അമ്പലപ്പുഴ: പുന്നപ്ര ഗവ. ജെ.ബി സ്കൂൾ കെട്ടിടം ഉദ്ഘാടന നോട്ടീസിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരന്റെ പേര് ഉൾപ്പെടുന്ന ഭാഗം മായ്ച്ചുകളഞ്ഞതായി ആക്ഷേപം. ജി. സുധാകരൻ എം.എൽ.എയായിരുന്നപ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച സ്കൂൾ മന്ദിരത്തിന്റെ ചിത്രത്തിലെ പേരാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് മായ്ച്ചിരിക്കുന്നത്. എം.എൽ.എ ഓഫീസിൽ നിന്നാണ് നോട്ടീസ് എത്തിച്ചതെന്ന് സ്കൂൾ അധികൃതർ പറയുന്നു. സംഭവം വിവാദമായതോടെ എം.എൽ.എ ഓഫീസിലെ ജീവനക്കാരെത്തി നോട്ടീസ് തിരികെ വാങ്ങി പുതിയ ചിത്രം ഉൾപ്പെടുത്തിയ നോട്ടീസ് നൽകി. ഇന്ന് രാവിലെ 9ന് മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. എച്ച്. സലാം എം.എൽ.എയാണ് അദ്ധ്യക്ഷൻ. മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ചടങ്ങിലും സുധാകരന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |