SignIn
Kerala Kaumudi Online
Friday, 26 April 2024 2.45 AM IST

പണയത്തിലാണ് ജീവൻ, പരിഭവം മാത്രം ബാക്കി!

tele

ചന്ദ്രന്റെ ദുരവസ്ഥ മാറാൻ സഹോദരിമാർ കനിയണം

ഹരിപ്പാട് : ഏതു നിമിഷവും നിലംപതിക്കാവുന്ന വീടിനോടു ചേർന്നുള്ള ഷെഡിൽ ജീവൻ പണയപ്പെടുത്തി അന്തിയുറങ്ങുന്ന ചന്ദ്രന്റെ ദുരവസ്ഥയ്ക്ക് ഇനിയുമായിട്ടില്ല പരിഹാരം. അച്ഛനമ്മമാർ മരിച്ചതിനാൽ, അവരുടെ പേരിലുള്ള വസ്തുവിൽ സഹോദരങ്ങൾക്കു കൂടി അവകാശമുള്ളതുകൊണ്ട് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാൻ സാങ്കേതിക പ്രശ്നങ്ങളാണ് വിലങ്ങനെ കിടക്കുന്നത്. വസ്തു വീതംവയ്ക്കാൻ സഹോദരങ്ങൾ തയ്യാറാകുന്നില്ലെന്ന ചന്ദ്രന്റെ പരിഭവത്തിന് മറുപടി നൽകാൻ, സഹായ സന്നദ്ധരായി രംഗത്തുള്ളവർക്കും കഴിയുന്നില്ല.

കരുവാറ്റ എസ്.സി.ബി 1742 ജംഗ്ഷനു തെക്ക് പുതുപ്പറമ്പിൽ ചന്ദ്രന്റെ (65) പ്രധാന തൊഴിൽ കൃഷിപ്പണിയാണ്. ഭാഗവത പാരായണക്കാരിയാണ് ഭാര്യ ഓമന. വിവാഹിതയായ മകൾ ഭർത്താവിനൊപ്പം പാലക്കാട്ട്. എറണാകുളത്ത് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയാണ് മകൻ. ചന്ദ്രന് മൂന്നു സഹോദരിമാരുണ്ട്. 32 സെന്റും അതിൽ ഓടിട്ടൊരു വീടുമാണ് നാലുപേർക്കും കൂടി അവകാശപ്പെട്ട് കിടക്കുന്നത്. വസ്തു വീതംവച്ച് തനിക്ക് അർഹതപ്പെട്ടത് നൽകണമെന്ന ആവശ്യം സഹോദരങ്ങൾ അവഗണിക്കുകയാണെന്ന് നിരാശയോടെ ചന്ദ്രൻ പറയുന്നു.

നാലഞ്ചു വർഷമായി വീട് തകർച്ചയിലാണ്. അകത്തേക്കൊന്നു കയറാൻ പോലുമാവാത്ത അവസ്ഥയാണിപ്പോൾ. കുറച്ചുനാൾ മുമ്പ് കനത്ത മഴയിൽ മേൽക്കൂര തകർന്നു. ശക്തമായൊരു കാറ്റടിച്ചാൽ വീട് തവിടുപൊടിയാവുമെന്നുറപ്പ്. കഴിഞ്ഞ പ്രളയകാലം കൂനിൻമേൽ കുരുവാകുകയും ചെയ്തു. പ്രളയാനന്തര സഹായമായി നാലു ലക്ഷം രൂപ അനുവദിച്ചെങ്കിലും സഹോദരിമാരിൽ ഒരാൾ രാജസ്ഥാനിലായതിനാൽ ഒപ്പിട്ടു നൽകാനായില്ല, അങ്ങനെ ആ പ്രതീക്ഷയും അസ്ഥാനത്തായി. ഷീറ്റിട്ട് നിർമ്മിച്ച രണ്ടുമുറി ഷെഡാണ് ഇപ്പോൾ ചന്ദ്രന്റെ ലോകം. ഒപ്പം ഒരാൾക്കുകൂടി താമസിക്കാൻ കഴിയാത്തതിനാൽ ഭാര്യ പുനലൂരുള്ള സ്വന്തം വീട്ടിലാണ്. പാചകപ്പണി വശമുള്ളതുകൊണ്ട് വച്ചുവിളമ്പാൻ പരസഹായംവേണ്ട, വയ്ക്കാനുള്ളതു വേണമെന്നു മാത്രം!

തോൽക്കില്ല കൃഷിയിൽ

സ്വന്തം പുരയിടത്തിൽ കൃഷിയൊരുക്കാൻ സൗകര്യമില്ലെങ്കിലും, കൃഷിക്കാര്യത്തിൽ എത്ര മെനക്കെടാനും മടിയില്ലാത്ത ചന്ദ്രനെ കരുവാറ്റ പഞ്ചായത്തും കൃഷിഭവൻ അധികൃതരും പലതവണ ആദരിച്ചിട്ടുണ്ട്. കൃഷിക്ക് അനുയോജ്യമായ സ്ഥലം എവിടെക്കണ്ടാലും, സ്ഥലമുടമ സമ്മതിച്ചാൽ അവിടെ പൊന്നുവിളയിക്കാൻ ചന്ദ്രൻ തയ്യാർ! വീടിനു സമീപത്തെ സഹ. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം വരുന്ന വസ്തുവിൽ അത്യദ്ധ്വാനം നടത്തി പച്ചക്കറി വിളയിച്ചത് ശ്രദ്ധേയമായിരുന്നു. റോഡരികിലും മറ്റും ഇത്തിരി സ്ഥലം കണ്ടാൽ അവിടെ രണ്ട് ചീനിക്കമ്പെങ്കിലും നട്ടില്ലെങ്കിൽ ചന്ദ്രന് മനസ്സമാധാനം കിട്ടില്ല! പ്രാദേശികമായി നേരിട്ടും കരുവാറ്റ പഞ്ചായത്ത് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന 'കർഷകന്റെ കട' വഴിയുമാണ് പച്ചക്കറികൾ വിറ്റഴിക്കുന്നത്.

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ ചന്ദ്രന് അർഹതപ്പെട്ട എല്ലാ സഹായങ്ങളും ലഭ്യമാക്കും. ഭൂരഹിത, ഭവനരഹിത പദ്ധതി പ്രകാരം സഹായിക്കാനാവുമോ എന്നും പരിശോധിക്കും

എസ്. സുരേഷ്, പ്രസിഡന്റ്, കരുവാറ്റ ഗ്രാമപഞ്ചായത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.