ്യോഗസ്ഥൻ മോഹൻദാസിന്റെ ചിത്രം ഉപയോഗിച്ചാണ് ഋഷിരാജ് സിംഗെന്ന രീതിയിൽ വ്യാജ പ്രചരണം നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE