ആലപ്പുഴ : ജില്ലയിലെ സർക്കാർ ഓഫീസുകളുടെ ഫോൺ നമ്പർ, ലൊക്കേഷൻ എന്നിവ തപ്പി ഇനി അധികം ബുദ്ധിമുട്ടേണ്ട. വിരൽത്തുമ്പിലറിയാം. ഓഫീസുകളിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായാൽ അതും മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താം.നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച 'എന്റെ ജില്ല' എന്ന മൊബൈൽ ആപ്ളിക്കേഷനാണ് ഇതിനവസരം ഒരുക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ആപ്ലിക്കേഷനിൽ പ്രവേശിച്ചാലുടൻ ജില്ല തിരഞ്ഞെടുക്കാം. ലഭിക്കുന്ന പേജിൽ വകുപ്പ് അല്ലെങ്കിൽ സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ ഇതിനു കീഴിലുള്ള ഓഫീസുകളുടെ വിവരം ലഭിക്കും. ആവശ്യമുള്ള ഓഫീസിന്റെ പേരിൽ ക്ലിക്ക് ചെയ്യാം. ഉദാഹരണത്തിന് ആലപ്പുഴ ജില്ലയുടെ പ്രധാന പേജിൽ ആദ്യം കാണുന്ന റവന്യൂ വകുപ്പ് തിരഞ്ഞെടുത്താൽ കളക്ടറേറ്റ് മുതൽ വില്ലേജ് ഓഫീസ് വരെയുള്ള വിവരം ലഭിക്കും.
ഒരു ഓഫീസ് തിരഞ്ഞെടുത്താൽ അവിടെ ലഭിക്കുന്ന സേവനങ്ങളുടെ പട്ടികയും വിവിധ ഓപ്ഷനുകളും തെളിയും.
ആപ്ളിക്കേഷൻ തുറക്കുമ്പോൾ
1.മേക്ക് എ കോൾ എന്ന ഓപ്ഷനിൽ ഓഫീസിലെ ഫോൺ നമ്പരുകൾ കാണാം. ആപ്ലിക്കേഷനിൽ നിന്ന് നേരിട്ട് കോൾ ചെയ്യാം
2.ലൊക്കേറ്റ് ഓൺ മാപ്പ് എന്ന ഓപ്ഷനിൽ ഓഫീസ് എവിടെയെന്ന് ഗൂഗിൾ മാപ്പിൽ കണ്ടെത്താം
3.റൈറ്റ് എ റിവ്യൂ ഓപ്ഷനിൽ ഫോൺ നമ്പർ നൽകി രജിസ്റ്റർ ചെയ്ത് ഓഫീസിന്റെ പ്രവർത്തനം വിലയിരുത്താം
4.ഓഫീസുമായി ബന്ധപ്പെട്ട അനുഭവം എഴുതി സ്റ്റാർ റേറ്റിംഗ് നൽകണം
5.ഇമെയിൽ അയയ്ക്കാനും അധിക വിവരങ്ങൾ ലഭിക്കാനുമുള്ള ഓപ്ഷനുകൾ ആപ്ലിക്കേഷനിലുണ്ട് 6.ആപ്ലിക്കേഷനിൽ നൽകുന്ന റേറ്റിംഗും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും എല്ലാവർക്കും കാണാം.
7.ജില്ലയുടെ പ്രധാന പേജിലും വകുപ്പുകളുടെ പേജിലും ഓഫീസുകൾ സെർച്ച് ചെയ്ത് കണ്ടെത്താം
8.അടിയന്തര ഇടപെടൽ ആവശ്യമുള്ള വിഷയങ്ങൾ വകുപ്പ് മേധാവികളുടെ ശ്രദ്ധയിൽപ്പെടുത്താം
ഉൾപ്പെടുത്തിയിട്ടുള്ള വകുപ്പുകളും സ്ഥാപനങ്ങളും
റവന്യൂ, പൊലീസ്, റോഡ് ട്രാൻസ്പോർട്ട്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, കെ.എസ്.ഇ.ബി, കൃഷി, പൊതുവിതരണം, രജിസ്ട്രേഷൻ, മൃഗസംരക്ഷണം, ഫീഷറീസ്, വിദ്യാഭ്യാസം, വ്യവസായം, അക്ഷയ, കോളേജുകൾ, ആശുപത്രികൾ, പൊതുമരാമത്ത്, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, ട്രഷറി, ജലസേചനം, സാമൂഹ്യനീതി, അഗ്നിരക്ഷ, ടൂറിസം, കെ.എസ്.എഫ്.ഇ, കോടതികൾ, ക്ഷീരവികസനം, എംപ്ലോയ്മെന്റ്, വനം, എക്സൈസ്, ജി.എസ്.ടി, തുറമുഖം, ജൻ ഔഷധി സ്റ്റോറുകൾ എന്നിവയാണ് ജില്ലയുടെ പ്രധാന പേജിൽ നിലവിലുള്ളത്. പ്രധാന ജില്ലാ ഓഫീസുകളും കേന്ദ്ര സർക്കാർ ഓഫീസുകളും കണ്ടെത്തുന്നതിന് പ്രത്യേക ഓപ്ഷനുകളുമുണ്ട്.
മൊബൈൽ ആപ്ലിക്കേഷനിലൂടെ സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും വേഗവും വർദ്ധിപ്പിക്കും.
-എ. അലക്സാണ്ടർ,ജില്ലാ കളക്ടർ
മൊബൈൽ ആപ്ലിക്കേഷനിൽ കൂടുതൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ ചേർക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്
-കെ.എസ്.അഞ്ജു,ജില്ലാ വികസന കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |