SignIn
Kerala Kaumudi Online
Saturday, 20 April 2024 1.20 AM IST

ഇനിയും ജ്വലിക്കും, ഈ വിപ്ലവ നക്ഷത്രം

kr-gouriamma

ആലപ്പുഴ: ചാത്തനാട് കളത്തിപ്പറമ്പിൽ വീടിന്റെ സ്വീകരണമുറിയിലേക്ക് ഇന്നലെ ഉച്ചയോടെ, പതിവ് ശുഭ്രവസ്ത്രത്തിനു മീതേ ചെങ്കൊടി പുതച്ച്, സ്വർണവർണ ഫ്രെയിമുള്ള കണ്ണടയും ധരിച്ച് കടന്നുവന്ന ഗൗരിഅമ്മ അല്പസമയത്തെ വിശ്രമത്തിനു ശേഷം എന്നെന്നേക്കുമായി പടിയിറങ്ങിയപ്പോൾ, ഒപ്പമിറങ്ങിയത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന ഒരേടുകൂടി ആയിരുന്നു. കേരളത്തിന്റെ വിപ്ളവ ചരിത്രത്തിന് സമാനതകളില്ലാത്ത ഒരു പോരാളിയെ സമ്മാനിച്ച ആലപ്പുഴ, ആ ധീരവനിതയ്ക്ക് ഇന്നലെ വിപ്ളവാഭിവാദനങ്ങളോടെ വിടനൽകി.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരത്തു നിന്ന് ഭൗതികദേഹവുമായി ആംബുലൻസ് പുറപ്പെട്ടപ്പോഴും കളത്തിപ്പറമ്പിൽ വീട്ടിലേക്കു കൊണ്ടുവരുന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുമെന്നതിനാൽ കുടുംബാംഗങ്ങൾക്കു മാത്രം ഗൗരിഅമ്മയെ കാണാൻ വീട്ടിലെ സ്വീകരണ മുറിയിൽ സംവിധാനം ഒരുക്കുകയായിരുന്നു. 15 മിനുട്ടിനു ശേഷം നഗരമദ്ധ്യത്തിലെ എസ്.ഡി.വി സെന്റിനറി ഹാളിലേക്ക് മൃതദേഹം പൊതുദർശനത്തിനായി കൊണ്ടുവന്നു. ജനസാഗരമാവേണ്ടിയിരുന്ന പരിസരം പക്ഷേ, കൊവിഡ് നിയന്ത്രണങ്ങൾ കാരണം അച്ചടക്കമുള്ള ഇടമായി. പൊലീസിന്റെ കർശനമായ ഇടപെടലുകളും സന്ദർശനത്തിന് പൊലീസ് പാസ് വേണമെന്നതും തിക്കും തിരക്കുമില്ലാതെ അന്ത്യാഞ്ജലി അർപ്പിക്കാൻ വഴിയൊരുക്കി.

മക്കളില്ലാത്ത ഗൗരിഅമ്മ സ്വന്തം മകളായി സ്നേഹിച്ച സഹോദരി പുത്രി പി.സി. ബീനാകുമാരിയും മകൾ അഞ്ജനയും അവസാന നിമിഷങ്ങളിലും ഗൗരിഅമ്മയുടെ അടുത്തുണ്ടായിരുന്നു. എല്ലാക്കൊല്ലവും പിറന്നാളിന് ആശംസ അറിയിക്കാൻ കളത്തിപ്പറമ്പ് വീട്ടിലേക്ക് ബൊക്കയുമായി എത്തിയവർ, അവസാന യാത്രയ്ക്ക് ഒരുങ്ങിക്കിടക്കുന്ന തങ്ങളുടെ പ്രിയനേതാവിന്റെ ഭൗതികദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ച് അന്ത്യാഭിവാദ്യമർപ്പിച്ചു. 4.20ഓടെ സെന്റിനറി ഹാളിൽ നിന്ന് വിലാപയാത്രമായി വലിയചുടുകാട് സ്മൃതി മണ്ഡപത്തിലേക്ക്. അവിടെ കൂടിനിന്ന നേതാക്കളും പ്രവർത്തകരും ജ്വലിക്കുന്ന മുദ്രാവാക്യം വിളികളോടെ പ്രിയനേതാവിനെ

അഭിവാദ്യം ചെയ്തു. തുടർന്ന് പൊലീസിൻറ്റെ ആചാരവെടിക്കു ശേഷം 5.10ന് ബീനയുടെ മകൻ അരുൺ ഉണ്ണിക്കൃഷ്ണൻ ചിതയ്ക്കു തീ കൊളുത്തിയതോടെ വിപ്ളവ നക്ഷത്രം മണ്ണോടു ചേർന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രിമാരായ ജി.സുധാകരൻ, മേഴ്സിക്കുട്ടിയമ്മ, പി.തിലോത്തമൻ, കെ. കൃഷ്ണൻകുട്ടി, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, നിയുക്ത എം.എൽ.എമാരായ സജി ചെറിയാൻ, പി.പി. ചിത്തരഞ്ജൻ, പി. പ്രസാദ്, ദലീമ ജോജോ, തോമസ് കെ.തോമസ്, പി. രാജീവ്, വി.എൻ. വാസവൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ്, ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻബാബു, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക് പി.ഹാരീസ് തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന് വേണ്ടി യൂണിയൻ കൗൺസിലർ എം.രാജേഷും ഗുരുധർമ്മ പ്രചാരണ സഭയ്ക്ക് വേണ്ടി ജില്ലാ സെക്രട്ടറി ശിവപ്രസാദും റീത്ത് അർപ്പിച്ചു. കേരളകൗമുദി ആലപ്പുഴ യൂണിറ്റിനു വേണ്ടി ചീഫ് റിപ്പോട്ടർ പി.അഭിലാഷ്, റിപ്പോർട്ടർമാരായ സുരേഷ് തോട്ടപ്പള്ളി, സിത്താര സിദ്ധകുമാർ എന്നിവർ റീത്ത് സമർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.