SignIn
Kerala Kaumudi Online
Friday, 19 April 2024 8.01 AM IST

ഇടവേള കഴിഞ്ഞ് ഉണരുന്നു അവധിക്കാല ക്യാമ്പുകൾ

jyothi

ആലപ്പുഴ: കുഞ്ഞുമനസുകളെ വീണ്ടും ഉത്സവാന്തരീക്ഷത്തിലെത്തിക്കാൻ അവധിക്കാല ക്യാമ്പുകൾ ഒരുങ്ങുന്നു. പരീക്ഷകൾ അവസാനിക്കുന്നതോടെ ക്യാമ്പുകൾക്ക് തുടക്കമാകും. കൊവിഡ് ആഞ്ഞുവീശിയതോടെ കഴിഞ്ഞ രണ്ട് വർഷവും ക്യാമ്പുകൾ മുടങ്ങിയിരുന്നു. ചില സംഘാടകർ ഓൺലൈൻ വഴി പരിശീലനങ്ങൾ നടത്താൻ ശ്രമം നടത്തിയെങ്കിലും, അവയ്ക്ക് നേരിൽ പങ്കെടുക്കുന്നതിന്റെ ഫലം നൽകാൻ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് ആട്ടവും പാട്ടും കവിതകളും ചിത്രരചനകളുമായി വീണ്ടും അരങ്ങുണരുന്നത്. ഏപ്രിൽ രണ്ടാം വാരം മുതൽ ജില്ലയിൽ വിവിധ ക്യാമ്പുകൾക്ക് തുടക്കമാകും. സ്കൂളുകൾ പുനരാരംഭിച്ചതിനാൽ ഭൂരിഭാഗം കുട്ടികൾക്കും വീടിന്റെ നാലു ചുവരുകളിൽ നിന്ന് മോചനം ലഭിച്ചിരുന്നു. പരിശീലന കളരികളിൽ കൂടി എത്തുന്നതോടെ പഴയ മാനസികോല്ലാസം കുരുന്നുകൾ വീണ്ടെടുക്കുമെന്നാണ് കരുതുന്നത്.

വീണ്ടെടുപ്പിന്റെ കാലം
പാടത്തും പറമ്പിലും പലവിധ കളികളുമായി കുട്ടികൾ കൂട്ടം കൂടിയിരുന്ന അവധിക്കാലം ഇന്ന് അന്യമാണ്. ടിവി, മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഗെയിം എന്നിവയെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. ഈ അവസരത്തിലാണ് സമ്മർ ക്യാമ്പുകളുടെ പ്രസക്തി. നൃത്തം,ചിത്രകല,കളരി,നാടകം എന്നിങ്ങനെ വിവിധ മേഖലകളിലെ വിദഗ്ദ്ധർ ക്‌ളാസിനെത്തുന്ന സമ്മർ ക്യാമ്പുകൾ വളരെ വേഗത്തിലാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മനസിലിടം നേടുന്നത്. ഒരുമാസത്തോളം നീണ്ടുനിൽക്കുന്നതാണ് ക്യാമ്പുകൾ. ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതുകൊണ്ട് ഈ മേഖല ഒരു ബിസിനസ് കൂടിയാണ്. പലകുട്ടികളിലും ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ ക്യാമ്പുകളിൽ പുറത്തുവരാറുണ്ട്. പങ്കെടുക്കുന്നവരിൽ 5 മുതൽ 15 വയസുവരെയുള്ള കുട്ടികളുണ്ടാകും. ഒരു വിഷയത്തിന് 300 മുതൽ 500 വരെയാണ് ഫീസായി ഈടാക്കുന്നത്.

ക്യാമ്പ് വിഷയങ്ങൾ

 സ്വഭാവ രൂപീകരണ പരിശീലനം

 ഇംഗ്ലീഷ് സംസാരിക്കാനുള്ള പരിശീലനം

 പ്രസംഗ പരിശീലനം

 യോഗ

 നാടകം

 നാടൻ പാട്ട്

 ചിത്ര രചന

 കളിപ്പാട്ട നിർമ്മാണം

അദ്ധ്യാപകർ നേതൃത്വം നൽകുന്ന ക്യാമ്പുകൾക്ക് പരീക്ഷാ തിരക്കൊഴിയുന്ന മേയ് മാസത്തിൽ തുടക്കമാകും. ഉല്ലാസത്തിനൊരു വേദി എവിടെ ലഭിക്കുമെന്ന് കാത്തിരിക്കുകയാണ് കുട്ടികൾ. ഇപ്രാവശ്യം ക്യാമ്പുകളിലെത്താൻ കൂടുതൽ കുട്ടികൾ താൽപര്യം പ്രകടിപ്പിക്കാനാണ് സാദ്ധ്യത

- പുന്നപ്ര ജ്യോതികുമാർ, അദ്ധ്യാപകൻ

കൊവിഡ് വരുത്തിവച്ച രണ്ട് വർഷത്തെ ഇടവേള മൂലം ചില കുട്ടികളെങ്കിലും സ്വഭാവത്തിലും പെരുമാറ്റ രീതികളിലും പ്രായത്തിനെക്കാളും താഴെയാണ്. ഓൺലൈൻ ക്ലാസുകൾ മാത്രം പരിശീലിച്ചവർക്ക് പ്രായോഗിക അറിവ് ലഭിച്ചിട്ടില്ല. സാമൂഹികമായ വളർച്ചയ്ക്ക് അവധിക്കാല ക്യാമ്പുകൾ അത്യാവശ്യമാണ്. സ്കൂൾ അടയ്ക്കുന്നതോടെ വീണ്ടും ഫോണിന്റെ ലോകത്തേക്ക് പോകുന്നത് ആരോഗ്യത്തെയും സാരമായി ബാധിക്കും

- ബെറ്റ്സി ബെൻ, ബെൻസ് കിഡ്സ് സമ്മർ ക്യാമ്പ്, കാളാത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.