ആലപ്പുഴ: ജില്ലയിലെ ദന്താരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പുകയില വർജന കൗൺസലിംഗ് കേന്ദ്രങ്ങൾ തുറന്നു. ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര, ചെങ്ങന്നൂർ ജില്ലാ ആശുപത്രികൾ, കായംകുളം, പുളിങ്കുന്ന്, ഹരിപ്പാട്, ചേർത്തല താലൂക്ക് ആശുപത്രികൾ, തുറവൂർ, മാന്നാർ, അരൂക്കുറ്റി സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ, ചെട്ടികാട് റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്റർ, നൂറനാട് ലെപ്രസി സാനറ്റോറിയം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ ആരംഭിച്ചത്. തിങ്കൾ മുതൽ വെള്ളി വരെ ഉച്ചയ്ക്ക് 12 മുതൽ ഒന്നു വരെയും ശനിയാഴ്ച രാവിലെ ഒൻപതു മുതൽ ഒന്നു വരെയും സേവനം ലഭ്യമാണ്. ജനറൽ ആശുപത്രിയിലെ ക്ലിനിക്ക് നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രമേശ്, ആശുപത്രി സൂപ്രണ്ട് ഡോ.രാജൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ അനു വർഗീസ്, ഡോ.കെ.കെ.ദീപ്തി, ശ്വാസകോശ രോഗവിദഗ്ദ്ധൻ ഡോ.വേണുഗോപാൽ, ജില്ലാ മാസ് മീഡിയ ഓഫീസർ പി.എസ്.സുജ, ടെക്നിക്കൽ അസിസ്റ്റന്റ് പി.ടി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |