SignIn
Kerala Kaumudi Online
Saturday, 20 April 2024 6.56 AM IST

മൂന്നാം തരംഗത്തേക്കാൾ ഭീഷണിയായി മാസ്ക്കുകൾ !

mask

മാസ്ക്കുകളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനങ്ങളില്ല

ആലപ്പുഴ : കൊവിഡ് മൂന്നാം തരംഗം ഭീഷണിയായി തൊട്ടുമുന്നിലെത്തിയിട്ടും മാസ്ക്കുകളുടെ ഗുണനിലവാരപരിശോധനയ്ക്ക് സംവിധാനമില്ലാത്തത് ചോദ്യചിഹ്നമാകുന്നു. ഡബിൾ മാസ്ക്ക് ധരിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പൊതുജനം പാലിക്കുന്നുമ്പോഴും മുപ്പത് ശതമാനത്തിലധികം പേരും ഗുണനിലവാരമില്ലാത്ത മാസ്ക്കുകളാണ് ധരിക്കുന്നതെന്ന് ആരോഗ്യപ്രവർത്തകർ സമ്മതിക്കുന്നു.

മെഡിക്കൽ ഡിവൈസസ് ചട്ടത്തിന്റെയും അവശ്യവസ്തു നിയമത്തിന്റെയും കീഴിൽപ്പെടുത്തി, കേന്ദ്ര സർക്കാർ കഴിഞ്ഞവർഷം വിവിധ വൈദ്യോപയോഗ ഉപകരണങ്ങളുടെ ന്യായവിലയ്ക്കുള്ള ലഭ്യതയും നീതിപൂർവമായ വിതരണവും ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ, ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള ലാബുകൾ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല. ഇക്കാരണത്താൽ ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികളിൽ നടപടികളൊന്നും സ്വീകരിക്കാൻ കഴിയില്ലെന്ന് ഡ്രഗ്സ് കൺട്രോളർ വിഭാഗം വ്യക്തമാക്കി. സർജിക്കൽ, എൻ 95 മാസ്കുകൾ, ഓക്സിമീറ്റർ, കൈയുറകൾ, പേഴ്സണൽ പ്രൊട്ടക്ടീവ് എക്യൂപ്മെന്റ് കിറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. കൊവിഡ് പ്രതിരോധ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാനും ന്യായവില പ്രഖ്യാപിക്കാനുമുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നു കാട്ടി പൊതുപ്രവർത്തകനായ ആലപ്പുഴ സ്വദേശി തോമസ് മത്തായി മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്മേൽ ഡ്രഗ്സ് കൺട്രോളർ കെ.ജെ.ജോൺ സമർപ്പിച്ച റിപ്പോർട്ടിലാണ് നിസഹായത പ്രകടിപ്പിച്ചിട്ടുള്ളത്.

അപകടം ഇങ്ങനെ

ഇഴയടുപ്പമില്ലാത്ത തുണി ഉപയോഗിച്ച് നിർമ്മിക്കുന്നവ, ഗുണനിലവാരം കുറഞ്ഞ സർജിക്കൽ മാസ്കുകൾ എന്നിവയിലൂടെ ഉമിനീർ കണികകൾ പുറത്തേക്ക് പോകാനും വൈറസ് ഉള്ളിലേക്ക് കടക്കാനും സാദ്ധ്യത ഏറെയാണ്. ഐ.എസ്.ഐ, എൻ.ഐ.ഒ.എസ്.എച്ച്, ഡി.ആർ.ഡി.ഒ അടക്കമുള്ള സർട്ടിഫിക്കറ്റുകളില്ലാത്ത വ്യാജ എൻ95 മാസ്‌കുകളും വിപണിയിൽ സുലഭമാണ്. വഴിയോരങ്ങളിലും മറ്റും നിർമ്മാതാക്കളുടെ പേരുപോലുമില്ലാതെ വിൽക്കുന്ന ഇത്തരം മാസ്കുകൾക്ക് വില തോന്നുംപടിയാണ്.

നിർമ്മാതാവിന്റെ പേരും മേൽവിലാസവും വേണം

മെഡിക്കൽ ഡിവൈസസ് റൂൾസ് 2017ലെ വ്യവസ്ഥകൾ പ്രകാരം, കൊവിഡ് പ്രതിരോധ വസ്തുക്കളുടെ ലേബലുകളിൽ ബാച്ച് നമ്പർ, നിർമ്മാണ തീയതി, കാലാവധി, നിർമ്മാതാവിന്റെ പേരും മേൽവിലാസവും തുടങ്ങിയവ രേഖപ്പെടുത്തിയിരിക്കണം. പൾസ് ഓക്സീമീറ്ററുകളുടെ കാര്യക്ഷമതയെക്കുറിച്ചുളള പരാതികൾ ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രഗ്സ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി അപാകതയുള്ള ഉത്പന്നങ്ങളുടെ തുടർവിപണനം തടഞ്ഞിരുന്നു.

തോന്നിയ പോലെ

1.അണുനശീകരണം ഇല്ലാതെ വഴിവക്കിൽ മാസ്ക്ക് വില്പന

2.കടകളിലും മാസ്ക്ക് കവറുകളിലല്ലാതെ തൂക്കിയിടുന്നു

3.നല്ലൊരു ശതമാനവും ഗുണനിലവാരമില്ലാത്ത മാസ്ക്കുകൾ

സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഡബിൾ മാസ്ക്ക് നിർബന്ധമാക്കിയത്. ഉപയോഗിക്കുന്നതിന്റെ ഗുണനിലവാരം ഓരോരുത്തരും ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം പ്രയോജനമുണ്ടാവില്ല

- ആരോഗ്യപ്രവർത്തകർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.