SignIn
Kerala Kaumudi Online
Thursday, 25 April 2024 11.33 AM IST

'ബോംബെ ഗാരേജി"ലെ മെക്കാനിക്കും ശില്പിയും

bombay-meshary

മാന്നാർ : മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമുള്ള 'ബോംബെ ഗാരേജിൽ" സ്‌കൂട്ടർ മെക്കാനിക്കിനെതേടി എത്തുന്നവരെ സ്വീകരിക്കുന്നത് തടിയിൽ ഗണപതിയുടെയും ലക്ഷ്മിയുടെയുമാെക്കെ രൂപങ്ങൾ കൊത്തിയെടുക്കുന്ന ശില്പിയാകും. ആളു മാറിയെന്ന് കരുതേണ്ട. ശില്പിയും മെക്കാനിക്കും ഒരാൾ തന്നെ. നാട്ടുകാരുടെ ബോംബെ മേശരിയെന്ന മാന്നാർ കുരട്ടിക്കാട് ഭാർഗവി സദനത്തിൽ മോഹൻകിഷൻ(68).

കരുനാഗപ്പള്ളിയ്ക്കടുത്ത് തഴവയിൽ നിന്ന് 1970ലാണ് മോഹൻ കിഷൻ മാന്നാറിലെത്തിയത്. 20 വർഷത്തോളം മുംബയിൽ ജോലി ചെയ്തിരുന്നതിനാൽ സുഹൃത്തുക്കൾ സ്നേഹപൂർവം നൽകിയ 'ബോംബെ മേശരി' എന്ന നാമം തന്റെ വർക്ക് ഷോപ്പിനോടും ചേർത്തുവച്ചു. എത്ര പഴകിയ മോഡലിലുള്ള സ്‌കൂട്ടറായാലും നന്നാക്കിക്കൊടുക്കുന്നതിനാൽ ബോംബെ മേശരിയുടെ വീടിന്റെ പരിസരം ഇരുചക്രവാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.

ഈ തിരക്കിനിടയിലാണ് തടിയിൽ ശില്പങ്ങൾ കൊത്തുന്നത്. തന്റെ നഷ്ടപ്പെട്ടുപോയ പഞ്ചലോഹത്തിൽ തീർത്ത വിലമതിക്കാനാവാത്ത മേരുചക്രം തിരികെകിട്ടണമെന്ന പ്രാർത്ഥനയോടെ ആറ്റുകാലമ്മയ്ക്ക് സമർപ്പിക്കാൻ ദേവിയുടെ രൂപം തടിയിൽ കൊത്തിയെടുക്കുന്ന തിരക്കിലാണിപ്പോൾ. വെട്ടിയെടുത്ത മഹാഗണി മരത്തിന്റെ ഉപേക്ഷിക്കപ്പെട്ട ഭാഗങ്ങളിൽനിന്നും തനിക്കാവശ്യമായവയെടുത്ത് ആദ്യം ചീകിമിനുക്കും. പേപ്പറിൽ വരച്ചെടുക്കുന്ന രൂപങ്ങൾ പിന്നീട് മേശരിയുടെ കരവിരുതിൽ ഈ പലകയിൽ വിരിയിച്ചെടുക്കും. ബ്രഷ് ഉപയോഗിച്ച് നിറങ്ങൾ നൽകി അവയെ ജീവസ്സുറ്റതാക്കും. ഇതുവരെ തീർത്ത ശില്പങ്ങളൊക്കെയും അമ്പലങ്ങളിൽ സമർപ്പിച്ചു.

'എൻജിനിയറും" നോവലിസ്റ്റും

പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബോബെ മേശരിയുടെ കണ്ടുപിടിത്തങ്ങൾ എൻജിനിയർമാരെപ്പോലും അതിശയിപ്പിക്കും. മേശരി നിർമ്മിച്ച ചക്ക മുറിക്കുന്ന യന്ത്രത്തിന് ആവശ്യക്കാർ ഏറെയായിരുന്നു. 2018ലെ പ്രളയത്തിൽ ബുധനൂരിലെ ഭാര്യവീട്ടിലേക്ക് പോകാൻ കഴിയാതെ വന്നപ്പോൾ കരയിലും വെള്ളത്തിലും ഓടുന്ന സൈക്കിൾ നിർമ്മിക്കാനിറങ്ങി. കാറിന്റെ എ.സിയുടെ പഴയ മോട്ടോറുകൾ, സൈക്കിളിന്റെ ഫ്രെയിം, ചക്രക്കസേരയുടെ ചക്രം, പി.വി.സി പൈപ്പുകൾ തുടങ്ങിയവകൊണ്ടുള്ള ഈ സൈക്കിളിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഒരുപാട്ുപേരെ മെക്കാനിസം പഠിപ്പിച്ചിട്ടുള്ള മോഹൻകിഷൻ ഒരു നോവലിസ്റ്റ് കൂടിയാണ്. 'മൗനനൊമ്പരം' എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'പ്രയാണം' എന്ന മറ്റൊരു നോവലും തയ്യാറായി വരുന്നു. ഭാര്യ :ശ്യാമള. മൂത്തമകൻ ശ്യാംകിഷൻ അച്ഛന്റെ പാതയിലൂടെ ടുവീലർ മെക്കാനിക്കായി ഒപ്പമുണ്ട്. മകൾ ശാലിനി അദ്ധ്യാപികയാണ്. ഇളയമകൻ ശരത്കിഷൻ മിലിട്ടറിയിൽ ജോലി ചെയ്യുന്നു. അഞ്ജലി, ശ്രീലാൽ, വി.എസ്.അഞ്ജലി എന്നിവർ മരുമക്കളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.