ബോഡിബിൽഡർമാരുടെ പരിശീലനം മുടങ്ങി
ആലപ്പുഴ : ലോക്ക് ഡൗണിൽ ഇളവുകളൊത്തിരി വന്നിട്ടും താഴ് തുറക്കാത്ത ജിംനേഷ്യങ്ങൾ നോക്കി നെടുവീർപ്പിടുകയാണ് ബോഡി ബിൽഡർമാർ. ആറ്റുനോറ്റ് പരുവപ്പെടുത്തിയ സിക്സ് പാക്ക് ബോഡി, ഇടയ്ക്കിടെ എത്തുന്ന ലോക്ക് ഡൗൺ നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ഇവരിൽ പലരും. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ജിംനേഷ്യങ്ങൾക്ക് പ്രവർത്തനാനുമതി നൽകണമെന്ന് ഇവരുടെ ആവശ്യം.
ആദ്യ ലോക്ക് ഡൗൺ കാലത്ത് മാസങ്ങളോളം അടഞ്ഞുകിടന്ന ജിംനേഷ്യങ്ങൾ പ്രവർത്തന സജ്ജമാക്കിയെടുക്കാൻ സംരംഭകർക്ക് വലിയ തുക മുടക്കേണ്ടി വന്നിരുന്നു. പ്രവർത്തനം പുനരാരംഭിച്ച ജിംനേഷ്യങ്ങളിൽ സ്ത്രീകളും പുരുഷന്മാരും സാമൂഹിക അകലം പാലിച്ച് വ്യായമങ്ങൾക്കായി എത്തിത്തുടങ്ങിയതോടെയാണ് രണ്ടാം കൊവിഡ് തരംഗത്തിന്റെ ഭാഗമായി വീണ്ടും ലോക്ക് വീണത്. സാധാരണ വ്യായാമവും ശരീരത്തിന്റെ ഫിറ്റ്നസും മാത്രം ലക്ഷ്യമാക്കി ജിംനേഷ്യങ്ങളിൽ വന്നിരുന്നവർ അവരവരുടെ വീടുകളിൽ ലഘു വ്യായാമങ്ങൾ തുടരുന്നുണ്ടെങ്കിലും, വിവിധ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനുൾപ്പടെ ട്രെയിനർമാരുടെ കീഴിൽ പ്രൊഫഷണൽ ട്രെയിനിംഗ് നേടിയിരുന്നവർക്ക് അത് തുടരാനാവാത്ത സ്ഥിതിയാണ്. മൾട്ടിമെഷീൻ പോലെ ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശീലനമായതിനാൽ ജിമ്മുകൾ തുറക്കാതെ ഒന്നും നടക്കില്ല.
വിരലിലെണ്ണാവുന്ന ജിംനേഷ്യങ്ങൾ മാത്രമാണ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. അടച്ചിടുന്ന കാലയളവിലും കെട്ടിട വാടക നൽകേണ്ടി വരും. ഓരോ ജിമ്മിലും രണ്ടോ മൂന്നോ ട്രെയിനർമാരുണ്ടാവും. പ്രവർത്തിക്കാത്ത കാലയളവിൽ ഇവർക്ക് ശമ്പളവും മുടങ്ങും. ലക്ഷങ്ങൾ ലോണെടുത്താണ് ഉന്നത നിലവാരമുള്ള ഉപകരണങ്ങൾ ജിംനേഷ്യങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. . ഏതാനും വർഷങ്ങളായി ജിംനേഷ്യങ്ങളിലേക്ക് സ്ത്രീകളുടെ വരവ് കൂടിയിട്ടുണ്ട്. സ്ത്രീകളെ ആകർഷിക്കുന്നതിനായി ജിമ്മിനൊപ്പം എയറോബിക് കേന്ദ്രങ്ങളും നടത്തുന്നുണ്ട്.
വ്യായാമത്തിന് എത്തുന്നവർ
പ്രൊഫഷണൽ ബോഡിബിൽഡർമാർ
ഫിറ്റ്നസ് ആഗ്രഹിക്കുന്ന കുട്ടികളും യുവാക്കളും
ഹൃദയസംബന്ധമായ അസുഖമുള്ളവർ
ജീവിതശൈലീ രോഗികൾ
ജിംനേഷ്യങ്ങളുടെ ചിലവ്
മുതൽമുടക്ക് 10 മുതൽ 40 ലക്ഷം വരെ
ട്രെയിനർക്ക് ശമ്പളം ഒരാൾക്ക് മാസം 12000 മുതൽ
ലോൺ തിരിച്ചടവ്
കെട്ടിട വാടക
ഉപകരണങ്ങളുടെ പരിപാലനം
പ്രവൃത്തി സമയം
രാവിലെ 5 മുതൽ 10 വരെ
വൈകിട്ട് 4 മുതൽ 10 വരെ
ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പ്രവർത്തനാനുമതി ലഭിക്കണം. പരിശീലനം മുടങ്ങിയതോടെ ബോഡിബിൽഡർമാരുടെ കാര്യം അവതാളത്തിലാണ്. അവരുടെ ഫിറ്റ്നസിനെ ഇത് കാര്യമായി ബാധിക്കും. സ്ത്രീകളുൾപ്പടെ ധാരാളമായി ജിംനേഷ്യങ്ങളിൽ എത്തി തുടങ്ങിയ കാലയളവിലാണ് പൂട്ടുവീണത്
- രാധാകൃഷ്ണൻ, സ്വാമി ജിം, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |