പൂച്ചാക്കൽ: പുരോഗമന ചിന്താഗതിക്കാരായ ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ച പൂച്ചാക്കൽ യംഗ് മെൻസ് ലൈബ്രറി സപ്തതി നിറവിൽ. 1951 ആഗസ്റ്റിലാണ് പിന്നാക്ക, പട്ടിക വിഭാഗങ്ങളെ ഉൾപ്പെടുത്തി ശ്രീകണ്ഠേശ്വരത്ത് സി.കെ. രാഘവൻ വൈദ്യരുടെ നേതൃത്വത്തിൽ ഹരിജനോദ്ധാരണ വായനശാല ആരംഭിച്ചത്.
കെ. നാരായണൻ എന്ന ഹരിജനായിരുന്നു ആദ്യ ലൈബ്രേറിയൻ. 1955 ൽ പൂച്ചാക്കൽ വടക്കേക്കര കേന്ദ്രീകരിച്ച് ചേർന്ന പൊതുയോഗത്തിലാണ് വായനശാലയ്ക്ക് യംഗ് മെൻസ് എന്ന് പുനർനാമകരണം ചെയ്തത്. രാഘവൻ വൈദ്യർ തന്നെയായിരുന്നു ലൈബ്രറി പ്രസിഡന്റ്. 1958 ഒക്ടോബർ 19ന് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസാണ് പുതുക്കിയ വായനശാല ഉദ്ഘാടനം ചെയ്തത്.
ഇന്ന് പതിനേഴായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള ഗ്രന്ഥശാലയാണ്. കലാ - കായിക പ്രവർത്തനങ്ങൾ, പി.എസ്.സി കോച്ചിംഗ്, വിദ്യാർത്ഥികൾക്ക് കൗൺസലിംഗ്, ജീവകാരുണ്യ പ്രവർത്തനങ്ങളൊക്കെ നടത്തുന്നുണ്ട്. ലോറൻസ് പെരുങ്ങലത്താണ് ലൈബ്രേറിയൻ. ജയദേവൻ കൂടക്കൽ, കെ.ഇ. കുഞ്ഞുമോൻ, എൻ.ടി. ഭാസ്കരൻ, ഷാജി.പി. മാന്തറ എന്നിവരാണ് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |