ആലപ്പുഴ: ന്യൂജെൻ കല്യാണങ്ങളുടെ 'സേവ് ദി ഡേറ്റ്' ഫോട്ടോ, വീഡിയോ ഷൂട്ടുകൾക്ക് കൂടുതൽ മിഴിവേകാനുള്ള ആലോചന പുന്നപ്ര മൊമന്റ് വെഡ്ഡിംഗ് സ്റ്റുഡിയോ ഉടമയായ തകഴി തെന്നടി ശ്രീമന്ദിരത്തിൽ ഉമേഷ് ഉണ്ണിക്കൃഷ്ണൻ (29) എന്ന ഫോട്ടോഗ്രാഫറെ സംഗീതോപകരണങ്ങളുടെ ലോകത്താണ് എത്തിച്ചത്.
വധൂവരന്മാരുടെ വിവിധ പോസുകൾക്കൊപ്പം ഫോട്ടോയിൽ ഇടം നേടുന്ന വാദ്യോപകരണങ്ങൾ ചിത്രത്തിനും വീഡിയോയ്ക്കും കൂടുതൽ ഭംഗിയേകും. ഷൂട്ടിന് വേണ്ടി വീണ വാടകയ്ക്ക് ലഭിക്കുമോയെന്ന് നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് സ്വന്തമായി വീണയുടെ മോഡൽ നിർമ്മിക്കാമെന്ന് തീരുമാനിച്ചത്. ചെറുപ്പം മുതൽ ഒപ്പമുള്ള കലാവാസന തുണയായി. വീണ അടുത്തു കണ്ടിട്ടില്ലാത്ത ഉമേഷ്, ഇമേജുകളുടെ സഹായത്തോടെ രൂപരേഖ വരച്ച് തടി, കാർഡ് ബോർഡ്, കമ്പി, കളർ തുടങ്ങി വിവിധ മാദ്ധ്യമങ്ങൾ ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന ഭംഗിയിൽ ആദ്യത്തേത് നിർമ്മിച്ചു. വീണയുടെ അഴകിൽ പല വിവാഹ ഫോട്ടോകളും വൈറലായതോടെ മറ്റ് ഫോട്ടോഗ്രാഫർമാരും വീണ തേടി എത്തി. അങ്ങനെയാണ് അടുത്ത ഉപകരണമായ സിത്താർ നിർമ്മിച്ചത്.
കഴിഞ്ഞ ഒരു വർഷം പല ഫോട്ടോ, വീഡിയോ ഷൂട്ടുകളിലും തിളങ്ങിയ വീണയും സിത്താറും ഉമേഷ് തന്റെ ഇടവേളകളിൽ തീർത്ത വിസ്മയമാണെന്ന് അറിയുന്നവർ ചുരുക്കമാണ്. ഗിറ്റാറിന്റെ പണിപ്പുരയിലാണിപ്പോൾ. ചിത്രങ്ങൾ അതീവ സൂക്ഷ്മതയോടെ നിരീക്ഷിച്ചാണ് ഓരോന്നും നിർമ്മിക്കുന്നത്. സഹായത്തിന് ആശാരിയായ അച്ഛൻ ഉണ്ണിക്കൃഷ്ണനും അമ്മ ശ്രീദേവിയുമുണ്ട്.
# ഒഴിവു സമയത്തെ തിരക്ക്!
ഉമേഷും സഹോദരൻ ഉമാകാന്തും ചേർന്നാണ് സ്റ്റുഡിയോ നടത്തുന്നത്. വീഡിയോ എഡിറ്റിംഗിൽ കൂടുതൽ താൽപര്യമുള്ള ഉമേഷ് രാത്രിയിലുൾപ്പെടെ ലഭിക്കുന്ന ഒഴിവു വേളകളിലാണ് പണിപ്പുരയിലേക്ക് കയറുന്നത്. കേവലം ഒരാഴ്ചകൊണ്ട് തീരേണ്ട നിർമ്മാണത്തിനു പോലും ഒരു മാസത്തോളം വേണ്ടിവരും. കൊവിഡ് കാലത്ത് ഫോട്ടോഗ്രഫി വർക്കുകൾ ഒന്നും ഇല്ലാതിരുന്ന സമയത്ത് ചിത്രങ്ങൾ വരച്ച് നൽകി തരക്കേടില്ലാത്ത വരുമാനം ഉമേഷ് സമ്പാദിച്ചിരുന്നു.
കല്യാണ ഫോട്ടോകളെയും വീഡിയോകളെയും എങ്ങനെ കൂടുതൽ മനോഹരമാക്കാമെന്ന ചിന്തയാണ് സംഗീതോപകരണങ്ങളിലെത്തിച്ചത്. ഒറിജിനൽ വാടകയ്ക്ക് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മോഡൽ നിർമ്മിച്ചത്. ഇത്ര ഭംഗിയായി ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. മുൻ ഫോട്ടോ ഷൂട്ടുകൾക്ക് ഉപയോഗിച്ചതിനാൽ വീണയും സിത്താറും മാറ്റി ഗിറ്റാറാണ് അടുത്തതായി രംഗത്തിറക്കുന്നത്
ഉമേഷ് ഉണ്ണിക്കൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |