SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.48 AM IST

പരിശോധന 'ആരോഗ്യ'ത്തിൽ ഒതുങ്ങില്ല; അതിക്രമങ്ങളിലേക്കും

t


ആലപ്പുഴ: ആരോഗ്യ വിവരങ്ങൾക്കൊപ്പം സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർ നേരിടുന്ന അതിക്രമ വിവരങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാൻ ഫീൽഡ് വർക്കർമാർക്ക് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. പൊതുജനാരോഗ്യ നിയമലംഘനങ്ങൾക്കു പുറമെ ഓരോ പ്രദേശത്തും നടക്കുന്ന ക്രിമിനൽ സംഭവങ്ങൾ കൂടി ആരോഗ്യപ്രവർത്തകർ കണ്ടെത്തി അറിയിക്കണമെന്നാണ് ഉത്തരവിലുള്ളത്.

ലൈംഗികാതിക്രമങ്ങൾ, ഗാർഹിക പീഡനം, ശൈശവ വിവാഹം, ബാലാവകാശ ലംഘനം, ബാലവേല, മുതിർന്ന പൗരന്മാർക്കെതിരെയുള്ള അതിക്രമങ്ങൾ, ഭിന്നശേഷിക്കാർ നേരിടുന്ന നിയമലംഘനങ്ങൾ തുടങ്ങിയവയാണ് കണ്ടെത്തേണ്ടത്. ആരോഗ്യമേഖലയിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ പുതിയ നടപടി. വീടുകളിൽ മൂടിവയ്ക്കപ്പെടുന്ന നിയമലംഘനങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഹെൽത്ത് ഇൻസ്പെക്ടർമാരും ആശാവർക്കർമാരുമാണ് പ്രധാനമായും പ്രദേശിക തലത്തിൽ വീടുകളിൽ നിന്ന് ആരോഗ്യ വിവര ശേഖരണം നടത്തുന്നത്. ഇവരെയാണ് നിയമ ലംഘനങ്ങൾ റിപ്പോർട്ടു ചെയ്യാനും ചുമതലപ്പെടുത്തുന്നത്.

കണ്ടെത്തേണ്ട നിയമലംഘനങ്ങളുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും അധികൃർക്കോ പൊലീസിനോ അവ കൈമാറുന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. പരിഷ്‌കാരവുമായി ബന്ധപ്പെട്ട് നൽകുന്ന പരിശീലനത്തിൽ കൂടുതൽ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാക്കും.

വിശാല വിവരശേഖരണം

പൊതുജനാരോഗ്യ നിയമം, പെൺഭ്രൂണഹത്യ തടയാനുള്ള പി.സി ആൻഡ് പി.എൻ.ഡി.ടി ആക്ട് (1994), സിഗററ്റിന്റെയും പുകയില ഉത്പന്നങ്ങളുടെയും നിയന്ത്രണത്തിനുള്ള കോട്പാ ആക്ട് (2003) എന്നിവയുടെ ലംഘനങ്ങൾ കണ്ടെത്തുന്ന ചുമതല മാത്രമാണ് നിലവിൽ ആരോഗ്യ പ്രവർത്തകർക്കുണ്ടായിരുന്നത്. പോക്‌സോ ആക്ട് (2012), ഗാർഹിക പീഡന നിരോധന നിയമം (2005), ശൈശവ വിവാഹ നിരോധന നിയമം (2005), ബാലാവകാശ നിയമം (2005), ബാലവേല നിരോധന നിയമം (1986), ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ (2013), പേഴ്‌സൺ വിത്ത് ഡിസെബിലിറ്റി ആക്ട്, പഞ്ചായത്തീരാജ് ആക്ട് എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിട്ടുള്ളത്.


ആരോഗ്യ പരിശോധനയും വിപുലം


പൊതുജനാരോഗ്യ നിയമലംഘനങ്ങൾ കണ്ടെത്താൻ വീടുകൾക്ക് പുറമെ നിർമ്മാണശാലകൾ, ഫാക്ടറികൾ, ഭക്ഷ്യവ്യാപാര-വിപണനശാലകൾ, കന്നുകാലി ഫാമുകൾ, കശാപ്പുശാലകൾ, അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, സ്‌കൂളുകൾ, ഹോസ്റ്റലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ ആരോഗ്യ പരിശോധന നടത്തണം.

ആശങ്കയുമുണ്ട്

പുതിയ നിർദ്ദേശം നടപ്പാക്കുമ്പോൾ പ്രാദേശിക തലത്തിൽ വിവര ശേഖരണം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉത്തരവിലില്ല. ഇത് ഭീഷണിയാണ്. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നൽകുന്ന വിവരങ്ങൾ റിപ്പോർട്ട് ചെയ്താൽ സ്ഥിതി കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. നിയമ ലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുമ്പോൾ വാർഡ് തലങ്ങളിൽ ജനമൈത്രി പൊലീസിന്റെ സേവനം ഉറപ്പാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.