പുതിയ എസ്റ്റിമേറ്റ് അടുത്തയാഴ്ച സമർപ്പിക്കും
ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ സമഗ്ര നവീകരണത്തിനുള്ള പുതിയ എസ്റ്റിമേറ്റ് അടുത്തയാഴ്ച ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം സർക്കാരിന് സമർപ്പിക്കും. ആകെയുള്ള 40 ഷട്ടറുകൾ നിഷ്പ്രയാസം ഉയർത്താനും താഴ്ത്താനും കഴിയുംവിധമുള്ള അറ്റകുറ്റപ്പണികൾക്കായി 16 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. നിലവിലുള്ള ഷട്ടറുകളുടെ ഉയരം 30സെന്റിമീറ്റർ വർദ്ധിപ്പിക്കാനാണ് പുതിയ എസ്റ്റിമേറ്റിലുള്ള നിർദേശം.
കടലിൽ നിന്ന് ഉപ്പുവെള്ളം ഇരച്ചുകയറി നെൽകൃഷിക്ക് ഭീഷണിയായ സാഹചര്യത്തിൽ പ്രതിഷേധവുമായി കർഷകർ രംഗത്ത് എത്തിയതിനെത്തുടർന്ന് ഉപ്പുവെള്ളം കയറുന്നത് തടയാനായി ഷട്ടറുകളുടെ ഉയരം 50 സെന്റിമീറ്റർ ഉയരം കൂട്ടാനായിരുന്നു തീരുമാനം. എന്നാൽ 1954ൽ നിർമ്മിച്ച തോട്ടപ്പള്ളി സ്പിൽവേ പാലത്തിന് നിലവിലുള്ള ഷട്ടറുകളുടെ കൂട്ടി ചേർക്കൽ നടത്തുമ്പോൾ ഒരു ഷട്ടറിന് 500 മുതൽ 600 കിലോ വരെ അധികമായി വരും. 40ഷട്ടറുകളുടെ ഉയരം കൂട്ടുമ്പോൾ ഇത്രയും ഭാരം കാലപഴക്കം ചെന്ന പാലത്തിന് താങ്ങാനാകില്ലെന്ന് ഐ.ഡി.ആർ.ബി മെക്കാനിക്കൽ വിഭാഗത്തെ അറിയിച്ചു. ഇതിനെ തുടർന്നാണ് 30സെന്റിമീറ്റർ ഉയരം കൂട്ടാനായി തീരുമാനിച്ചത്. നിലവിൽ ഒരു ഷട്ടറിന്റെ നീളം 7.87മീറ്ററും ഉയരം 2.87സെന്റിമീറ്ററുമാണ്.
ദേശീയപാത ആറുവരി പാതയാക്കുമ്പോൾ പുതിയതായി വരുന്ന പാലത്തിൽ ഷട്ടറുകൾ ഘടിപ്പിക്കാനുള്ള അനുമതി നൽകാൻ കഴിയില്ലെന്ന് ദേശീയപാത അതോറിട്ടി മെക്കാനിക്കൽ വിഭാഗത്തെ അറിയിച്ചു. തീരദേശ ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ പാലത്തിന്റെ സമാന്തരമായി പുതിയ പാലം നിർമ്മിക്കുമ്പോൾ മാത്രമേ ഉയരം കൂടിയ പുതിയ ഷട്ടറുകൾ സ്ഥാപിക്കാനാകൂ.
# ഉപേക്ഷിച്ച പദ്ധതി
2018ലെ പ്രളയത്തെ തുടർന്ന് തയ്യാറാക്കിയ 3.20 കോടിയുടെ പദ്ധതി കഴിഞ്ഞ ആഗസ്റ്റിൽ ചേർന്ന മന്ത്രിസഭാ യോഗം റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ എസ്റ്റിമേറ്റ്. ടെൻഡറിൽ കരാറുകാരൻ ആവശ്യപ്പെട്ട ഭീമമായ അധിക തുക സംബന്ധിച്ച തർക്കമാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണം. ആഗസ്റ്റിൽ നടത്തിയ റീടെൻഡറിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരൻ, നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതിനാൽ പദ്ധതി ചെലവിന്റെ 24.03ശതമാനം അധിക തുക ആവശ്യപ്പെട്ടു. 2016ലെ നിരക്ക് അനുസരിച്ചായിരുന്നു എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
# പുതിയ പദ്ധതി
* സ്പിൽവേയിലെ ആകെ ഷട്ടറുകളുടെ എണ്ണം: 40
* ഷട്ടറുകളുടെ നിലവിലുള്ള ഉയരം: 2.87മീറ്റർ
* ഷട്ടറിന്റെ നീളം: 7.87മീറ്റർ
* ഉയർത്തുന്നത്: 30സെന്റിമീറ്റർ
* പ്രതീക്ഷിക്കുന്ന ചെലവ്: 16കോടി
* ഷട്ടറിന്റെ ഭാരം: 500മുതൽ 600കിലോവരെ
........................
'' പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി അടുത്തയാഴ്ച സർക്കാരിൽ സമർപ്പിക്കും. ദേശീയപാതയുടെ പുതിയ പാലത്തിൽ ഷട്ടറുകൾ ഘടിപ്പിക്കാനുള്ള അനുമതി നൽകാത്ത സാഹചര്യത്തിൽ ബദൽ സംവിധാനം ഉണ്ടാകണം.
പ്രദീപ്, എക്സിക്യുട്ടീവ് എൻജിനിയർ, മെക്കാനിക്കൽ വിഭാഗം, ഇറിഗേഷൻ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |