ഭൂമിയുടെ ആയുസ് കുറയുന്നു, എല്ലാം അവസാനിക്കാൻ വെറും രണ്ട് മിനിട്ട് മതിയെന്ന് ശാസ്ത്രലോകം

Monday 04 February 2019 3:21 PM IST
dooms-day-clock

ന്യൂയോർക്ക്: ലോകാവസാനത്തെക്കുറിച്ച് പ്രതിപാദിക്കാത്ത ഒരു മതങ്ങളും ഇന്ന് ഭൂമിയിലില്ല. ചില മതഗ്രന്ഥങ്ങൾ ഇക്കാര്യത്തിൽ വ്യക്തമായ പ്രവചനങ്ങൾ നടത്തുമ്പോൾ ചിലത് ചില സൂചനകൾ മാത്രം നൽകുന്നു. എന്നാൽ എല്ലാം നശിക്കാൻ വെറും രണ്ട് മിനിട്ടുകൾ മതിയെന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തൽ. ബുള്ളറ്റിൻ ഒഫ് അറ്റോമിക് സയന്റിസ്‌റ്റിന്റെ ഡൂംസ് ഡേ ക്ലോക്കാണ് ലോകാവസാനത്തിന് രണ്ട് മിനിട്ടുകൾ മാത്രം മതിയെന്ന പ്രവചനം നടത്തിയത്. 1953ലെ ശീതയുദ്ധകാലത്തേതിന് സമാനമായ സാഹചര്യങ്ങളാണ് ക്ലോക്കിലെ സമയം ഇത്തരത്തിൽ സെറ്റ് ചെയ്യാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് സംഘാടകർ പറയുന്നു. കഴിഞ്ഞ വർഷത്തേതിൽ നിന്നും ക്ലോക്കിന് മാറ്റങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നതും ലോകം അഭിമുഖീകരിക്കുന്ന അപകടത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു.

dooms-day-clock

വീണ്ടും ശീതയുദ്ധം?

1953ൽ സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്തും ഡൂംസ് ഡേ ക്ലോക്ക് രണ്ട് മിനിട്ടിലേക്ക് താഴ്‌ന്നിരുന്നു. സോവിയറ്റ് യൂണിയൻ ഹൈഡ്രജൻ ബോംബും അമേരിക്ക ആണവ ബോംബും പരീക്ഷച്ചതിന് പിന്നാലെ ഇരുമുന്നണികളും സൈനിക നീക്കം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങളാണ് ക്ലോക്കിലെ സമയം കുറച്ചത്. 2018ലും സമാനമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ക്ലോക്കിലെ സമയം രണ്ട് മിനിറ്റായി സെറ്റ് ചെയ്‌തിരുന്നു. വീണ്ടുമൊരു ശീതയുദ്ധമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ക്ലോക്കിലെ സമയം അതേപടി നിലനിറുത്താൻ ബുള്ളറ്റിൻ ഒഫ് അറ്റോമിക് സയന്റിസ്‌റ്റിനെ പ്രേരിപ്പിച്ചത്.

dooms-day-clock

രണ്ട് കാരണങ്ങൾ

ആണവ ബോംബുകളുടെ ഭീഷണിക്ക് പുറമെ നിയന്ത്രിക്കാനാവാത്ത വിധം വർ‌ദ്ധിച്ച് കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും ലോകത്തിന്റെ നാശത്തിന് ഹേതുവായേക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നിരന്തരമായ ശ്രമങ്ങൾ ഉണ്ടായെങ്കിലും കഴിഞ്ഞ 12 മാസത്തിനിടെ കാര്യങ്ങൾ കൂടുതൽ വഷളായതേയുള്ളൂ. ആണവ നിർവ്യാപനത്തിനുള്ള നിരവധി കരാരുകൾ നിലവിലുണ്ടെങ്കിലും അവയൊക്കെ ലംഘിച്ച് ആണവ ശക്തികൾ പരസ്‌പരം പ്രകോപനം തുടരുന്നതും ഇതിനോടൊപ്പം തന്നെ തങ്ങളുടെ ആണവായുധങ്ങൾ വർദ്ധിപ്പിക്കുന്നതും തിരിച്ചടിയായി. അടുത്തിടെ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ആയുധങ്ങൾ നിർമിക്കുമെന്ന് അമേരിക്കയും റഷ്യയും സൂചന നൽകിയിരുന്നു. ഇതിന് പുറമെ ലോകത്ത് എവിടെ നിന്നും വിക്ഷേപിക്കപ്പെടുന്ന മിസൈലുകൾ കൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് തകർക്കാൻ കഴിയുന്ന സംവിധാനം വികസിപ്പിക്കുമെന്ന് ട്രംപ് ഭരണകൂടവും നിലപാടെടുത്തു. ഈ സംവിധാനത്തെ മറികടക്കാൻ കൂടുതൽ പ്രഹര ശേഷിയുള്ള മിസൈലുകൾ നിർമിക്കാൻ റഷ്യ ശ്രമിച്ചാൽ വീണ്ടുമൊരു ശക്തിപ്രകടനത്തിന് ലോകം സാക്ഷിയാകേണ്ടി വരും. ലോകം മറ്റൊരു ശീതയുദ്ധത്തിലേക്ക് കടക്കുമോ എന്നും ആശങ്കയുമുണ്ട്.

dooms-day-clock

കാലാവസ്ഥാ മാറ്റം

ആഗോള കാർബർ ബഹിർഗമന നിരക്കിൽ 2017നേക്കാൾ വൻ വർദ്ധനവുണ്ടായതായാണ് കണക്ക്. ഇത് തടയാൻ ഓരോ രാജ്യങ്ങളും തങ്ങളുടേതായ ശ്രമങ്ങൾ നടത്തണം. ഈ നൂറ്റാണ്ടിന്റെ പകുതിയിലെങ്കിലും കാർബർ ബഹിർഗമന നിരക്ക് പൂജ്യത്തിലെത്തിച്ചില്ലെങ്കിൽ വൻ അപകടമായിരിക്കും കാത്തിരിക്കുന്നത്. ഇതിനായി ഓരോ വർഷവും സ്വീകരിക്കേണ്ട കർമ പദ്ധതികൾ ഓരോ രാജ്യങ്ങളും തയ്യാറാക്കണമെന്ന് ബുള്ളറ്റിൻ ഒഫ് അറ്റോമിക് സയന്റിസ്‌റ്റ് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് 2015ൽ പാരീസിൽ വച്ച് ഉണ്ടാക്കിയ ഉടമ്പടി പോലും ലോകത്തെ വൻകിട രാഷ്ട്രങ്ങൾ അവഗണിക്കുന്ന കാഴ്‌ചയാണ് ഇപ്പോഴുള്ളത്.

dooms-day-clock

വ്യാജ വാർത്തകൾ

ഇതിനെല്ലാം പുറമെ സാധാരണ ജനങ്ങളിലേക്കെത്തുന്ന വാർത്തകളിൽ അധികാരികൾ ബോധപൂർവം മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നും ബുള്ളറ്റിൻ ഒഫ് അറ്റോമിക് സയന്റിസ്‌റ്റ് പറയുന്നു. പലയിടങ്ങളിലും, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ, ഭരണാധികാരികളും അവരുടെ അനുയായികളും ചേർന്ന് അസത്യത്തെ സത്യമായി അവതരിപ്പിക്കാൻ ശ്രമം നടക്കുന്നു. സത്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നു. ഇത് ശാസ്ത്രം, തിരഞ്ഞെടുപ്പ്, ജനാധിപത്യം തുടങ്ങിയവയിൽ ജനങ്ങൾക്കുള്ള വിശ്വാസം പതിയെ നശിപ്പിക്കും. പതിയെ ലോകത്താകെ അശാന്തി പടരുമെന്നും അത് സർവനാശത്തിലേക്ക് വഴിവയ്‌ക്കുമെന്നും ബുള്ളറ്റിൻ ഒഫ് അറ്റോമിക് സയന്റിസ്‌റ്റ് പറയുന്നു.

cold-war-again

തിരിച്ച് പിടിക്കണം

എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തെ പഴയ രീതിയിലേക്ക് തിരിച്ച് പിടിക്കാൻ കഴിയുമെന്നാണ് ബുള്ളറ്റിൻ ഒഫ് അറ്റോമിക് സയന്റിസ്‌റ്റിന്റെ പ്രതീക്ഷ. എന്നാൽ ഇതിന് ലോക നേതാക്കളുടെ കാര്യക്ഷമമായ ഇടപെടൽ ആവശ്യമാണ്. 1991ൽ ഡൂംസ് ഡേ ക്ലോക്ക് 17 മിനിട്ടിലേക്ക് ചുരുങ്ങിയിരുന്നു. ആ പഴയ കാലത്തേക്ക് ലോകം തിരികെ മടങ്ങുമെന്ന പ്രതീക്ഷയാണ് സമിതി വച്ച് പുലർത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE