SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.10 AM IST

ടെൻഷൻ... ടെൻഷൻ...

s

ഫലമറിയാൻ വെമ്പലോടെ ജില്ല

ആലപ്പുഴ: ആകാംക്ഷയുടെ വോട്ടുപെട്ടിയിൽ അടവച്ചിരുന്ന ആ മുട്ടകൾ ഇന്നു വിരിയും. ഇതോടെ ഒരു മാസത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനും ഇന്നുച്ചയ്ക്ക് മുമ്പ് വിരാമമാകും.

ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളിൽ വിജയശ്രീലാളിതരായി ചിരിക്കുന്ന ഒമ്പതു പേരിൽ പകുതി പേരെങ്കിലും പുതുമുഖങ്ങളായിട്ടായിരിക്കും നിയമസഭയുടെ പടി ചവിട്ടുക. രാഷ്‌ട്രീയ പാേരാട്ടത്തിന്റെ വീറും വാശിയും ആവോളമുയർന്ന തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ ഒമ്പതിൽ എട്ടും നേടി ഇടതുമുന്നണി കരുത്ത് കാട്ടി. ഈ നേട്ടത്തിന് കോട്ടം തട്ടില്ലെന്നാണ് അവരുടെ അവകാശവാദം. എന്നാൽ, അഞ്ചിലധികം സീറ്റുകൾ പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ. വോട്ട് ക്രമാതീതമായി ഉയരുമെന്നതിനൊപ്പം ചേർത്തല മണ്ഡലവും എൻ.ഡി.എയുടെ സ്വപ്നങ്ങളിലുണ്ട്.

യു.ഡി.എഫ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ് കായംകുളം, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവ. ഹരിപ്പാടും, അരൂരും നിലനിറുത്തും. പ്രതീക്ഷകൾ ഇത്തരത്തിലാണെങ്കിലും എക്‌സിറ്റ്പോളുകൾ ഇടതുമുന്നണിക്ക് നൽകുന്ന മുൻതൂക്കം നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് മണ്ഡലങ്ങളിലെ വിജയമാണ് തിരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണി ഉറപ്പിച്ചിരുന്നത്. പിന്നീടുള്ള കണക്കു കൂട്ടലുകളാണ് കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കുമെന്ന ഘട്ടത്തിലേക്ക് എത്തിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലിരുന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുക.

ഒമ്പത് മണ്ഡലങ്ങളിൽ എട്ടിടത്തും ജയിക്കും. ഹരിപ്പാട്ട് ബി.ജെ.പി യു.ഡി.എഫിന് വോട്ടുമറിച്ചതോടെയാണ് പ്രതീക്ഷ കുറഞ്ഞത്. എന്നാൽ, പൂർണമായും തള്ളിക്കളയുന്നില്ല. ഭൂരിപക്ഷത്തെക്കുറിച്ച് വ്യക്തമായി പറയാൻ കഴിയില്ല

ആർ.നാസർ, ജില്ലാ സെക്രട്ടറി,സി.പി.എം

മികച്ച മുന്നേറ്റമുണ്ടാകും. സി.പി.എം ചില അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയെങ്കിലും അത് തരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അമ്പലപ്പുഴയും കായംകുളവും പിടിച്ചെടുക്കും. ഇത്തവണ മുഴുവൻ മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് നടന്നത്.

എം.ലിജു, ഡി.സി.സി പ്രസിഡന്റ്

ജനങ്ങൾ അംഗീകരിച്ചെന്നാണ് വിശ്വാസം. എല്ലാ മണ്ഡലങ്ങളിലും മുന്നേറ്റം നടത്തും. ചിലയിടത്ത് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു

എം.വി. ഗോപകുമാർ, ജില്ലാ പ്രസിഡന്റ്, ബി.ജെ.പി

എല്ലാ കണ്ണുകളും മെഷീനിൽ

രാവിലെ എട്ടിന് സ്ട്രോംഗ് റൂമുകൾ തുറക്കും. തിരഞ്ഞെടുപ്പ് നിരീക്ഷകൻ, സുരക്ഷാ ഉദ്യോഗസ്ഥൻ, സ്ഥാനാർത്ഥികളുടെ പ്രതിനിധി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വരണാധികാരിയാണ് തുറക്കുന്നത്. തുടർന്ന് യന്ത്രങ്ങൾ വോട്ടെണ്ണുന്ന ഹാളിലേക്ക് മാറ്റും. വോട്ടെണ്ണലിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന പ്രഖ്യാപനമാണ് വോട്ടെണ്ണുന്ന ഹാളിലെ ആദ്യ നടപടി.
പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. അരമണിക്കൂറിനുശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തുടങ്ങും. 80 വയസിന് മുകളിലുള്ളവർ, ഭിന്ന ശേഷിക്കാർ, വീടുകളിലിരുന്ന് ചെയ്ത വോട്ടുകൾ, തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വോട്ട്, സർവീസ് വോട്ടർമാരുടെ ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകൾ (ഇ.ടി.പി.ബി) എന്നിവയാണ് പോസ്റ്റൽ വോട്ടിംഗ് വിഭാഗത്തിൽ വരുന്നത്. കൗണ്ടിംഗ് സൂപ്പർവൈസർ, മൈക്രോ നിരീക്ഷകൻ, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവർ വോട്ടെണ്ണൽ ഹാളിലുണ്ടാവും.

യന്ത്രങ്ങളിൽ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടെങ്കിൽ അവ വരണാധികാരിയെ ഏൽപ്പിക്കും. പ്രശ്നരഹിതമായ യന്ത്രങ്ങൾ എല്ലാം എണ്ണിയ ശേഷം പ്രശ്നമുണ്ടെന്ന് കണ്ടെത്തിയ യന്ത്രങ്ങൾ നിരീക്ഷകനും വരണാധികാരിയും ചേർന്ന് പുന:പരിശോധിച്ച ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. വോട്ടെണ്ണൽ സംബന്ധിച്ച് സ്ഥാനാർത്ഥികളുടെ പക്ഷത്തു നിന്നു ഏതെങ്കിലും പരാതി ഉണ്ടായാൽ വരണാധികാരി അവ പരിശോധിച്ച് നടപടി സ്വീകരിക്കും. ഓരോ ടേബിളിലും ഓരോ റൗണ്ടിലും പൂർത്തിയാക്കിയ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫല പ്രഖ്യാപനം. ഓരോ റൗണ്ടിലും പൂർത്തീകരിച്ച വോട്ടുകൾ ചേർത്ത് അന്തിമ ഫലപ്രഖ്യാപനം നടത്തും.

സംശയം പരിഹരിക്കും

വോട്ടുകളുടെ എണ്ണം സംബന്ധിച്ച് ഏതെങ്കിലും തരത്തിൽ സംശയകരമായ സാഹചര്യം സ്ഥാനാർത്ഥിക്ക് ഉണ്ടായാൽ ഇ.വി.എമ്മും വി.വി പാറ്റിലെ സ്ലിപ്പും ഒരുമിച്ചു എണ്ണിത്തിട്ടപ്പെടുത്തും. വ്യത്യാസമുണ്ടായാൽ വി.വി പാറ്റിലെ സ്ലിപ്പുകളുടെ എണ്ണമായിരിക്കും അന്തിമ ഫലത്തിനായി പരിഗണിക്കുക. ഫല പ്രഖ്യാപനത്തിനു ശേഷം സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ സ്ഥാനാർത്ഥി തന്നെ അതത് വരണാധികാരിയിൽ നിന്ന് നേരിട്ട് സ്വീകരിക്കണം. സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ അക്നോളജ്മെന്റ് സ്ഥാനാർത്ഥി ഒപ്പുവച്ച് 24 മണിക്കൂറിനുള്ളിൽ വരണാധികാരിക്ക് സമർപ്പിക്കണം. രേഖ വരണാധികാരി നിയമസഭ തിരഞ്ഞെടുപ്പ് സെക്രട്ടറിക്ക് അയച്ചു നൽകിയാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാനാവൂ.

ആപ്പിൽ അറിയാം

തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ 'വോട്ടർ ടേൺ ഔട്ട് ആപ്പു'മായി (VoterTurnoutApp) തിരഞ്ഞെടുപ്പ് കമ്മിഷൻ. ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റായ www.results.eci.gov.in വഴിയും തത്സമയ ഫലം അറിയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.