ചേർത്തല: ആറാം ക്ലാസുകാരിയുടെ ബോട്ടിൽ ആർട്ട് ശ്രദ്ധേയമാകുന്നു. പള്ളിപ്പുറം പഞ്ചായത്ത് 13-ാം വാർഡ് തിരുനല്ലൂർ കറുകടത്തിൽ വെളിയിൽ കെ.എസ്. ബാബു - പ്രിയ ദമ്പതികളുടെ മകൾ ആര്യനന്ദയാണ് മികവ് തെളിയിച്ചത്. പല ആകൃതിയിലുള്ള കുപ്പികളിൽ അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ഇതിനൊപ്പം ചെറിയ കൊത്തുപണികൾ ഒട്ടിച്ചുചേർത്തും കലാസൃഷ്ടികൾ ആകർഷകമാക്കുന്നു.
കണിച്ചുകുളങ്ങര വി.എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ആര്യനന്ദ പഠനത്തിലും മികവ് പുലർത്തുന്നു. വിവിധ കളർ പേപ്പറുകൾ പൂക്കളായി മാറുന്നത് നിമിഷ നേരം കൊണ്ടാണ്. ഓൺലൈൻ ക്ലാസിനിടയ്ക്ക് ലഭിച്ച സമയമാണ് ആര്യനന്ദ കലാപ്രവർത്തനത്തിന് വിനിയോഗിക്കുന്നത്. വീടിന് മുന്നിലെ പൂന്തോട്ട നിർമ്മാണത്തിലും ആര്യനന്ദയുടെ കലാവാസന പ്രകടമാണ്.
പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് പല ആകൃതിയിൽ മുറിച്ച് ചെടികൾ വളർത്തിയിരിക്കുന്നത് ആരുടെയും ശ്രദ്ധയാകർഷിക്കും. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ റേഷൻ കട നടത്തുന്ന പിതാവ് കെ.എസ്. ബാബുവും നഴ്സായ അമ്മ പ്രിയയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |