
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് സി.എസ്. സുജാത സംസാരിക്കുന്നു
സംസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് രൂപം കൊണ്ടപ്പോൾ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ഇപ്പോഴത്തെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻ എം.പിയുമായ സി.എസ്. സുജാതയായിരുന്നു. 29-ാം വയസിൽ പ്രസിഡന്റായ സി.എസ്. സുജാത സംസാരിക്കുന്നു.
ആദ്യ പ്രസിഡന്റ് എന്ന നിലയിലെ വെല്ലുവിളി?
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതിന് മുമ്പ് ഞാൻ ജില്ലാ കൗൺസിലിൽ മെമ്പറായിരുന്നു. ജി. സുധാകരനായിരുന്നു അന്ന് ജില്ലാ കൗൺസിൽ പ്രസിഡന്റ്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ സാധിച്ചതിനാൽ എങ്ങനെ പ്രവർത്തിക്കണമെന്ന ധാരണയുണ്ടായിരുന്നു
അന്നത്തെ മത്സരം എങ്ങനെയായിരുന്നു?
അന്ന് ജനറൽ വാർഡായിരുന്ന ചാരുംമൂട്ടിൽ നിന്നാണ് വിജയിച്ചത്. സാദിഖ് അലി ഖാൻ ആയിരുന്നു എതിർ സ്ഥാനാർത്ഥി. വലിയ മത്സരം തന്നെ നടന്നു. തുടർന്ന് സി.പി.എം, സി.പി.ഐ ധാരണയിൽ മൂന്നുവർഷം പ്രസിഡന്റായി.
രണ്ടാം ടേമിലും പ്രസിഡന്റ് പദവിയിലേക്ക് എത്തിയത് എങ്ങനെ?
ആദ്യ സമയത്തെ വികസന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് രണ്ടാം ടേമിലും പ്രസിഡന്റ് പദവി ലഭിച്ചത് . അന്ന് ഫണ്ട് വളരെ കുറവാണ്. എങ്കിലും വിദ്യാഭ്യാസം, കുടിവെള്ളം, തരിശുഭൂമി കൃഷി തുടങ്ങിയ മേഖലകളിൽ ഒരുപാട് പ്രവർത്തനങ്ങൾ ചെയ്തു. വികസന പ്രവർത്തനങ്ങളിൽ അന്നത്തെ പ്രതിനിധികൾ രാഷ്ട്രീയം കാണിച്ചിരുന്നില്ല. അന്ന് ചാനൽ ഇന്റർവ്യൂവിൽ പ്രതിപക്ഷ നേതാവ് ഗോപാല പിള്ളച്ചേട്ടൻ മികച്ച ഭരണമാണെന്ന് പറഞ്ഞിരുന്നു. അന്ന് മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരവും ലഭിച്ചു. രണ്ടാംതവണ ജനറൽ വാർഡായ പുന്നപ്രയിൽ നിന്നാണ് വിജയിച്ചത്. പ്രസിഡന്റും ജനറൽ വിഭാഗത്തിനായിരുന്നു. എങ്കിലും വനിതയായ എനിക്ക് തന്നെ പ്രസിഡന്റ് പദവി ലഭിച്ചു.
അന്നത്തെ ഭരണസമിതി എങ്ങനെ?
അന്ന് മികച്ച ഭരണസമിതിയായിരുന്നു. നിരവധി പ്രമുഖർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. സജി ചെറിയാൻ, ജോൺസൺ എബ്രഹാം, ഷാനിമോൾ ഉസ്മാൻ, ആർ. നാസർ, ടി.കെ. പളനി തുടങ്ങി വലിയ നിരതന്നെയുണ്ടായിരുന്നു.
ജില്ലാ പഞ്ചായത്ത് കെട്ടിടത്തിനുള്ള സമരം
1995ൽ ജില്ലാ പഞ്ചായത്തിന് സ്വന്തമായി കെട്ടിടമുണ്ടായിരുന്നില്ല. ആദ്യം അനുവദിച്ചത് ഇരുമ്പ് പാലത്തിന് സമീപമുള്ള ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിന്റെ മുകളിലെ നിലയിലായിരുന്നു. അവിടെ ഞങ്ങൾ ഇരുന്നിട്ടില്ല. സൗകര്യമുള്ള മുറികൾ ലഭിക്കാൻ കളക്ട്രേറ്റിൽ സമരം ചെയ്തു. അങ്ങനെ കളക്ട്രേറ്റിന്റെ രണ്ടാമത്തെ നിലയിൽ മൂന്നുമുറികൾ ലഭിച്ചു. തുടർന്നാണ് കളക്ട്രേറ്റ് വളപ്പിൽ 20 സെന്റ് സ്ഥലം ലഭിച്ചതും പുതിയ കെട്ടിടം നിർമ്മിച്ചതും. രണ്ടാമത്തെ ഭരണസമിതിയിലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
ഇനി വരുന്ന ഭരണസമിതിയോട് എന്താണ് പറയാനുള്ളത്
ആലപ്പുഴ ജില്ലാ പഞ്ചായത്ത് എന്നും ഇടതുപക്ഷത്തിനൊപ്പമാണ്. ഓരോ ഭരണസമിതിയും തുടർന്ന് കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങളാണ് കാരണം. വരുന്ന ഭരണസമിതിയും അത് തുടരും. സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ സഹായങ്ങളും ലഭിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |