കനലിൽ പുകയുന്ന തന്തൂരി ചായ, ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് കുടിച്ചിരിക്കണം...

Sunday 16 December 2018 2:21 PM IST
-tandoor-tea

ഒരു കാലത്ത് മലയാളി ഹോട്ടലിൽ നിന്നും കഴിച്ചിരുന്നത് പൊറോട്ടയും ചിക്കൻ ഫ്രൈയും മസാല ദോശയുമൊക്കെ ആയിരുന്നെങ്കിൽ ഇന്ന് കാലം മാറി. ലോകം മുഴുക്കെ സഞ്ചരിച്ച് തിരികെയെത്തിയ മലയാളി അവിടുത്തെ ഭക്ഷണ സംസ്‌ക്കാരത്തെയും കൂടെക്കൂട്ടിയിരുന്നു. അങ്ങനെയാണ് കേരളത്തിലേക്ക് തന്തൂരി വിഭവങ്ങൾ എത്തുന്നത്. തന്തൂരി ചിക്കൻ,​ തന്തൂരി റൊട്ടി,​ തന്തൂരി ബിരിയാണി ഇങ്ങനെ തുടങ്ങി ഇപ്പോഴിതാ തന്തൂരി ചായയും മലയാളി കുടിക്കാൻ തുടങ്ങി. ആലപ്പുഴ ദേശീയ പാതയോരത്തെ ഐസും ഗ്ലാസും എന്ന കടയിലെ തന്തൂരി ചായയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

തന്തൂരി അടുപ്പിൽ വച്ച് ചൂടാക്കിയ മൺകപ്പുകളിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരുന്ന ചായ പകരുകയാണ് ആദ്യ പടി. ഇതോടെ ചായ പതഞ്ഞുപൊന്തും. മൺകപ്പിലെ ചൂട് അവസാനിക്കുന്നത് വരെയും ചായ ഇതിലേക്ക് ഒഴിക്കും. പിന്നെ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മറ്റൊരു മൺകപ്പിലേക്ക് പകർന്നതിന് ശേഷം ചൂടോടെ വിളമ്പും.

-icum-glassum

രുചി

വിവിധ തരത്തിലുള്ള മസാലകൾ ചേർത്താണ് ഓരോ ദിവസവും ചായ തയ്യാറാക്കുന്നത്.ചായയിൽ ചേർക്കുന്ന മസാലക്കൂട്ടുകൾ ഇടയ്‌ക്കിടയ്‌ക്ക് മാറ്റാറുണ്ടെന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ ചായ മാസ്‌റ്റർ അലി ഭായ് പറയുന്നു. എന്തൊക്കെ മസാലകളാണ് ഇതിൽ ചേർത്തിരിക്കുന്നതെന്ന് ചോദിക്കുമ്പോൾ പുകയിലക്കറ നിറഞ്ഞ പല്ല് കട്ടി ചിരിച്ചതല്ലാതെ അലി ഭായ്‌ക്ക് ഉത്തരമില്ല (ട്രേഡ് സീക്രട്ടാണ് ഭായ് കഞ്ഞി കുടി മുട്ടിക്കരുത് എന്നാണ് ചിരിയുടെ അർത്ഥം). മുമ്പ് പലതവണ ചായ കുടിച്ചിട്ടുണ്ടെങ്കിലും ചായ ഒരു അത്ഭുതമാണെന്ന് തോന്നിയത് ഇപ്പോഴാണെന്ന് പറയാൻ കഴിയില്ലെങ്കിലും മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു രുചിയാണ് മസാല ചായയ്‌ക്കുള്ളതെന്ന് നിസംശയം പറയാം. മസാലക്കൂട്ടിന്റെ രുചിയും കനലിൽ ചുട്ടെടുത്ത മൺകപ്പിന്റെ രുചിയും ചേരുമ്പോൾ തന്തൂരി ചായ ഭക്ഷണ പ്രേമികളുടെ മെനുവിൽ ഇടം പിടിക്കുമെന്ന് ഉറപ്പ്. 15 രൂപയാണ് തന്തൂരി ചായയുടെ വില.

ജനനം പൂനെയിൽ നിന്ന്

മഹാരാഷ്ട്രയിലെ പൂനെയിൽ ബി.എസ്.സി ബിരുദധാരിയായ ഒരു ചെറുപ്പക്കാരന് തോന്നിയ ഐഡിയയാണ് തന്തൂരി ചായയിലേക്ക വഴി വച്ചത്. തണുപ്പുകാലത്ത് ഗ്രാമങ്ങളിൽ മൺകപ്പുകളിലെ ചായ കനലിൽ വച്ച് ചൂടാക്കി കഴിക്കുന്നത് കണ്ട അമുൽ എന്ന ചെറുപ്പക്കാരനാണ് പൂനെയിൽ ചായ് ലെ തന്തൂർ ടീ എന്ന സ്ഥാപനം തുടങ്ങുന്നത്. സംഗതി ഹിറ്റായതോടെ കേരളത്തിൽ അടക്കം നിരവധി ചെറു സംരംഭകരാണ് തന്തൂരി ചായ ബിസിനസിലേക്ക് ഇറങ്ങുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE