SignIn
Kerala Kaumudi Online
Thursday, 25 April 2024 6.30 PM IST

ആധാർ പിശകിൽ ഓപ്പറേറ്റർ നൽകേണ്ടത് വലിയ വില

s

ആധാർ രേഖകളിലെ തെറ്റിന്റെ പേരിൽ നടപടി ഓപ്പറേറ്റർമാർക്കെതിരെ മാത്രം

ആലപ്പുഴ : ആധാർ കാർഡിന്റെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തുന്നുണ്ടെങ്കിലും ഇതിനായി വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഓപ്പറേറ്റർമാർക്ക് യാതൊരു സുരക്ഷയും ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. ജില്ലയിൽ വി​വി​ധകേന്ദ്രങ്ങളിലായി 600ൽ അധികം ഓപ്പറേറ്റർമാരാണ് നിലവിലുള്ളത്. തങ്ങളുടേതല്ലാത്ത ചെറിയ പിഴവ് വന്നാൽ പോലും, കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ഓപ്പറേറ്റർമാർ പിഴയടക്കേണ്ടിവരികയും സസ്പെൻഷനിലാവുകയും ചെയ്യും. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ജില്ലയിൽ 100ൽ അധികം ഓപ്പറേറ്റർമാർ വിവിധ കാരണങ്ങളാൽ കരിമ്പട്ടികയിൽ ഉൾപ്പെട്ട് പുറത്തായി​.

ആധാർ കാർഡ് ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന രേഖ പരിശോധിച്ച് എന്റർ ചെയ്യുന്നതിൽ ചെറിയ പിഴവ് സംഭവിച്ചാൽ ഓപ്പറേറ്റർമാരിൽ നിന്ന് 500രൂപ മുതൽ 10000 രൂപവരെയാണ് പിഴ ഈടാക്കുന്നത്. എന്നാൽ ഈ രേഖ പരിശോധിക്കുന്ന വെരിഫയർക്ക് എതിരെ നടപടിയില്ല. നേരിട്ട് യു.ഐ.ഡി.എ.ഐ (യൂണിക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യ) അധികാരികളോട് പരാതി പറയാൻ ഓപ്പറേറ്റർമാർക്ക് അവകാശവും ഇല്ല. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ കീഴിലാണ് യു.ഐ.ഡി.എ.ഐ പ്രവർത്തിക്കുന്നത്.

എല്ലാ ആധാർ കേന്ദ്രങ്ങളിലും ഓപ്പറേറ്റർമാരെ കൂടാതെ വെരിഫയറും ഉണ്ടായിരിക്കും. ആധാറിനായുള്ള രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വെരിഫയർമാരാണ്. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, അക്ഷയ സെന്ററുകൾ എന്നിവടങ്ങളിലാണ് പ്രധാനമായും ആധാർ കേന്ദ്രങ്ങളുള്ളത്.

ഓപ്പറേറ്റർ നിയമനം

 പ്ളസ് ടുവരെ പഠിച്ചവരെയാണ് ഓപ്പറേറ്ററായി നിയമിക്കുന്നത്.

 ജില്ലാ അക്ഷയപ്രോഗ്രാം ഓഫീസ്, രജിസ്ട്രാർ (കരാറുകാർ) വഴിയാണ് നിയമനം.

 ഓപ്പറേറ്റർമാർക്ക് ശമ്പളം നൽകുന്നത് രജിസ്ട്രാർമാരാണ്

 യു.ഐ.ഡി.എ.ഐക്ക് കീഴിൽ സംസ്ഥാന സർക്കാർ, ബാങ്കുകൾ, വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയാണ് രജിസ്ട്രാർമാരായി പ്രവർത്തിക്കുന്നത്.

 ചില ബാങ്കുകൾ 2,500രൂപ വേതനം നൽകുമ്പോൾ മറ്റു ചില ബാങ്കുകളിൽ നിന്ന് 8,500രൂപ വരെ ലഭിക്കും.

 അക്ഷയകേന്ദ്രങ്ങളിൽ ഉടമകൾ വേതനം നിശ്ചയിക്കും.

600 : ജില്ലയിൽ അറുന്നൂറിലധികം ഓപ്പറേറ്റർമാർ

100 : അഞ്ചുവർഷത്തിനിടയിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ട ഓപ്പറേറ്റർമാർ

പരിശീലനത്തിന്റെ അഭാവം

കാലാകാലങ്ങളിൽ കൃത്യമായ പരിശീലനം ഇല്ലാത്തതും യു.ഐ.ഡി.എ.ഐ നൽകുന്ന അറിയിപ്പുകൾ ലഭിക്കാത്തതുമാണ് ഓപ്പറേറ്റർമാർ കരിമ്പട്ടികയിൽ ഉൾപ്പെടാനുള്ള പ്രധാന കാരണം. ആധാറിനായി ഉപയോഗിച്ച രേഖയിലെ പോരായ്മയുടെ തീവ്രത അനുസരിച്ച് 50 മുതൽ 10,000 രൂപ വരെ യു.ഐ.ഡി.എ.ഐ പിഴ ചുമത്തും. പിഴത്തുക ഓപ്പറേറ്റർമാരുടെ ശമ്പളത്തിൽ നിന്ന് ഏജൻസികൾ ഈടാക്കും. രജിസ്ട്രാർമാരുടെ കീഴിലുള്ള എൻറോൾമെന്റ് ഏജൻസികളാണ് ആധാർ കേന്ദ്രങ്ങൾ ക്രമീകരിച്ച് ഓപ്പറേറ്റർമാരെ നിയമിക്കുന്നത്. പോസ്റ്റ് ഓഫീസുകളിൽ ഒഴികെ അക്ഷയ കേന്ദ്രങ്ങളിലും, ബാങ്കുകളിലും ആധാർ സേവനത്തിനായി കരാർ നിയമനമാണ് നടത്തിയിട്ടുള്ളത്. യു.ഐ.ഡി.എ.ഐയുമായോ രജിസ്ട്രാർമാരുമായോ ഓപ്പറേറ്റർമാർക്ക് നേരിട്ട് ബന്ധമില്ല.

മാനേജർ പറഞ്ഞു, പണി

കിട്ടിയത് ഓപ്പറേറ്റർക്കും!

രാജ്യത്ത് സ്ഥിരമായി ആറുമാസം താമസിക്കുന്ന രേഖകൾ ഹാജരാക്കിയാൽ ആധാർ നൽകാനാണ് നിയമം. സമീപകാലത്ത് ഒരു ബാങ്കിൽ വിദേശ മലയാളി മകന് ആധാർ എടുക്കാനെത്തി. മാനേജർ രേഖകൾ പരിശോധിച്ച ശേഷം ആധാർ നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. വിദേശത്തു നിന്നെടുത്ത പാസ്പോർട്ട് ആയതിനാൽ നിയമപരമായി ആധാർ നൽകാൻ കഴിയില്ലെന്ന് ഓപ്പറേറ്റർ ചൂണ്ടിക്കാട്ടി. നിയമിച്ച ഞാൻ പറയുന്നത് അനുസരിക്കാൻ ബാങ്ക് മാനേജർ നിർദേശിച്ചു. മാനേജരുടെ വാക്കു കേട്ട ഓപ്പറേറ്റർക്ക് കിട്ടിയത് ഭാരിച്ച പിഴയും സസ്പെൻഷനും.


" ആധാർ കേന്ദ്രങ്ങളിൽ ഓപ്പറേറ്റർമാരെ കൂടാതെ ഒരു വെരിഫയറും ഉണ്ട്. ആധാറിനായി രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വെരിഫയർമാരാണ്. രേഖകളിലെ പോരായ്മ കാരണം അപേക്ഷ നിരസിക്കപ്പെട്ടാൽ പിഴയും നിയമനടപടികളും ഓപ്പറേറ്റർക്ക് മാത്രമാണ് ലഭിക്കുന്നത്. ഇത്തരം സാഹചര്യം ഒഴിവാക്കണം.

- രഞ്ചു, ഓപ്പറേറ്റർ, കൃഷ്ണപുരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.