ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം(നാലുതോട്) വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ആന്റണി(മോനിച്ചൻ ) നറുക്കെടുപ്പിലൂടെ വിജയിച്ചു. ആന്റണിക്കും യു.ഡി.എഫ് സ്ഥാനാർത്ഥിയായ സണ്ണി മാമനും 168 വോട്ടുകൾ വീതം ലഭിച്ചതിനെത്തുടർന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. ബി.ജെ.പി സ്ഥാനാർത്ഥിയായ എൻ.ജി.ശജീന്ദ്രന് ആറു വോട്ടേ ലഭിച്ചുള്ളൂ. ആകെ 342 വോട്ടുകളാണ് പോൾ ചെയ്തത്.
കഴിഞ്ഞ തവണ യു.ഡി.എഫ് 84 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡാണിത്. യു.ഡി.എഫിലെ തോമസ് ആന്റണിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. 13 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് ആറും എൽ.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് രണ്ട് സീറ്റുമാണ് ഉണ്ടായിരുന്നത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തിൽ യു.ഡി.എഫിലെ ഘടകകക്ഷിയായ കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിലെ രണ്ട് അംഗങ്ങൾ കൂറുമാറി വോട്ടുചെയ്തതോടെയാണ് ഭരണം എൽ.ഡി.എഫിന് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |