SignIn
Kerala Kaumudi Online
Friday, 19 April 2024 3.29 PM IST

ഹര ഹരോ, ഹര ഹര... സ്വാമിയേ ഹര ഹര...


ആലപ്പുഴ: പുലർച്ചെ തുടങ്ങി സൂര്യനസ്തമിക്കും വരെ 'ഹരഹരോ, ഹരഹര' മന്ത്രധ്വനികൾ നിറഞ്ഞുനിന്ന വീഥികൾ അക്ഷരാർത്ഥത്തിൽ ഇന്നലെ ഭക്തജനസാഗരമായി. ഒരു മാസത്തോളം നീണ്ട കഠിന വ്രതത്തിന്റെ പരിസമാപ്തിദിവസം സർവതും മറന്ന് സുബ്രഹ്മണ്യനിൽ ലയിച്ചു കാവടിയുമായി ഉറഞ്ഞാടിയ സ്വാമിമാരെ നിയന്ത്രിക്കുകയെന്നത് ഒപ്പമുള്ളവർക്ക് ക്ളേശകരമായ ഒന്നായി. കുരുന്നുകൾ മുതൽ വാർദ്ധക്യത്തിന്റെ അവശതകൾ അടുത്തുള്ളവർ വരെ കാവടിലഹരിയിൽ ഒന്നായി മാറിയ കാഴ്ചയായിരുന്നു എങ്ങും.

പ്ലാവിൻ തടിയിൽ തീർത്ത ചട്ടത്തിൽ മയിൽപ്പീലിയും വർണക്കടലാസുകളും ചേർത്ത് അലങ്കരിച്ച കാവടികളും അറുമുഖ കാവടി, ജീവത കാവടി, തേരിന്റെ ആകൃതയിലുള്ള വലിയ കാവടികൾ എന്നിവയും തോളിലേന്തി പതിനായിരങ്ങളാണ് വിവിധ ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. പമ്പമേളം, അമ്മൻകുടം, ചെണ്ടമേളങ്ങൾ എന്നിവ ഘോഷയാത്രകൾക്ക് കൊഴുപ്പേകി.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കലവൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തലവടി തെക്കൻപഴനി ശ്രീസുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്രം, അമ്പലപ്പുഴ നവരാക്കൽ ക്ഷേത്രം, തലവടി മണത്തറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചേർത്തല പുത്തനമ്പലം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് വലിയ ഘോഷയാത്രകൾ നടന്നത്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ മൂന്നിനു തുടങ്ങിയ കാവടി വരവ് രാത്രിവരെ തുടർന്നു. സമീപ പ്രദേശത്തുള്ള നാൽപ്പതോളം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് 15,000ൽ അധികം കാവടി സ്വാമിമാരാണ് ഇത്തവണ എത്തിയത്. പുലർച്ചെ മൂന്നിനു ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള മേൽശാന്തി മഠത്തിൽ നിന്നു എണ്ണക്കാവടികളാണ് ആദ്യമെത്തിയത്. തുടർന്ന് നെയ്, ശർക്കര, പാൽ, തേൻ, കരിമ്പിൻ നീര്, കരിക്ക്, പനനീർ തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച കാവടികളെത്തി.

തെക്കനാര്യാട് തലവടി തെക്കൻപഴനി ശ്രീസുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്രത്തിൽ നിരവധി ഭക്തർ കാവടിയെടുത്തു. ഇന്നലെ വൈകിട്ട് കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ നിന്നാണ് കാവടി ഘോഷയാത്ര ആരംഭിച്ചത്. സമീപ ക്ഷേത്രങ്ങളിൽ നിന്നെത്തിയ കാവടി സ്വാമിമാർ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ സംഗമിച്ച ശേഷം വൈകിട്ടോടെ തെക്കനാര്യാട് ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. കലവൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും തൈപ്പൂയക്കാവടി ഉത്സവം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.