SignIn
Kerala Kaumudi Online
Friday, 19 April 2024 11.16 PM IST

പ്ലസ് വൺ : ഉത്തരസൂചികയെ ചൊല്ലി വിവാദം

s

ആലപ്പുഴ: ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ ആരംഭിച്ച വേളയിൽ, പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കുന്ന സമിതിയെ സംബന്ധിച്ച് വ്യാപക ആക്ഷേപങ്ങളുയരുന്നു. മാനുവൽ നിർദ്ദേശിക്കുന്ന യോഗ്യതയുള്ളവർക്ക് പകരം ജൂനിയർ അദ്ധ്യാപകരെ സമിതിയിൽ തിരുകികയറ്റിയതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നാണ് പരാതി. ഓരോ വിഷയത്തിനും 14 ജില്ലകളിൽ നിന്നുമുള്ള അദ്ധ്യാപകരെ ഉൾപ്പെടുത്തി നിയോഗിക്കുന്ന സമിതിയാണ് ഉത്തരസൂചിക തയ്യാറാക്കിയിരുന്നത്. എന്നാൽ ഇത്തവണ പല വിഷയങ്ങളുടെ സമിതിയിലും 14 പേർ ഇല്ലെന്ന് മാത്രമല്ല, ഉള്ളതിൽ ഒന്നിലേറെപ്പേർ ഒരേ ജില്ലയിൽപ്പെടുന്നവരുമാണ്.

സംസ്ഥാനത്തെ വിവിധ വിദ്യാർത്ഥികളുടെ ഏതാനും പേപ്പറുകൾ മോക്ക് മൂല്യനിർണയം നടത്തി ആശയവൈവിദ്ധ്യങ്ങളുടെ സ്വാംശീകരണവും നടത്തിയായിരുന്നു മുമ്പ് അന്തിമ ഉത്തരസൂചിക നിശ്ചയിച്ചിരുന്നത്. എന്നാൽ അടുത്ത കാലത്തായി അത് ഒഴിവാക്കി. ഇപ്രാവശ്യത്തെ സമിതിയിൽ

എല്ലാ ജില്ലകൾക്കും പ്രാതിനിധ്യമില്ലാത്തതും, സമിതിയംഗങ്ങളുടെ എണ്ണം കുറയുന്നതും ഉത്തരസൂചികയെ പരിമിതമാക്കും. പല ചോദ്യങ്ങളുടെയും സാദ്ധ്യമായ എല്ലാ ഉത്തരങ്ങളും ഉത്തരസൂചികയിൽ ഉൾപ്പെടാതെ പോയേക്കാം. ഒരോ ചോദ്യത്തിനും
സൂചകങ്ങൾക്കനുസൃതമായി മാർക്ക് വിഭജിച്ച് നൽകുന്നതിനെയും പരിചയക്കുറവ് ബാധിക്കുമെന്നാണ് ആക്ഷേപം.

ഒരേ ജില്ലക്കാർ

 ഇംഗ്ലീഷിന് ആകെയുള്ള 4 പേരിൽ 2 പേരും പാലക്കാട്ടുകാർ

 മലയാളം 4 പേരിൽ 2 ആലപ്പുഴക്കാർ

 ഹിന്ദി 5ൽ 3 കൊല്ലം

 സോഷ്യോളജി 7ൽ 3 കൊല്ലവും 2 കോട്ടയവും

 ഫിസിക്‌സിന് 7 പേർ മാത്രം

 കെമിസ്ട്രിക്ക് 13 പേരിൽ 3 തിരുവനന്തപുരവും 4 കൊല്ലവും

 കണക്ക് 10ൽ 2 തൃശൂരും 2 കോഴിക്കോടും

 സുവോളജി 9ൽ 2 കൊല്ലവും 2 പാലക്കാടും

 പൊളിറ്റിക്കൽ സയൻസിൽ 8ൽ 2 കൊല്ലം

 ചരിത്രത്തിന് 6ൽ 3 കൊല്ലം

ആത്മഹത്യയിലേക്ക് നയിക്കരുത്

2021ലെ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും, ഈ വർഷത്തേതും താരതമ്യം ചെയ്താൽ അന്ന് കെമിസ്ട്രിക്ക് 12135 പേർ തോൽക്കുകയും (ഡി) 64308 പേർക്ക് എ പ്ലസ് ലഭിക്കുകയും ചെയ്‌തെങ്കിൽ ഇന്ന് തോറ്റവർ 19705 പേരാണ്.30615 പേർക്ക് മാത്രമാണ് എ പ്ലസുള്ളത്. പുറക്കാട്ട് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് കെമിസ്ട്രിയുടെ ഫലമാണെന്നത് നിസ്സാരവൽക്കരിക്കാവുന്നതല്ല. മറ്റ് 2 വിഷയത്തിൽ എ പ്ലസും മൂന്ന് വിഷയങ്ങൾക്ക് എ ഗ്രേഡും നേടി ശരാശരിയിൽ കൂടുതൽ പ്രകടനം കാഴ്ചവച്ച കുട്ടി കെമിസ്ട്രിക്ക് പരാജയപ്പെടുകയെന്നത് സ്വാഭാവികമല്ലെന്ന് അദ്ധ്യാപകർ അഭിപ്രായപ്പെടുന്നു.

മറ്റെല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയിട്ടും കെമിസ്ട്രി മൂലം ഫുൾ എ പ്ലസ് വിഭാഗത്തിൽപ്പെടാതെ പോയ കുട്ടികൾ നിരവധിയാണ്. കഴിഞ്ഞ രണ്ടാം വർഷ ഉത്തരസൂചികയിലെ വീഴ്ചകൾ അദ്ധ്യാപകർ ഏകസ്വരത്തിൽ ചൂണ്ടിക്കാട്ടിയിട്ടും സമീപനം മാറ്റാൻ വകുപ്പ് തയാറായില്ലെന്ന് അദ്ധ്യാപകർ പരാതിപ്പെടുന്നു.

പുനർമൂല്യനിർണയത്തിൽ 2 മാർക്ക് വ്യതിയാനമുണ്ടായാൽപ്പോലും മൂല്യനിർണയം നടത്തിയ അദ്ധ്യാപകരെ പീഡിപ്പിക്കുകയും, മൂല്യനിർണയത്തിന്റെ വേതനം മുഴുവൻ തിരിച്ച് പിടിക്കുകയും ചെയ്യുന്ന സാഹചര്യമാണ്.

അർഹമായ മാർക്ക് ലഭ്യമാകുന്നതിൽ ഉത്തരസൂചികയുടെ പങ്ക് പ്രധാനമാണ്. സ്‌കീം ഫൈനലൈസേഷനിൽ രാഷ്ട്രീയം കലർത്തി അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ദ്രോഹിക്കുകയാണ്. എൻജിനിയറിംഗ് പ്രവേശനത്തിന്റെ ഭാഗമായി കേരള സിലബസിൽ എ പ്ലസുകാരുടെ എണ്ണം കുറയ്ക്കാൻ സി.ബി.എസ്.ഇ വിദ്യാഭ്യാസ ലോബികളുടെ ശ്രമമുണ്ട്. ലോബികളുടെ പിണിയാളായി പ്രവർത്തിച്ച ഉദ്യോഗസ്ഥന്മാർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണം

-എസ്.മനോജ്, എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി

-

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.