SignIn
Kerala Kaumudi Online
Thursday, 25 April 2024 5.17 AM IST

കമന്ററിയിലാണ് ബാക്കി കാര്യങ്ങളെല്ലാം!

nagavally
നാഗവള്ളി ആർ.എസ്.കുറുപ്പ്

ആലപ്പുഴ: കമന്ററിയില്ലാത്ത വള്ളംകളി സങ്കല്പിക്കാനാവുമോ! വള്ളങ്ങളുടെ പോരിന്റെ ആവേശം കരയിൽ അലതല്ലണമെങ്കിൽ കമന്ററി അനിവാര്യമാണ്. ട്രാക്കിലെ കാഴ്ച വെറുതേ വിവരിക്കുന്നതല്ല വള്ളംകളി കമന്ററി. അതിനൊരു താളമുണ്ട്, വേഗമുണ്ട്, വായ്മൊഴി വഴക്കമുണ്ട്. വള്ളത്തേക്കാൾ വേഗത്തിൽ വാക്കുകളും വാചകങ്ങളും കമന്റേറ്ററിൽ നിന്ന് ഒഴുകിയെത്തിയാൽ മാത്രമേ വള്ളംകളിക്കൊരു പൂർണതയുണ്ടാവൂ.

പണ്ഡിറ്റ് ജവഹർലാർ നെഹ്റു അയച്ചു കൊടുത്ത വെള്ളിക്കപ്പിന് വേണ്ടി പോരാട്ടമാരംഭിച്ച നാൾമുതൽ കമന്ററിയും ജലോത്സവത്തിനൊപ്പമുണ്ട്. ആറര പതിറ്റാണ്ട് മുമ്പ് ആകാശവാണിയിലാണ് കമന്ററി പ്രക്ഷേപണം ആരംഭിച്ചത്. കാഴ്ചകളെ വാക്കുകൾ കൊണ്ട് വരച്ചു കാണിക്കുന്നതിന് പരിമിതികൾ ഇല്ലാതാക്കി, ചുണ്ടൻ വള്ളങ്ങളുടെ പടക്കുതിപ്പിന്റെ ചൂടും ചൂരും കാണികളുടെ ആവേശമാക്കി മാറ്റാൻ ഇന്നും ദൃക്സാക്ഷി വിവരണക്കാർക്ക് സാധിക്കുന്നു.

# തുടങ്ങിവച്ചത് നാഗവള്ളി

ജവഹർലാൽ നെഹ്റുവിന്റെ പേരിലേർപ്പെടുത്തിയ ആദ്യ വള്ളംകളി അരങ്ങേറിയത് 1954ൽ മീനപ്പള്ളി കായലിലാണ്. പിന്നീട് പുന്നമടയിലേക്ക് വഴിമാറിയെത്തിയ മത്സരത്തിന്റെ ആവേശം മനസിലേറ്റിയ സാഹിത്യകാരനും ആകാശവാണിയിൽ കായിക വാർത്താവിഭാഗത്തിന്റെ ചുമതലക്കാരനുമായ നാഗവള്ളി ആർ.എസ്.കുറുപ്പ് ആകാശവാണി അധികൃതർക്ക് മുന്നിൽ തത്സമയ ദൃക്സാക്ഷി വിവരണമെന്ന അഭ്യർത്ഥന വച്ചു. ആദ്യം നിരസിക്കപ്പെട്ടെങ്കിലും വള്ളംകളി സംഘാടകരെയും കായികാദ്ധ്യാപകരെയും സ്റ്റാർട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും വിന്യസിച്ച്, ദൃക്സാക്ഷി വിവരണത്തിന്റെ ആദ്യ 'ഹീറ്റ്സ്' സാദ്ധ്യമാക്കി. കമന്ററി ബോക്സിൽ നിന്ന് തിരുവനന്തപുരം നിലയത്തിലേക്ക് കാൾ ബുക്ക് ചെയ്തായിരുന്നു പ്രക്ഷേപണം. നാഗവള്ളി തന്നെ ആദ്യ ദൃക്സാക്ഷി വിവരണക്കാരനായി. അക്കാലത്തെ ഡെപ്യൂട്ടി കളക്ടർ എൻ.ടി.ചെല്ലപ്പൻ നായരും, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജായിരുന്ന കെ.പി.എം.ഷെരീഫും വിവരണത്തിന് ഒപ്പം കൂടി. എഴുപതുകളുടെ അവസാനം വരെയും വിവരണത്തിന്റെ അമരത്ത് നാഗവള്ളി തിളങ്ങി നിന്നു.

# ആവേശമാണവർ, ഇപ്പോഴും

'അരയൊന്നിളക്കി...തലയൊന്ന് ചരിച്ച്... തുഴയൊന്ന് മുറുക്കി...കുനിഞ്ഞ് കുത്തി ആഞ്ഞു വലിച്ച് കപ്പിലൊന്നു മുത്തമിടാനായി പാഞ്ഞടുക്കുകയാണ് ജലരാജാക്കന്മാർ... അവരുടെ ആവേശം കണ്ടോ... ആ കരുത്തു കണ്ടോ, ഇത് കുട്ടനാടിന്റെ കാഴ്ചയാണ്... ഓ...തിത്തിത്താരാ തിത്തിത്തെയ്യ്...തിത്തെയ് തക തെയ് തെയ് തോം...'

വിവരണത്തിനൊപ്പം കുട്ടനാടൻ ശൈലിയിൽ വഞ്ചിപ്പാട്ടും നാടൻപാട്ടും പാടി ജനഹൃദയങ്ങളിൽ ഇടം പിടിച്ച കമന്റേറ്ററാണ് ആലപ്പുഴ പുന്നമട സ്വദേശി വി.വി.ഗ്രിഗറി. ഭാവനയുടെ കാൻവാസിൽ വാക്കുകൾ കൊണ്ട് ചിത്രം വരച്ചിരുന്ന മറ്റൊരു കമന്റേറ്ററാണ് പി.ഡി.ലൂക്ക്. നെഹ്രുട്രോഫി കമന്ററിയിലെ 'ഇരട്ട'കളാണ് ഇവർ. ഗ്രിഗറിയുടെ കമന്ററിക്കിടെ 'ഇനി മൈക്ക് ഞാൻ ലൂക്കിന് കൈമാറുന്നു' എന്നുള്ള പറച്ചിൽ പല സൗഹൃദ വേദികളിലും ഇപ്പോഴും പ്രയോഗിക്കാറുണ്ട്.

നാഗവള്ളിക്ക് പിന്മുറക്കാരനായി ദൃക്സാക്ഷി വിവരണത്തിന്റെ അമരം ഏറ്റെടുത്ത ശ്യാമളാലയം കൃഷ്ണൻനായർ, സതീഷ് ചന്ദ്രൻ, രവീന്ദ്രൻ നായർ, പ്രൊഫ പി.ബാലചന്ദ്രൻ, ചുങ്കം സോമൻ, പി.എസ്.സോമശേഖരൻ, ഡാരിസ്, ശിവരാമൻനായർ, ജോ ജോസഫ് തായങ്കരി, കുറിച്ചി രാജശേഖരൻ, കെ.എസ്.വിജയനാഥ്, പ്രൊഫ ചെറിയാൻ അലക്സാണ്ടർ, ഷാജി ചേരമൺ, ജോളി എതിരേറ്റ്, അഡ്വ.പ്രഭു മാത്യു തുടങ്ങി വാക്കുകൾ കൊണ്ട് വള്ളംകളിയെ വർണിച്ച കമന്റേറ്റർമാർ നിരവധിയാണ്.

# കളിയല്ല കമന്ററി

ഓരോ വള്ളത്തെയും കരകളെയും സമിതികളെയും അടിമുടി മനസിലാക്കിയാണ് കമന്റേറ്റർ മൈക്കിന് മുന്നിലെത്തുന്നത്. ട്രാക്കിലെ സ്ഥാനത്തിനനുസരിച്ച് വള്ളങ്ങളെ വിശദീകരിക്കുമ്പോൾ അവയുടെ അതുവരെയുള്ള ചരിത്രവും രസകരമായി പറഞ്ഞുപോകണം. അമരം മുതൽ അണിയം വരെ വിശദീകരിക്കാനുള്ള ഗ്രാഹ്യം വേണം.

# ഈ ട്രാക്കിലില്ല, വനിതകൾ

കമന്ററി പയറ്റാൻ പൊതുവേ സ്ത്രീകൾ കടന്നു വരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കമന്റേറ്റർ കൂടിയായിരുന്ന പ്രൊഫ. പി.ബാലചന്ദ്രന്റെ മകളും ഐ.പി.എസുകാരിയുമായ റാണിയാണ് വർഷങ്ങൾക്ക് മുമ്പ് കമന്ററി രംഗത്തെത്തിയ ആദ്യ സ്ത്രീ സാന്നിദ്ധ്യം. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഇംഗ്ലീഷ് കമന്ററിയുമായി പ്രൊഫസർ ചെറിയാൻ അലക്സാണ്ടറിനൊപ്പം മകൾ സുമി ചെറിയാനുമുണ്ട്.

നാളെ: കളിയല്ല വള്ളമൊരുക്കൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.