SignIn
Kerala Kaumudi Online
Saturday, 20 April 2024 1.36 AM IST

എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്...!

tt

ആലപ്പുഴ: കളം നിറഞ്ഞു കളിക്കുന്ന കൊവിഡ് ദുരിതങ്ങൾക്കു മീതേ, രണ്ടുദിവസമായി ഇടിച്ചുകുത്തിപ്പെയ്യുന്ന മഴ ജില്ലയിൽ വ്യാപക ദുരിതം വിതയ്ക്കുന്നു. രണ്ടു പ്രളയങ്ങളുടെ ഭീതി വിട്ടൊഴിയാത്ത കുട്ടനാട് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവർ വല്ലാത്ത ഭീതിയിലാണ്. വെള്ളപ്പൊക്ക ഭീഷണിക്ക് പുറമേ, കടൽ പ്രക്ഷുബ്ദ്ധമായത് തീരദേശ ജനതയുടെ ഉറക്കം കെടുത്തുന്നു. കടലേറ്റം രൂക്ഷമായതോടെ മണൽ ചാക്കുകൾ ഉപയോഗിച്ച് പ്രതിരോധം തീ‌ർക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

തോരാമഴയാണ് രണ്ട് ദിവസമായി ജില്ലയിൽ റിപ്പോ‌ർട്ട് ചെയ്യുന്നത്. നഗരങ്ങളിലടക്കം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കിഴക്കൻ മേഖലകളിൽ നിന്ന് കടലിലേക്കുള്ള നീരൊഴുക്ക് ശക്തമാക്കാൻ തോട്ടപ്പള്ളിയിൽ പൊഴി മുറിക്കലിന് തുടക്കമായി. പാടശേഖരങ്ങൾക്ക് നടുവിലും സമീപത്തും താമസിക്കുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ദുരിതശ്വാസ ക്യാമ്പുകൾ പൊടുന്നനെ ആരംഭിക്കാൻ കഴിയില്ലെന്നതിനാൽ അടിയന്തരമായി പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് കളയാനുള്ള നടപടികൾ ആരംഭിക്കാൻ എ.ഡി.എമ്മിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞാൽ വെള്ളപ്പൊക്കം ഒഴിവാകും എന്ന പ്രതീക്ഷയിലാണ് കുട്ടനാട്ടുകാർ. തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പിൽവേയുടെയും ഷട്ടറുകൾ തുറന്നതും ഗുണ.പ്രദമാവും. കടൽക്ഷോഭം രൂക്ഷമായ പുറക്കാട്, അമ്പലപ്പുഴ, ചേർത്തല പ്രദേശങ്ങളിൽ കടൽവെള്ളം വീട്ടുമുറ്റത്ത് കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം വീടുകൾക്ക് ചുറ്റം ഒഴുകി നടക്കുന്നു. പുഠക്കാട് ഭാഗത്ത് ഇന്നലെ പകൽ കടൽ വെള്ളം ദേശീയപാതയിലേക്ക് വരെ എത്തിയിരുന്നു. ഉച്ചയോടെ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ആവശ്യത്തിന് മണലെത്തിച്ചു. മണൽചാക്കുകൾ നിറച്ച് തടയണകൾ നിർമ്മിച്ച് കടൽവെള്ളത്തെ പിടിച്ചു നിറുത്താനുള്ള അവസാനവട്ട ശ്രമമാണ് നടത്തുന്നത്.

ജില്ലയിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും പ്രാദേശികമായി ഡിസാസ്റ്റ‌ർ മാനേജിമെന്റ് ടീമുകളുടെയും നേതൃത്വത്തിലാണ് മഴക്കെടുതികൾ കുറയ്ക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നത്. പാടശേഖരങ്ങളിൽ നിന്ന് അധികജലം പമ്പ് ചെയ്യുന്നതിന് ഡിസാസ്റ്റ‌ർ മാനേജ്മെന്റ് ടീമിനെയാണ് ഭരണകൂടം ചുമതലപ്പെടുത്തിയിരിക്കുന്നത്. സത്വര നടപടികൾക്കായി മൂന്ന് ഓഫീസർമാരടക്കം 23 അംഗ സംഘമാണ് ദേശീയ ദുരന്ത നിവാരണ സേനയിൽ നിന്ന് ജില്ലയിലെത്തിയിരിക്കുന്നത്.

# തേടുന്നു, വാടകവീടുകൾ

കൊവിഡിനൊപ്പം വെള്ളപ്പൊക്കം കൂടി വന്നാൽ എങ്ങനെ പിടിച്ചു നിൽക്കും എന്ന ആശങ്കയിലാണ് ജനം. കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിലുള്ളവർ കരപ്രദേശങ്ങളിൽ വാടക വീടുകൾക്കായുള്ള അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ പ്രളയകാലത്ത് നിരവധിപേരാണ് മുഹമ്മ, കലവൂർ, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ വാടക വീടുകളിലേക്ക് താത്കാലികമായി മാറിയത്. സാധാരണ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് ശക്തമായ മഴ ഇത്ര നീണ്ടു നിൽക്കാറുള്ളത്. അതിനാൽ പലരും വീടുകൾക്കുള്ള അന്വേഷണം ആരംഭിച്ചിരുന്നില്ല. കന്നുകാലികളെ അടക്കം വെള്ളം കയറാത്ത പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുക എന്ന വലിയ വെല്ലവിളിയാണ് കുട്ടനാട്ടുകാർ നേരിടുന്നത്.

# ജാഗ്രത വേണം

ന്യൂനമർദ്ദം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും (2.8 മുതൽ 3.8 മീറ്റർ വരെ ഉയരം) കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളിൽ ജാഗ്രത പുലർത്തണം.

കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചു. യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ല. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം.

.............................................................

മുൻകാലങ്ങളിൽ മഴ കനത്താൽ ബന്ധുവീടുകളിലേക്കോ, ക്യാമ്പുകളിലേക്കോ താമസം മാറാമായിരുന്നു. എന്നാലിപ്പോൾ കൊവിഡ് രൂക്ഷമായതിനാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പേടിയാണ്. വരും ദിവസങ്ങളെ എങ്ങനെ തരണം ചെയ്യുമെന്നറിയില്ല

ചന്ദ്രശഖരൻ, കൈനകരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.