ആലപ്പുഴ: മാർഗനിർദേശങ്ങൾ നൽകാൻ ഉറ്റവർ ഒപ്പമില്ലാത്ത കുട്ടികൾക്ക് നേർവഴി തെളിക്കാൻ പദ്ധതിയുമായി ജില്ലാ നിയമസേവന അതോറിട്ടി. ജില്ലയിൽ ചിൽഡ്രൻസ് ഹോമുകൾ, ജുവനൈൽ ഹോമുകൾ, നിർഭയ കേന്ദ്രം എന്നിവിടങ്ങളിൽ പാർക്കുന്ന കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് പുസ്തകങ്ങൾ ശേഖരിച്ചെത്തിച്ച് അതത് കേന്ദ്രങ്ങളിൽ ലൈബ്രറി സംവിധാനം ഒരുക്കുന്നതാണ് പദ്ധതി. നിയമസേവന അതോറിട്ടി സംസ്ഥാന അദ്ധ്യക്ഷൻ ജസ്റ്റീസ് വിനോദ് ചന്ദ്രന്റെ നിർദേശപ്രകാരമാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ മനസിനെ ആകർഷിക്കുന്നതും നല്ല മാർഗത്തിൽ സഞ്ചരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങളാണ് സമാഹരിക്കുന്നത്. പരമാവധി ബുക്കുകൾ സമാഹരിച്ച് ഫെബ്രുവരിയോടെ വിവിധ ചിൽഡ്രൻ ഹോമുകളിൽ ലൈബ്രറി രൂപീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ജില്ലയിൽ പുസ്തകങ്ങൾ നൽകുന്നത്
1.മായിത്തറ ഗേൾസ് ഹോം
2.നൂറനാട് ബോയ്സ് ഹോം
3.നിർഭയ സെന്റർ, പറവൂർ
4. സ്വകാര്യ ചിൽഡ്രൻ ഹോമുകൾ
പദ്ധതിയിൽ സഹകരിക്കാൻ താത്പര്യമുള്ളവർക്ക് ജില്ലാ കോടതി അങ്കണത്തിൽ പ്രവർത്തിക്കുന്ന ലീഗൽ സർവീസ് അതോറിട്ടിയുടെ കേന്ദ്രത്തിൽ പുസ്തകങ്ങളെത്തിക്കാം. കൂടുതൽ പുസ്തകങ്ങളുള്ള സ്ഥലത്ത് അധികൃതർ നേരിട്ടെത്തി സ്വീകരിക്കും. 9947286828 എന്ന നമ്പരിൽ ബന്ധപ്പെടണം
- സെക്ഷൻ ഓഫീസർ, ജില്ലാ നിയമ സേവന അതോറിട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |