SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.47 AM IST

അമ്പലപ്പുഴയിൽ കുളമ്പുരോഗം, പശുക്കൾ ചത്തുവീഴുന്നു

ambala

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്ത് കഞ്ഞിപ്പാടം മേഖലയിൽ ക്ഷീര കർഷകരുടെ വരുമാനം മുടക്കി കുളമ്പുരോഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 2 പശുക്കളും 9 ഓളം കിടാരികളും ചത്തു. പ്രദേശത്തെ നിരവധി പശുക്കൾ രോഗബാധിതരാണ്.

കഴിഞ്ഞ വർഷത്തെ കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രദേശത്ത് വാക്സിനേഷൻ നടത്താതിരുന്നതാണ് രോഗം പടരാൻ കാരണമെന്ന് ക്ഷീരകർഷകർ പറയുന്നു. 2020 ഫെബ്രുവരിയിലാണ് അവസാനമായി വാക്സിനേഷൻ നടന്നത്. 6 മാസത്തിലൊരിക്കൽ പശുക്കൾക്ക് വാക്സിനേഷൻ നൽകേണ്ടതാണ്. കഞ്ഞിപ്പാടം ചിറ്റാന്തറയിൽ ഹരിദാസിന്റെ പ്രസവിക്കാറായ പശു 2 ദിവസം മുമ്പ് ചത്തു. ആഴ്ചകൾക്കു മുമ്പ് രണ്ടു വലിയ കിടാക്കളും ചത്തിരുന്നു. തൊഴുത്തിലുള്ള 4 പശുക്കൾ കുളമ്പുരോഗം പിടിപെട്ട് അവശനിലയിലാണ്. ഏകദേശം 40 ലിറ്ററോളം പാൽ ദിവസേന സൊസൈറ്റിയിൽ കൊടുത്തിരുന്നതാണ്. 60,000 രൂപയോളം വരുന്ന പശുവും രണ്ടു കിടാക്കളും ചാകുകയും, മറ്റു നാലു പശുക്കൾക്ക് കുളമ്പുരോഗം വരികയും ചെയ്തതോടെ വരുമാനം നിലച്ച ഹരിദാസ് ആത്മഹത്യ മാത്രമാണ് ഇനിയുള്ള വഴിയെന്ന് പറയുന്നു. ഭാര്യയും, രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം പാൽ വില്പനയായിരുന്നു.

സതീഷ് ഭവനത്തിൽ പ്രഭാകരൻ, ആശാരിപ്പറമ്പിൽ രമ്യ, ഏഴുപറയിൽ രഘു, ചന്ദ്ര മംഗലത്ത് അനിൽകുമാർ എന്നിവരുടെ കിടാക്കളും ചത്തു. മിത്രക്കാട്ടിൽ രുഗ്മിണിയുടെ പശു ഇന്നലെ ചത്തുവീണു. വായിൽ മുറിവും മുലക്കാമ്പിലും കാലിലും വ്രണങ്ങളുമായി നിരവധി പശുക്കളാണ് ക്ഷീരകർഷകരുടെ തൊഴുത്തുകളിൽ മരണം കാത്തുകിടക്കുന്നത്. പ്രദേശത്ത് 100 ഓളം പശുക്കൾക്ക് കുളമ്പുരോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

..................................

കുളമ്പുരോഗം പ്രദേശത്ത് വ്യാപകമായതോടെ മൂന്നര ലിറ്റർ ക്യാൻ പാൽ ലഭിച്ചിരുന്നടത്ത് ഒരു ക്യാൻ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. സംഘത്തിനു കീഴിലെ ക്ഷീരകർഷകർ ഭയാശങ്കയിലാണ്

അഞ്ജു, സെക്രട്ടറി, ക്ഷീരോത്പാദക സംഘം, കഞ്ഞിപ്പാടം

.....................................

വാക്സിനേഷൻ നടക്കാതിരുന്നതാണ് കുളമ്പുരോഗം വ്യാപിക്കാൻ കാരണം. ഇനി വാക്സിൻ നൽകിയിട്ട് കാര്യമില്ല. വാക്സിൻ നൽകി ഒരാഴ്ച കഴിഞ്ഞാലേ പ്രതിരോധശേഷി ലഭിക്കൂ. പാൽ ലഭ്യത വൻതോതിൽ കുറയുകയും ചികിത്സ ബാദ്ധ്യതയായി മാറുകയും ചെയ്തു. വായുവിൽ കൂടി പകരുന്നതു കൊണ്ടാണ് വ്യാപനം കൂടിയത്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് വാക്സിനേഷൻ മുടങ്ങിയത്

ഡോ.എസ്.ബിജു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൃഗാശുപത്രി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.