ആലപ്പുഴ: കുറ്റവാളികളെ മണം പിടിച്ച് പിടികൂടുന്ന വിധം കാണിച്ച ട്രാക്കർ ഡോഗ് ലിഡോ, കുറ്റവാളികളെ ആക്രമിച്ചു പിടികൂടുന്ന ട്രാക്കർ ഡോഗ് ജൂഡി. സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഡോഗ് ഷോ ഏറെ കൗതുകകരമായിരുന്നു. ജില്ലാ പൊലീസ് കെ 9 സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ശ്വാനാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. സേനയിലെ അഞ്ച് നായ്ക്കളാണ് പ്രദർശനത്തിൽ പങ്കെടുത്തത്.
സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ മികവുള്ള ജാമിയും ട്രാക്കർ ഡോഗ് സച്ചിനുമൊക്കെ വേറിട്ട മികവുകളുമായി നിറഞ്ഞുനിന്നു.
ഡോഗ് സ്ക്വാഡിലെ ആന്റി നാർകോട്ടിക് ഡോഗ് ലിസി കാണികൾക്ക് നമസ്കാരം നൽകി പ്രദർശനത്തിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് എല്ലാ നായ്ക്കളും അണിനിരന്ന് അച്ചടക്കവും അനുസരണവും പ്രകടിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവച്ചു.
സ്ക്വാഡ് സബ് ഇൻസ്പെക്ടർ ബിജുരാജ്, സീനിയർ സി.പി.ഒ ജോസഫ് ചാലി, പരിശീലകരായ മനേഷ് കെ. ദാസ്, പി.കെ ധനേഷ്, ഹരീഷ്, ഹരികുമാർ, പ്രവീൺ, സന്ദീപ്, അഖിൽ, രാഹുൽ, തോമസ് ആന്റണി, പ്രശാന്ത്, ശ്രീകാന്ത്, നിധിൻ എന്നിവർ ഡോഗ്ഷോയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |