SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.04 AM IST

മഴവെള്ള സംഭരണിയല്ല, ഇത് സൂപ്പർ കൂളർ

s

ആലപ്പുഴ : വേനൽച്ചൂട് കത്തുമ്പോഴും കോമളപുരത്തെ 'ശ്രീകൃഷ്ണ" എന്ന വീടിനുള്ളിൽ തണുപ്പരിച്ചിറങ്ങുന്നുണ്ട്. വർഷത്തിൽ 365 ദിവസവും ഇവിടെ ഇങ്ങനെയാണെന്ന് ഗൃഹനാഥനും കോമളമുരത്തെ ശ്രീകൃഷ്ണ ജൂവലറി ഉടമയുമായ സോമകുമാർ പറയുന്നു.

വീടിന്റെ അടിത്തറയിൽ എട്ടടി താഴ്ചയിൽ സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണിയാണ് ഈ വീടിനെ എപ്പോഴും 'കൂളായി" നിലനിറുത്തുന്നത്. ഈ വിദ്യ സോമകുമാറും കുടുംബവും പ്രാവർത്തികമാക്കിയിട്ട് ഏഴു വർഷം കഴിഞ്ഞു. 1300 ചതുരശ്ര അടിയിലുള്ള മഴവെള്ള സംഭരണിയ്ക്ക് 35,000 ലിറ്റർ ശേഷിയുണ്ട്.

3300 ചതുരശ്ര അടിയാണ് വീടിന്റെ മൊത്തം വിസ്തീർണം.

വർഷത്തിൽ ആറ് മാസവും ഇതേ വെള്ളമാണ് കുടിക്കാനുൾപ്പെടെ ഉപയോഗിക്കുന്നത്. അടുത്ത ആറ് മാസം മഴവെള്ള ലഭ്യത കുറയുന്നതോടെ കുഴൽക്കിണർ ജലവും ഉപയോഗിക്കും. ഇതുവരെ വീട്ടിൽ ജല അതോറിട്ടിയുടെ പൈപ്പ് കണക്‌ഷൻ എടുത്തിട്ടില്ല. അടിത്തറയിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വേനൽക്കാലത്ത് പകൽ സമയത്ത് പോലും ഫാൻ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. അടുക്കളയ്ക്ക് സമീപം സ്റ്റോർ റൂമിൽ നിന്ന് സംഭരണയിലേക്കിറങ്ങാൻ മാൻഹോളുണ്ട്. രണ്ട് വർഷത്തിലൊരിക്കലാണ് സംഭരണി പൂർണമായും വൃത്തിയാക്കുന്നത്.

പരീക്ഷണ വഴി

കോമളപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ശ്രീകൃഷ്ണ ജൂവലറിയുടെ രണ്ടാം നിലയിലായിരുന്നു സോമകുമാറും ഭാര്യ ബിന്ദുവും മക്കൾ ഹരികൃഷ്ണനും, യദുകൃഷ്ണനും ആദ്യം താമസിച്ചിരുന്നത്. കടുത്ത ചൂടായിരുന്നു ഇവിടെ. കുടിവെള്ള കണക്‌ഷൻ വഴി ലഭിക്കുന്ന വെള്ളമാവട്ടെ കലങ്ങി ദുർഗന്ധം വമിക്കുന്നതും. പുതിയ വീട് പണിയുമ്പോൾ, ഈ രണ്ട് പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം വേണമെന്ന് മനസിൽ ഉറപ്പിച്ചു. ഇരുപത് വർഷത്തോളം പ്രതിവിധി തേടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കേയാണ് എറണാകുളത്ത് ഒരു റിട്ട.ആർമി ഉദ്യോഗസ്ഥൻ വീടിന്റെ അടിത്തറയിൽ വെള്ളം കെട്ടി നിർത്തി അന്തരീക്ഷം തണുപ്പിക്കുന്നുണ്ടെന്ന് സുഹൃത്ത് വഴി കേട്ടറിഞ്ഞത്. അവിടെയെത്തി നേരിൽ കണ്ടതോടെ, ആശയം പ്രാവർത്തികമാക്കാവുന്നതാണെന്ന് മനസിലാക്കി. സുഹൃത്ത് കൂടിയായ സൂപ്പർവൈസർ പ്രസാദിനോട് ആവശ്യങ്ങൾ വിശദീകരിച്ചു. വീട് പണിയാനുദ്ദേിച്ച ഭൂമിയിൽ മേസ്തിരി ജോഷിയുടെയും പ്ലംബർ സാദിഖിന്റെയും നേതൃത്വത്തിൽ എട്ടടി ആഴത്തിൽ കുഴിച്ച് വെള്ളം കെട്ടി നിർത്താനുള്ള കോൺക്രീറ്റ് സംഭരണി നിർമ്മിച്ചു.

ശുദ്ധീകരിച്ച വെള്ളം

മികച്ച രീതിയിൽ മഴ പെയ്താൽ രണ്ടാഴ്ച കൊണ്ട് സംഭരണി നിറയും. വെള്ളം ശുദ്ധീകരിക്കുന്നതിന് മെറ്റൽ, ചിരട്ടക്കരി, വെള്ളമണ്ണ് എന്നിവ ലെയറുകളായി വലിയ വീപ്പയിൽ നിറച്ച് മൂന്ന് ഫിൽട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. വീടിന്റെ മട്ടുപ്പാവിൽ വീഴുന്ന വെള്ളം പൂർണമായും ശുദ്ധീകരിക്കപ്പെട്ട് സംഭരണിയിലെത്തും. ജലത്തിലെ അസിഡിറ്റി ഒഴിവാക്കാൻ പാറക്കല്ലുകൾ പാകിയിട്ടുണ്ട്. പായൽ പിടിക്കാതിരിക്കാൻ സൂര്യപ്രകാശം കടക്കാത്തവിധം എയർപാസേജുകളും നൽകി.

സംഭരണി നിർമ്മിക്കാൻ അഞ്ച് ലക്ഷത്തോളം രൂപ വേണ്ടി വന്നു. എന്നാൽ ഇതിന് വേണ്ടി കുഴിയെടുത്തപ്പോൾ വീട് തേയ്ക്കാനുള്ള മൂന്ന് ലക്ഷത്തോളം രൂപയുടെ മണലും ചരലും ലഭിച്ചു. പുതുതായി വീട് പണിയുന്നവർക്ക് ഈ ആശയം പ്രാവർത്തികമാക്കാം

- സോമകുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.