SignIn
Kerala Kaumudi Online
Friday, 29 March 2024 3.00 PM IST

ട്രോളിംഗ് നിരോധനം... പ്രതീക്ഷയറ്റ് പരമ്പരാഗത മേഖല

s

മത്സ്യലഭ്യതയിലെ കുറവ് തിരിച്ചടിയാവും

ആലപ്പുഴ: ട്രോളിംഗ് നിരോധന കാലയളവ് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ചാകരക്കാലമായിരുന്നെങ്കിലും മത്സ്യലഭ്യതയിലെ കുറവുമൂലം ഇത്തവണ കാര്യങ്ങൾ അവതാളത്തിലാവുമെന്ന ആശങ്കയിലാണ് തീരമേഖല. ഗുജറാത്തിനും തമിഴ്‌നാടിനും പിന്നിലായി മത്സ്യലഭ്യതക്കുറവിൽ മൂന്നാം സ്ഥാനത്താണ് കേരളം എന്നതുതന്നെ മുഖ്യ കാരണം.

കടലിൽ 12 നോട്ടിക്കൽ മൈലിനുള്ളിലെ ട്രോളിംഗ് നിരോധനം ഈ മാസം 9ന് അർദ്ധരാത്രി നിലവിൽ വരും. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾ മത്സ്യബന്ധനം നടത്താൻ പാടില്ല. പരമ്പരാഗത ഔട്ട് ബോർഡ്, ഇൻബോർഡ് യാനങ്ങൾക്കും ചെറുവള്ളങ്ങൾക്കും മാത്രമേ അനുവാദമുള്ളൂ. മുൻ വർഷങ്ങളിൽ ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വലനിറയെ മീൻ കിട്ടിയിരുന്നു. കാലവർഷ കാലമായതിനാൽ മത്തി, നെത്തോലി, അയല എന്നിവയാണ് ധാരാളമായി ലഭിച്ചിരുന്നത്. ഉപരിതല മത്സ്യങ്ങളായിരുന്നു കൂടുതലും. ആഴക്കടൽ ബോട്ടുകളിൽ നിന്നുള്ള മത്സ്യലഭ്യത ഇല്ലാതാവുന്നതിനാൽ പരമ്പരാഗത മത്സ്യമേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തികമായി മികച്ച നേട്ടമുണ്ടാക്കുന്ന സീസൺ ആണ് ട്രോളിംഗ് നിരോധന കാലയളവ്. പക്ഷേ, കാലാവസ്ഥ വ്യതിയാനവും അശാസ്ത്രീയ മത്സ്യബന്ധനവും നിമിത്തം നാളുകളായി മത്സ്യലഭ്യതയിൽ വൻ ഇടിവാണുള്ളത്. അതുകൊണ്ടുതന്നെ ഇക്കുറി ട്രോളിംഗ് നിരോധന കാലയളവ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അത്രകണ്ട് പ്രതീക്ഷയ്ക്ക് വക നൽകുന്നില്ല.

ട്രോളിംഗ് നിരോധന കാലത്ത് യന്ത്രവത്കൃത വള്ളങ്ങൾ കടലിൽ ഇറക്കരുതെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടക്കാൻ 2007ൽ കേരളം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇളവുകൾ അനുവദിച്ചുകൊണ്ട് പ്രത്യേക നിയമം പാസാക്കിയിരുന്നു. ജില്ലയിൽ 5000ത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ പോയി മീൻ പിടിക്കുന്നുണ്ട്.

കൊവിഡും കാലാവസ്ഥയും

യഥേഷ്ടം കിട്ടിയിരുന്ന മത്തി,അയല എന്നിവ പേരിനു മാത്രമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊഴിലാളികൾ കടലിൽ പോയിരുന്നെങ്കിലും മത്സ്യലഭ്യത കുറഞ്ഞതിനാൽ പ്രതീക്ഷകളെല്ലാം തകിടം മറിയുകയായിരുന്നു. ഇതിനിടെ ന്യൂനമർദ്ദവും ചുഴലിക്കാറ്റും കടൽക്ഷോഭവും ഉൾപ്പെടെ കാലാവസ്ഥയിൽ ഉണ്ടായ മാറ്റത്തെത്തുടർന്നുള്ള നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുത്തി.

എങ്കിലും തട്ടിലുണ്ട് മീൻ

കൊവിഡ് നിയന്ത്രണങ്ങളും പ്രകൃതിക്ഷോഭവും മൂലം മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും മുമ്പെന്നപോലെ കടലിൽ പോകുന്നില്ലെങ്കിലും ചില മാർക്കറ്റുകളിൽ മീൻതട്ടുകൾ ഒഴിയാറില്ല. വിഷം കലർന്നതും പഴകിയതുമായ മത്സ്യങ്ങളാണ് ഇതിൽ കൂടുതലുമെന്ന ആരോപണം പുതുമയുള്ളതല്ല. പഴകിയ മത്സ്യങ്ങൾ പിടികൂടാനായി കഴിഞ്ഞ വർഷം ഓപ്പറേഷൻ സാഗർ റാണി എന്ന പേരിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വിഭാഗവും പരിശോധന നടത്തിയിരുന്നു. ഫോർമാലിനും അമോണിയയും ഉൾപ്പെടെയുള്ള വിഷപദാർത്ഥങ്ങൾ നിറഞ്ഞ പഴകിയ മത്സ്യം വിപണിയിൽ സുലഭമായിട്ടും ഫിഷറീസ്, ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങൾ പരിശോധന ആരംഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.

.......................................

കഴിഞ്ഞ ഒരു വർഷത്തിനിടെ കൊവിഡിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പേരിൽ 80 ദിവസത്തോളം കടലിൽ വിലക്ക് വന്നിരുന്നു. കടലിൽ പോകുന്നത് ഇപ്പോൾ ഞങ്ങൾക്കൊരു ഭാഗ്യപരീക്ഷണമാണ്

(രാജു,പരമ്പരാഗത മത്സ്യത്തൊഴിലാളി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.