SignIn
Kerala Kaumudi Online
Thursday, 28 March 2024 6.56 PM IST

സ്ത്രീകൾ സൂക്ഷിക്കുക (ഡെക്ക്) പിന്നാലെയുണ്ട് 'പത്തരമാറ്റ്' കള്ളൻമാർ!

ആലപ്പുഴ: സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘങ്ങൾ ഗ്രാമ, നഗര ഭേദമില്ലാതെ വിഹരിച്ചിട്ടും പിടികൂടാനാവാതെ പൊലീസ് വലയുന്നു. ചുരുക്കം ചില സംഭവങ്ങളിൽ മാത്രമാണ് പേരിനെങ്കിലും പ്രതികളെ കുടുക്കാനായത്. സി.സി.ടി.വിയിൽ പെട്ടവരെപ്പോലും കണ്ടെത്താനാവുന്നില്ല.

കഴിഞ്ഞദിവസം ആലപ്പുഴ വൈ.എം.സി.എ ജംഗ്ഷനിലും മുല്ലയ്ക്കലിലും ബൈക്കിലെത്തിയ സംഘം സ്ത്രീകളുടെ മാല മോഷ്ടിക്കാൻ ശ്രമം നടന്നു. മുല്ലയ്ക്കൽ നഗരത്തിലെ ജ്വല്ലറിയിൽ ഉടമയെ കബളിപ്പിച്ച് ഒരു പവൻ മാല കവർന്നു. ബൈക്കിലെത്തുന്ന മോഷ്ടാക്കൾ സ്ത്രീകളുടെ അടുത്തെത്തി ആദ്യം വഴി ചോദിക്കും. മറുപടി പറയുന്നതിനിടെയാണ് മാല പൊട്ടിക്കുന്നത്. പിടിവലി ഉണ്ടായാൽ കരണത്ത് അടിച്ചു വീഴ്ത്തും. ഇതിന്റെ ആഘാതത്തിൽ നിന്ന് സ്വബോധത്തിലേക്കു വരുമ്പോഴേക്കും മോഷ്ടാക്കൾ പമ്പകടന്നിരിക്കും.

കഴിഞ്ഞ ആഴ്ച അമ്പലപ്പുഴയിൽ രണ്ട് സ്ഥലങ്ങളിൽ സമാന സംഭവങ്ങളുണ്ടായി. മാവേലിക്കരയിലും തൊട്ടടുത്ത ദിവസം മാലമോഷണം നടന്നു. ആലപ്പുഴ നഗരത്തിൽ മാലമോഷണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്യുന്നത്. കേസില്ലാത്ത സംഭവങ്ങളും ഏറെ. മണ്ണഞ്ചേരി, കലവൂർ, ആലപ്പുഴ നഗരപരിധിയിലാണ് മോഷ്ടാക്കൾ വിലസുന്നത്. 30 വയസിനു താഴെയുള്ളവരാണ് മോഷ്ടാക്കളിൽ കൂടുതലെന്നും പൊലീസിനു വ്യക്തമായിട്ടുണ്ട്.

വ്യാജ നമ്പരുള്ള ബൈക്കിലാണ് മാലക്കള്ളൻമാർ എത്തുന്നത്. ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുള്ള യുവാക്കളാണ് മാലമോഷണ കേസുകളിലെ പ്രധാനികൾ. രാവിലെ ക്ഷേത്ര ദർശനത്തിനു പോകുന്ന വീട്ടമ്മമാരാണ് ഇവരുടെ 'നോട്ടപ്പുള്ളി'കൾ. ഏതാനും ദിവസത്തെ നിരീക്ഷണത്തിനു ശേഷമാവും 'ഓപ്പറേഷൻ' നടത്തുന്നത്. വിജനമായ സ്ഥലങ്ങളിലൂടെ ഒറ്റയ്ക്കു പോകുന്ന സ്ത്രീകളെയും ലക്ഷ്യമിടും.

 മാല കഴുത്തിലിട്ട് ഓടി!

ആലപ്പുഴ മുല്ലയ്ക്കൽ അമ്മൻകോവിൽ സ്ട്രീറ്റിലെ ലാലി ജ്യുവലറിയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മോഷണം നടന്നത്. ഒരു യുവാവ് കടയിലെത്തി ഒരു പവൻ മാല ആവശ്യപ്പെട്ടു. മാല കാണിച്ചപ്പോൾ വാങ്ങി കഴുത്തിലിട്ടു. ഈ സമയം യുവാവിന്റെ സുഹൃത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ജ്യുവലറിക്ക് മുന്നിലുണ്ടായിരുന്നു. മാല കഴുത്തിലിട്ട ഉടൻ പുറത്തേക്കോടിയ യുവാവ് ഈ ബൈക്കിൽ കയറി രക്ഷപ്പെട്ടു. നമ്പർപ്ളേറ്റ് മറച്ച നിലയിലായിരുന്നു. ഇതു സംബന്ധിച്ച് നോർത്ത് പൊലീസിൽ പരാതി നൽകി. ഇന്നു മുതൽ കടകൾ അടച്ചിടുമ്പോൾ ജ്യുവലറികൾക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആലപ്പുഴ ടൗൺ കമ്മറ്റി പൊലീസിനോട് അവശ്യപ്പെട്ടു.

...............................

# വേണം ജാഗ്രത

 ബൈക്കിലെത്തുന്ന അപരിചിതർ സംശയാസ്പദമായ സാഹചര്യത്തിൽ സംസാരിക്കാൻ ശ്രമിച്ചാൽ ഗൗനിക്കാതെ നടന്നു നീങ്ങുക

 തൊട്ടടുത്ത് വീടുണ്ടെങ്കിൽ അവിടേക്ക് കയറുക. മോഷ്ടാക്കളല്ലെങ്കിൽ അടുത്തുവന്നവർ പൊടുന്നനെ വിട്ടുപോവില്ല

 സ്വർണ്ണമാല നിർബന്ധമുള്ളവർ പൂമാല ധരിക്കും പോലെ വസ്ത്രത്തിനു മുകളിലൂടെ ഇടരുത്. സാരിയുടെ ഫ്ളീറ്റിലേക്കോ ചുരിദാർ ഷാളിന്റെ ഇടയിലേക്കോ ആക്കി നല്ലൊരു ഭാഗം മറയ്ക്കുക

 സ്വർണ്ണമാലയ്ക്കു പകരം മുക്കുപണ്ടം ആണെങ്കിലും ആക്രമിക്കപ്പെടാം. കവർച്ചക്കാർ ഇതും സ്വർണ്ണമെന്നു തെറ്റിദ്ധരിക്കും

.................................................

വൈ.എം.സി.എ ജംഗ്ഷന് സമീപം ബൈക്കിലെത്തിയ യുവാക്കൾ വഴി ചോദിക്കാനാണ് സമീപിച്ചത്. പിന്നിലിരുന്ന ആൾ പെട്ടെന്ന് മാല പിടിച്ചു പറിക്കാൻ ശ്രമം നടത്തി. കുതറിയോടി അടുത്തുള്ള വീട്ടിൽ കയറി രക്ഷപ്പെട്ടു. മാല നഷ്ടപ്പെടാത്തതിനാൽ പൊലീസിൽ പരാതിപ്പെട്ടില്ല

(സന്ധ്യാറാണി, വീട്ടമ്മ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.