SignIn
Kerala Kaumudi Online
Thursday, 28 March 2024 6.40 PM IST

പോളിംഗിലേക്ക് ഒരാഴ്ച ദൂരം

s

കളം കൊഴുപ്പിച്ച് മുന്നണികൾ

ആലപ്പുഴ: കേരളം പോളിംഗ് ബൂത്തിലെത്താൻ ഒരാഴ്ച മാത്രം ശേഷിക്കേ, പ്രചാരണം അടിത്തട്ടിൽ സജീവമാക്കുകയാണ് മുന്നണികൾ. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. അവസാന ദിനങ്ങളിൽ കുടുംബയോഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയുള്ള റോ‌ഡ് ഷോയുമുണ്ടാകും. സോഷ്യൽ മീഡിയക്ക് പുറമേ, വിവിധ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുള്ള വോട്ടുപിടുത്തവും മുന്നേറുകയാണ്. റേഡിയോ പരസ്യങ്ങൾ, ഫോണുകളിലേക്ക് സ്ഥാനാർത്ഥിയുടെ വോയ്സ് മെസേജ്, വാട്സപ്പിലും ഫെയ്സ്ബുക്കിലും സ്ഥാനാർത്ഥിയുടെ 30 സെക്കൻഡ് വീഡിയോ എന്നിവ കൂടാതെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ വിശദമാക്കുന്ന മറ്റ് വീഡിയോകളും പരമാവധി വോട്ടർമാരിലേക്ക് എത്തിക്കുന്നുണ്ട്. നിലവിലുള്ള പോരായ്മകൾ പരിഹരിച്ച് മുന്നേറാനുള്ള നീക്കമാണ് എല്ലാവരും നടത്തുന്നത്.

വിഷയം പ്രാദേശികം മുതൽ സംസ്ഥാനതലം വരെ

മണ്ഡലത്തിലെ വികസന മുരടിപ്പുകളും, പോരായ്മകളും മുതൽ സംസ്ഥാന രാഷ്ട്രീയത്തിലെ പൊതുവിഷയങ്ങൾ വരെ പ്രചാരണ വിഷയമാകുന്നു. കുടിവെള്ളക്ഷാമവും വെള്ളക്കെട്ടുകളും നടപ്പിലാകാതെ പോയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രാദേശിക തലത്തിൽ വിഷയങ്ങളാകുമ്പോൾ, സ്വർണക്കടത്തും ആഴക്കടലും കടന്ന് അരി പ്രശ്നത്തിലും ഇരട്ട വോട്ടിലും സംസ്ഥാന വിഷയങ്ങൾ പന്തലിച്ച് നിൽക്കുന്നു. ക്ഷേമ പെൻഷനും ഭക്ഷ്യക്കിറ്റും മുൻനിർത്തിയാണ് എൽ.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇരട്ടവോട്ടും, സാമ്പത്തിക പ്രതിസന്ധിയുമടക്കമുള്ള വിഷയത്തിൽ പിടിച്ച് യു.ഡി.എഫും, ഇരു മുന്നണികളെയും കടന്നാക്രമിച്ച് ബി.ജെ.പിയും പ്രചാരണം ഉഷാറാക്കുന്നു.

അടിയൊഴുക്കിന്റെ സമയം

ചാഞ്ചാടി നിൽക്കുന്ന വോട്ടർമാരെ പോക്കറ്റിലാക്കാനുള്ള കാലമാണ് പ്രചാരണത്തിന്റെ അവസാന ലാപ്പ്. രാഷ്ട്രീയത്തിൽ സ്ഥിതിഗതികൾ മാറി മറിയാൻ 24 മണിക്കൂർ ധാരാളമെന്ന തിരിച്ചറിവോടെയാണ് ഒപ്പമുള്ളവരെ മുന്നണികൾ ചേർത്തു നിർത്തുന്നതും. സീറ്റ് ലഭിക്കാതെ വന്നതോടെ പാർട്ടി ബന്ധം ഉപേക്ഷിച്ച് എതിർ ചേരിയിൽ സ്ഥാനാർത്ഥികളായവർ ആലപ്പുഴ ജില്ലയിലുമുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ ഏതാനും മണ്ഡലങ്ങളിൽ ഇടത് വലത് മത്സരാർത്ഥികൾക്കെതിരെ പാളയത്തിൽ നിന്ന് തന്നെ പടയൊരുക്കങ്ങൾ നടന്നിരുന്നു. നിലവിൽ അയഞ്ഞുനിൽക്കുന്നുണ്ടെങ്കിലും കൂട്ടത്തിൽ നിന്ന് കാലുവാരുന്നവർ തലപൊക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

ഇരട്ടവോട്ടിലെ തലവേദന

ശേഷിക്കുന്ന ദിവസങ്ങളിൽ വോട്ടർപട്ടികയിൽ ശുദ്ധികലശം നടത്തി കള്ള വോട്ട് തടയാൻ എത്രത്തോളം സാധിക്കുമെന്ന് കണ്ടറിയണം. അതത് ബൂത്തുകളിലെ വോട്ടേഴ്സ് ലിസ്റ്റ് പരിശോധനയ്ക്കായി ബൂത്ത് ലെവൽ ഓഫീസർമാർക്കാണ് നൽകിയിരിക്കുന്നത്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വോട്ടർമാരെ മരവിപ്പിക്കുക. ഇരട്ടിപ്പ് വന്നിട്ടുള്ള ഓരോ വോട്ടു സംബന്ധിച്ചും ബൂത്ത് പ്രസിഡന്റുമാർ കൃത്യമായി പരിശോധന നടത്താത്തപക്ഷം ക്രമക്കേടിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.