SignIn
Kerala Kaumudi Online
Friday, 19 April 2024 3.28 PM IST

പണിതിട്ടും പണിതിട്ടും പണിതീരാതെ...

s

നെടുമുടി- കരുവാറ്റ റോഡുപണി തുടങ്ങിയിട്ട് അഞ്ചു പതിറ്റാണ്ട്

ആലപ്പുഴ: പണി തുടങ്ങിയിട്ട് അഞ്ചു പതിറ്റാണ്ടോളമെത്തുന്ന നെടുമുടി- കരുവാറ്റ റോഡ് യാഥാർത്ഥ്യമാവാനുള്ള കാത്തിരിപ്പ് നീളും. വലിയ മൂന്ന് പാലങ്ങളുടെ നിർമ്മാണമാണ് വിലങ്ങുതടി. ഒരു പാലത്തിന്റെ എസ്റ്റിമേറ്റ് പുതുക്കണം. മറ്റൊന്നിന്റെ എസ്റ്റിമേറ്റിന് ഭരണാനുമതി കിട്ടിയിട്ടുമില്ല. മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും ദേശീയപാതയ്ക്ക് സമാന്തരവുമായ റോഡാണിത്.

95 ശതമാനവും പൂർത്തിയായി കിടക്കുകയാണ്. കരുവാറ്റ കുറിച്ചിക്കൽ, കോരംകുഴി, പടഹാരം എന്നീ പാലങ്ങൾ പൂർത്തീകരിക്കാനുണ്ട്. ഇതിൽ കുറിച്ചിക്കൽ പാലം നിർമ്മാണം പാതിവഴിയിൽ കരാറുകാരൻ ഉപേക്ഷിച്ചു. കോരംകുഴി പാലത്തിന് സമർപ്പിച്ച എസ്റ്റിമേറ്റ് ഭരണാനുമതിക്കായി കാത്തുകിടക്കുകയാണ്. പടഹാരം പാലത്തിന്റെ നിർമ്മാണം നടക്കുന്നുണ്ട്. ഇവ കൂടാതെ ചെറിയ പാലങ്ങളും റോഡിലുണ്ട്. ഇവയെല്ലാം പൂർത്തീകരിച്ചു. കരുവാറ്റ, തകഴി, നെടുമുടി പഞ്ചായത്തുകളെ റോഡ് ബന്ധിപ്പിക്കും. നെടുമുടി പൂപ്പള്ളി ജംഗ്ഷനിൽ നിന്ന് കരുവാറ്റ വഴിയമ്പലത്ത് എത്തിച്ചേരാൻ 17 കിലോമീറ്റർ സഞ്ചരിച്ചാൽ മതി. നിലവിൽ എ-സി റോഡ് വഴി 30 കിലോമീറ്ററോളമാണ് ദൈർഘ്യം.

കുറിച്ചിക്കൽ പാലം (29 കോടി)

ദേശീയജലപാത നിയമപ്രകാരം ലീഡിംഗ് ചാനലിലാണ് പാലം നിർമ്മിക്കുന്നത്. 300 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിന്റെ ഇരുവശങ്ങളിലും 70 മീറ്റർ വീതം നീളത്തിൽ അപ്രോച്ച് റോഡുകളുണ്ടാവും. ഒൻപത് സ്പാനിൽ ഏഴെണ്ണം പൂർത്തീകരിച്ചു. മദ്ധ്യഭാഗത്തെ രണ്ട് സ്പാനുകളുടെ നിർമ്മാണത്തിൽ കാലതാമസം വരുത്തിയതിനെ തുടർന്ന്, മുടക്കിയ 20 കോടി നൽകി ആദ്യ കരാറുകാരനെ ഒഴിവാക്കി. റീടെണ്ടറിൽ പങ്കെടുത്ത ഇയാൾ ഒൻപത് കോടിക്ക് കരാർ ഏറ്റെടുക്കാൻ തയ്യാറായെങ്കിലും എസ്റ്റിമേറ്റ് തുകയുടെ 80 ശതമാനം അധികം ആവശ്യപ്പെട്ടതിനാൽ സർക്കാർ അനുമതി നിഷേധിച്ചു.

പടഹാരം പാലം

 നിർമ്മാണം പമ്പാനദിയിൽ

 443 മീറ്റർ നീളം, 11 മീറ്റർ വീതി

 അനുവദിച്ചത് 55 കോടി

 86 പൈലുകളും പൂർത്തീകരിച്ചു

 അടുത്ത ജൂണിൽ പ്രതീക്ഷ

കോരംകുഴി പാലം

 150 മീറ്റർ നീളം, 12 മീറ്റർ വീതി

 30 കോടിയുടെ എസ്റ്റിമേറ്റ് നൽകിയത് 2019ൽ

 ഭരണാനുമതി ലഭിച്ചിട്ടില്ല

 രാഷ്ട്രീയ ഇടപെടൽ അനിവാര്യം

സമാന്തരപാത

ടൂറിസം സാദ്ധ്യത കൂടി കണക്കിലെടുത്താണ് കരുവാറ്റ - കുപ്പപ്പുറം റോഡ് എന്ന ആവിഷ്കരിച്ചത്. കരുവാറ്റ വഴിയമ്പലത്തിൽ നിന്നാരംഭിച്ച് നെടുമുടി പൂപ്പള്ളി ജംഗ്ഷൻ വരെയുള്ള റോഡ് യാഥാർത്ഥ്യമാകുന്നതോടെ ദേശീയപാതയ്ക്ക് സമാന്തര പാതയായി മാറും. തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ ഗതാഗത തടസം ഉണ്ടായാൽ ഇതുവഴി വാഹനങ്ങൾ തിരിച്ചു വിടാനാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.