SignIn
Kerala Kaumudi Online
Saturday, 20 April 2024 12.42 AM IST

'ആർറാടുക'യാണവർ കരയിൽ!

audience
നെഹ്റുട്രോഫി

# ക്ളബ്ബുകളുടെയും വള്ളങ്ങളുടെയും ഫാൻസുകാർ സജീവം

ആലപ്പുഴ: അടർക്കളം അടക്കി വാഴാൻ കൊല്ലം ജീസസ് ക്ലബ്, തള്ളിപ്പറഞ്ഞവരെക്കൊണ്ട് കൈയടിപ്പിക്കാൻ കുമരകം ടൗൺ ബോട്ട് ക്ലബ്, ഒന്നൊന്നര വിലസ് വിലസാൻ ഫ്രീഡം ബോട്ട് ക്ലബ്, കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാൻ കഴിവുള്ളവർ പടവിലുണ്ട്; യു.ബി.സി കൈനകരി...

ട്രാക്കിൽ തീ പടരാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ സാമൂഹിക മാദ്ധ്യമങ്ങളിൽ ക്ളബ്ബുകളുടെ ഫാൻസുകാർ 'ആർറാടുക'യാണ്! ജലോത്സവങ്ങളുടെ തുടക്കകാലം മുതൽ ഫാൻസും രംഗത്തുണ്ട്. ചുണ്ടനും ക്ലബിനും വെവ്വേറെയുണ്ട് ആരാധക കൂട്ടായ്മകൾ. പണ്ടൊക്കെ ടീമിന് ആവശം പകരാനുള്ള സംഘമെന്ന നിലയിൽ അണിയറയിൽ ഒതുങ്ങി നിന്നിരുന്നവർ ഇപ്പോൾ അരങ്ങിലുണ്ട്. ക്ളബ്ബുകളുടെ മുഖ്യ സാമ്പത്തിക സ്രോതസുകളാണ് ഫാൻസുകാർ. ഏഴാംകടലിനക്കരെ നിന്നും ആവേശം കടലലപോലെ പുന്നമടയിലെത്തും. വിദേശ മലയാളികളാണ് ഫാൻസ് ക്ളബ്ബുകളുടെ നട്ടെല്ല്.

മികച്ച ബോട്ട് ക്ലബുകൾ വള്ളമെടുക്കണമെങ്കിൽ അങ്ങോട്ട് പണം നൽകുന്ന സമ്പ്രദായത്തിലേക്ക് ചുവടുമാറ്റം സംഭവിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ചുണ്ടൻ ഫാൻസ് ക്ലബ് അംഗങ്ങൾ സ്വന്തം കൈയിൽ നിന്ന് പണമിറക്കിയും വിവിധ നറുക്കെടുപ്പ് മത്സരങ്ങളടക്കം നടത്തിയും തുക കണ്ടെത്തുന്നത്. നാടുനീളെ ഫ്ലക്സുകൾ സ്ഥാപിക്കുന്നതും മറ്റ് പ്രചാരണ പരിപാടികളും ഫാൻസ് ക്ലബ്ബുകളുടെ ചുമതലയാണ്. പ്രതിദിന ട്രയൽ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കാൻ കാമറാമാൻമാരെയടക്കം നിയോഗിച്ചിട്ടുണ്ട്. ലോഗോ പതിച്ച ടീ ഷർട്ടുകളടക്കം പുറത്തിറക്കിയും ക്ലബ് പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്. ട്രാക്കിലെ കുതിപ്പിനെക്കാൾ വലിയ പോരാട്ടവും പോർവിളികളുമാണ് ഫാൻസ് ക്ലബ്ബുകൾക്കിടയിൽ.

# കണക്കു തെറ്റിയാൽ കനത്ത നഷ്ടം

മഴയും പ്രളയവും ജലോത്സവ ക്ലബ്ബുകളിൽ ഭീതിയുടെ തുഴയിടാൻ തുടങ്ങിയിട്ട് നാളേറെയായി. ജലോത്സവ തീയതിയിൽ മാറ്റമുണ്ടായാൽ ഭാരിച്ച നഷ്ടമാണ് ക്ലബ്ബുകൾ നേരിടേണ്ടി വരിക. ഓരോ ദിവസവും പരിശീലനവും വ്യായാമവും, ഭക്ഷണവുമടക്കം ക്യാമ്പുകൾ നടത്തിക്കൊണ്ടുപോകാൻ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഒരു ദിവസമെങ്കിലും തീയതി നീണ്ടുപോയാൽ സാധാരണ ക്ലബുകൾക്ക് അതിജീവനം അസാദ്ധ്യമാകും. ഒരു മാസത്തെ പരിശീലനത്തിന് വേണ്ടി ഇതിനകം കോടികൾ പൊടിച്ച ക്ലബ്ബുകളുണ്ട്. ഏത് പ്രതിസന്ധിയിലും കൈത്താങ്ങായി ഫാൻസ് ക്ലബ്ബുകളുണ്ടെന്നത് ഓരോ ടീമിനും ഒരർത്ഥത്തിൽ ആശ്വാസമാണ്.

# യേശുവും അയ്യപ്പനും അള്ളാഹുവും!

ഓരോ വള്ളത്തിന്റെയും ട്രാക്കിലെ കുതിപ്പിന് ആക്കം കൂട്ടാൻ ഉപയോഗിക്കുന്ന വാമൊഴി ശൈലികൾ വ്യത്യസ്തമാണ്. യേശുവേ മാതാവേ, സ്വാമിയേ അയ്യപ്പോ, ബോലോ തക്ബീർ... അള്ളാഹു അക്ബർ തുടങ്ങിയ സ്ഥിരം താള പ്രയോഗങ്ങൾ പ്രാർത്ഥനാപൂർവ്വം സ്ഥിരമായി ഉപയോഗിച്ചു വരുന്നു. ക്യാപ്ടന്മാരുടെ മത വിശ്വാസത്തിനനുസൃതമായാണ് പലപ്പോഴും ഈ പ്രയോഗങ്ങൾ തിരഞ്ഞെടുക്കാറുള്ളത്.

നാളെ: കളിമാറി, കളത്തിൽ സി.ബി.എൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.