ആലപ്പുഴ : തനിച്ച് താമസിച്ചു വന്ന യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പൂങ്കാവ് പുതുപ്പറമ്പിൽ വർഗീസിന്റെ മകൾ ക്രിസ്റ്റി വർഗീസിന്റെ (38) മൃതദേഹമാണ് ഇന്നലെ രാവിലെ അടുക്കളഭാഗത്ത് കാണപ്പെട്ടത്. അടുക്കളയുടെ കതക് തുറന്നു കിടക്കുന്നത് കണ്ട് അയൽവാസി എത്തി നോക്കിയപ്പോഴാണ് നിലത്ത് വീണു കിടന്ന ക്രിസ്റ്റിയെ കണ്ടത്. ഇയാൾ വിവരമറിയിച്ചതിനെത്തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ക്രിസ്റ്റിയുടെ തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. മൃതദേഹം കിടന്നതിനു ചുറ്റും രക്തം തളം കെട്ടിക്കിടന്നിരുന്നു. തുമ്പോളി സ്വദേശിയായ ഇവർ മാതാവ് ജൈനമ്മയ്ക്കൊപ്പമാണ് പൂങ്കാവ് മഞ്ഞിലാ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തുള്ള വീട്ടിൽ താമസിച്ചിരുന്നത്. ഒരുവർഷം മുമ്പ് മാതാവ് മരിച്ച ശേഷം ക്രിസ്റ്റി തനിച്ചായി. ഇടക്കാലത്ത് ഇവർ വിദേശത്തും പോയിരുന്നു. സമീപത്തെ വീടുകളിലുള്ളവരുമായി അധികം ബന്ധം പുലർത്തിയിരുന്നില്ല. തലയിടിച്ച് വീണപ്പോൾ ഉണ്ടായ ആഴത്തിലുള്ള മുറിവിലൂടെ രക്തംവാർന്ന് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊലപാതകമാണോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. സമീപവാസികളിൽ നിന്ന് മൊഴിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |